കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ഈ സംഭവം നടന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അക്കാലത്തായിരുന്നു. അവളുടെ പ്രിയ കാമുകന്‍ അവളെ ഉപേക്ഷിച്ചുപോയി. പല വിധത്തില്‍ നോക്കിയിട്ടും അയാളുടെ സ്‌നേഹം തിരിച്ചുപിടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

ഒടുവില്‍ അവള്‍ക്കൊരു ഉപായം തോന്നി. ഒരു ദുര്‍മന്ത്രവാദിനിയെ സമീപിക്കുക. ആഭിചാര പ്രക്രിയയിലൂടെയെങ്കിലും കാമുകനെ സ്വന്തമാക്കുക.കാമുകനെ തിരിച്ചുതരാം എന്ന് മന്ത്രവാദിനി സമ്മതിച്ചു. പക്ഷേ അതിന് വിലയായി അവര്‍ ആവശ്യപ്പെട്ടത് വലിയൊരു കാര്യമായിരുന്നു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി കൊണ്ടുവരണം.

യുവതിയെ സംബന്ധിച്ച് അത് സാധ്യമായിരുന്നു. കാരണം അവള്‍ ഒരു കത്തോലിക്കയായിരുന്നു. അടുത്ത ദിവസം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച അവള്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. എന്നാല്‍ അത് അവള്‍ അതിവിദഗ്ദമായി വായ്ക്കുള്ളില്‍ സൂക്ഷിച്ച് പുറത്തേക്കിറങ്ങി തിരുവോസ്തി ഒരു തുണിയില്‍ പൊതിഞ്ഞു.

മന്ത്രവാദിനിയെ കാണാനാണ് അവള്‍ നേരെ പോയത്. പക്ഷേ അന്ന് അവരെ കാണാന്‍സാധിച്ചില്ല. മൂന്നുദിവസം കഴിഞ്ഞ് തുണി അഴിച്ചുനോക്കിയ യുവതി ഞെട്ടിപ്പോയി, മന്ത്രവാദിനിയും. വെള്ള നിറത്തിലുള്ള തിരുവോസ്തി പ്രതീക്ഷിച്ച്  തുറന്നുനോക്കിയ അവര്‍ കണ്ടത് ചോരയൊഴുകുന്ന തിരുവോസ്തിയായിരുന്നു. യേശുക്രിസ്തു സത്യമായും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണെന്ന് ആ യുവതി തിരിച്ചറിഞ്ഞു. അവള്‍ വലിയ നിലവിളിയോടെ പള്ളിയിലേക്കോടി. താന്‍ ചെയ്ത തെറ്റ് അവള്‍ ഏറ്റുപറഞ്ഞു. ദുര്‍മന്ത്രവാദിനിയ്ക്കും മാനസാന്തരമുണ്ടായി.

പിന്നീട് പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഇത് അത്ഭുതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

 

You must be logged in to post a comment Login