ഐഎസ് ഭീകരുടെ കണ്ണ് വെട്ടിച്ച് ദിവ്യകാരുണ്യവുമായി രക്ഷപ്പെട്ട ഒരു സെമിനാരിക്കാരന്റെ കഥ

ഐഎസ് ഭീകരുടെ കണ്ണ് വെട്ടിച്ച് ദിവ്യകാരുണ്യവുമായി രക്ഷപ്പെട്ട ഒരു സെമിനാരിക്കാരന്റെ കഥ

വര്‍ഷം 2014 ഓഗസ്റ്റ്  ആറ് .

അന്ന് ആ ഫോണ്‍ കോള്‍ വരുമ്പോള്‍ മാര്‍ട്ടിന്‍ ബാന്നിക്ക് 24 വയസായിരുന്നു പ്രായം. സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.. സുഹൃത്താണ് അക്കാര്യം അറിയിച്ചത് ഐഎസ് ഓരോ ഗ്രാമങ്ങളെയും നഗരങ്ങളെയും കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇനി അവര്‍ കീഴ്‌പ്പെടുത്താന്‍ പോകുന്നത് കരാംലേഷ് ആയിരിക്കും.

അവര്‍ വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ബാന്നിക്ക് നന്നായിട്ടറിയാമായിരുന്നു. അവിടുത്തെ വികാരിയച്ചനും. ഭീകരര്‍ ദേവാലയം ആക്രമിക്കും. ദിവ്യകാരുണ്യം അപമാനിക്കും. അതുകൊണ്ട് ദിവ്യകാരുണ്യം സംരക്ഷിക്കണം. അതിനെ അപമാനിക്കാന്‍ ഇട കൊടുക്കരുത്.മാര്‍ട്ടിന്‍ ബാന്നി വേഗം ചെന്ന് ദിവ്യകാരുണ്യം കൈയിലെടുത്തു. വികാരിയച്ചന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. അവര്‍ വേഗം അവിടെ നിന്ന് സ്ഥലം വിടാന്‍ തീരുമാനിച്ചു. മൂന്ന് വൈദികരും വാഹനത്തിലുണ്ടായിരുന്നു.

കരാംലേഷ് വിട്ടുപേക്ഷിച്ച അവസാനത്തെ ആള്‍ ഞാനായിരുന്നു. എന്റെ കൈയില്‍ ദിവ്യകാരുണ്യവുമുണ്ടായിരുന്നു. ഇന്ന് വൈദികനായി മാറിയ ബാന്നി പറയുന്നു.

ആക്രമണങ്ങള്‍ക്കിടയിലും ഇറാക്കില്‍ തന്നെ തുടരാനാണ് ബാന്നി തീരുമാനിച്ചത്. എര്‍ബില്‍ സെന്റ് പീറ്റേഴസ് സെമിനാരിയില്‍ അദ്ദേഹം പഠനം തുടര്‍ന്നു. 2016 സെപ്തംബറില്‍ മറ്റ് ആറുപേര്‍ക്കൊപ്പം വൈദികനായി. കല്‍ദായ കത്തോലിക്ക സഭാധ്യക്ഷന്‍ ലൂയിസ് റാഫേല്‍ സാക്കോയായിരുന്നു മുഖ്യകാര്‍മ്മികന്‍. അഞ്ഞൂറോളം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ദിവ്യകാരുണ്യവുമായി സെമിനാരിക്കാരനായി രക്ഷപ്പെട്ടോടിയ ബാന്നി തിരികെ അവിടേക്ക് വന്നത് വൈദികനായി ദിവ്യകാരുണ്യം വിശ്വാസികള്‍ക്ക് നല്കാനായിരുന്നു.

ഞങ്ങള്‍ ക്രൈസ്തവഅഭയാര്‍ത്ഥികളാണ്. ഇറാക്കില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കാനാണ് ഐഎസ് ശ്രമിക്കുന്നത്. എന്നാല്‍ ഇറാക്കില്‍ തന്നെ തുടരാനായിരുന്നു എന്റെ തീരുമാനം. കാരണം ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ ചരിത്രം അപ്രത്യക്ഷമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫാ. ബാന്നി പറയുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഐഎസ് നിയന്ത്രണത്തില്‍ നിന്ന് നിനവെ പ്ലെയ്‌നിലെ ഗ്രാമങ്ങള്‍ വിമുക്തമായി. അപ്പോഴും ഇറാക്കില്‍ തന്നെ തുടരാനായിരുന്നു തീരുമാനം. എന്റെ ആളുകളെ ശുശ്രൂഷിക്കുക.എന്റെ സഭയെ ശുശ്രൂഷിക്കുക. ഇപ്പോള്‍ ഞാന്‍ അത്യധികം സന്തോഷവാനാണ്, ഇറാക്കില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍. ബാന്നിയുടെ വാക്കുകള്‍.

എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തില്‍ തകര്‍ക്കപ്പെട്ട 13,000 ക്രൈസ്തവഭവനങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login