ദിവ്യകാരുണ്യ ആരാധനയ്ക്ക് എങ്ങനെയാണ് ഒരുങ്ങേണ്ടത്?

ദിവ്യകാരുണ്യ ആരാധനയ്ക്ക് എങ്ങനെയാണ് ഒരുങ്ങേണ്ടത്?

സ്വര്‍ഗ്ഗവും ഭൂമിയും ചുംബിക്കുന്ന അസുലഭമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ദിവ്യകാരുണ്യാരാധന. എന്നാല്‍ ഓരോ ദിവ്യകാരുണ്യ ആരാധനയ്ക്കായും മുട്ടുകുത്തുമ്പോള്‍ അതിന്റെ പ്രാധാന്യം പലരും വേണ്ടവിധം മനസ്സിലാക്കാതെ പോകുന്നുണ്ടോ? എങ്ങനെയാണ് ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കേണ്ടത്? ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

1 ദൈവിക സാന്നിധ്യം തിരിച്ചറിയുക

ദിവ്യകാരുണ്യത്തില്‍ ദൈവം സന്നിഹിതനാണെന്നതാണ് കത്തോലിക്കരുടെ വിശ്വാസം. ആ വിശ്വാസം ഹൃദയത്തില്‍ നിറയ്ക്കുക. ദൈവസാന്നിധ്യത്തിന്റെ മുമ്പിലാണെന്ന ബോധ്യത്തോടെ ആദരപൂര്‍വ്വം ആ നിമിഷങ്ങള്‍ ചെലവഴിക്കുക. ദൈവത്തിന് മുമ്പില്‍ നില്ക്കാന്‍ നമുക്ക് എന്താണ് യോഗ്യത? ഭയത്തോടും വിറയലോടും കൂടിയാണ് നാം അതുകൊണ്ട് ദിവ്യകാരുണ്യത്തിന് മുമ്പില്‍ നില്‌ക്കേണ്ടത്

2 നന്ദി പറയുക

ദൈവത്തിന് നന്ദി പറയാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് ദിവ്യകാരുണ്യത്തിന് മുമ്പിലുള്ള നിമിഷങ്ങള്‍. ദൈവം നമുക്ക് നല്കിയ എത്രയോ നന്മകള്‍.. നാം ഇപ്പോള്‍ ആയിരിക്കുന്നതുപോലെയുള്ള ജീവിതാവസ്ഥകള്‍..ചിലപ്പോള്‍ നാം ഇപ്പോഴത്തെ അവസ്ഥകളില്‍ സംതൃപ്തരായിരിക്കുകയില്ല. പക്ഷേ ഒന്നോര്‍ക്കണം ദൈവം നമുക്കായി നല്കിയ ഈ അനുഗ്രഹങ്ങളൊന്നുപോലും ലഭിച്ചിട്ടില്ലാത്ത എത്രയോ പേരുണ്ട് നമുക്ക് ചുറ്റിനും? നമുക്ക് ലഭിച്ചതുപോലെയുള്ള അനുഗ്രഹം ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍. എന്നിട്ടും ദൈവം നമ്മെയാണ് അതിന് വിളിച്ചിരിക്കുന്നത്. ആ നല്ല ദൈവത്തിന് നാം നന്ദിപറയണം. അതിനുള്ള ഏറ്റവും നല്ല വേളതന്നെയാണ് ഇത്.

3 അപേക്ഷകള്‍ സമര്‍പ്പിക്കുക

ദൈവത്തിന് മുമ്പില്‍ നമുക്കെന്തെല്ലാം അര്‍ത്ഥനകളാണ് ഉണര്‍ത്തിക്കുവാനായിട്ടുള്ളത്. നമ്മുടെ നിയോഗങ്ങള്‍..നമ്മുടെ പ്രിയപ്പെട്ടവരുടെ നിയോഗങ്ങള്‍.. ലോകം മുഴുവന്റെയും ആവശ്യങ്ങള്‍..ഇവയെല്ലാം സമര്‍പ്പിക്കാനുള്ള ഏറ്റവും നല്ല അവസരം തന്നെയാണ് ദിവ്യകാരുണ്യാരാധനയുടെ നിമിഷങ്ങള്‍.

4 പാപപൊറുതി അപേക്ഷിക്കുക

നമ്മുടെയും ലോകത്തിന്റെയും മുഴുവന്‍ പാപങ്ങള്‍ക്ക് വേണ്ടി മാപ്പപേക്ഷിക്കുക. നമ്മുടെ സങ്കടങ്ങള്‍ പറയുക.. പാപങ്ങളെയോര്‍ത്ത് മാപ്പ് ചോദിക്കുക.

ഇങ്ങനെ ഈ നാലുഘട്ടങ്ങളിലൂടെ ദിവ്യകാരുണ്യാരാധന നമുക്ക് വളരെയേറെ അനുഭവവേദ്യമായിത്തീരും.

 

 

You must be logged in to post a comment Login