സാത്താനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്നതാണോ?

സാത്താനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്നതാണോ?

സാത്താനും അവന്റെ അനുയായികളും ആത്മീയമേഖലയിലെ ഏറ്റവും രഹസ്യാത്മകമായ ഒരു സംഘമാണ്. അനുദിനജീവിതത്തിലെ വിവിധ മേഖലകളില്‍ പിടിമുറുക്കിയിരിക്കുന്ന അവറ്റകളുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും അദൃശ്യമാണ്.

സാത്താന്‍ ഇരുളിന്റെ അഗാധങ്ങളിലേക്ക് പിടിമുറുക്കിയിരിക്കുന്നതിന് മുമ്പ് അവ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മാലാഖമാര്‍ ആയിരുന്നു എന്നതാണ് സത്യം. പരമ്പരാഗതമായി നാം അവനെ ലൂസിഫര്‍ എന്ന് വിളിക്കുന്നു.

സാത്താന് ഭാവികാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമോ എന്നൊരു സംശയവും ഉണ്ട്. എന്നാല്‍ സാത്താന് അത്തരം കഴിവുകളൊന്നും ഇല്ല എന്നതാണ് സത്യം. നിരീക്ഷണപാടവം ഉള്ളവയാണ് അവ. അതുകൊണ്ട് തന്നെ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ അവറ്റകള്‍ക്കറിയാം. പക്ഷേ അത് സമര്‍ത്ഥനായ ഏതൊരു മനുഷ്യനും മറ്റൊരാളെക്കുറിച്ച് പറയാന്‍ കഴിയുന്നതുപോലെയുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. ഭാവിയെക്കുറിച്ചുള്ള അജ്ഞാതമായ കാര്യങ്ങളല്ല. ആ ദിവസമോ മണിക്കൂറോ സ്വര്‍ഗ്ഗത്തിലുള്ള മാലാഖമാര്‍ക്കോ പുത്രനോ പോലും അറിഞ്ഞൂകൂടാ പിതാവായ ദൈവത്തിന് മാത്രമേ അറിയൂ എന്ന് വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 13 ാം അധ്യായം 32 ാം വാക്യം വ്യക്തമാക്കുന്നുണ്ട്.

ഭൗതികമായ വസ്തുക്കളിലൂടെ അവയ്ക്ക് ചലിക്കാനും ചരിക്കാനുമുള്ള കഴിവുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. പല ഹൊറര്‍ സിനിമകളിലും നാം അത്തരത്തിലുള്ള ചിത്രീകരണങ്ങള്‍ കണ്ടിട്ടുണ്ട്. വിശുദ്ധ തോമസ് അക്വിനാസ് അദ്ദേഹത്തിന്റെ സുമ്മാ യില്‍ ഇതെങ്ങനെ സാധിക്കുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്.

സാത്താനെ കലാകാരന്മാര്‍ ചിത്രീകരിച്ചിരിക്കുന്നത് സര്‍പ്പത്തിന്റെയോ വ്യാളിയുടെയോ ഒക്കെ രൂപത്തിലാണ്. എന്നാല്‍ നിയതമായ ഭൗതികമായ രൂപം ഇവറ്റകള്‍ക്കില്ല എന്നതാണ് മറ്റൊരു സത്യം.

സാത്താന് ആളുകളെ നരകത്തിലേക്ക് പറഞ്ഞുവിടാന്‍ സാധിക്കുമോ എന്നതാണ് പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു സംശയം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യത്തില്‍ വ്യക്തത നല്കിയിട്ടുണ്ട്. സാത്താന് ഒരിക്കലും ആളുകളെ നരകത്തിലേക്ക് തള്ളിയിടാനാവില്ല. മാരകമായ പാപത്തില്‍ ജീവിച്ചിട്ടും മരിക്കാന്‍ നേരം ദൈവത്തിന്റെ കരുണാമയമായ സ്‌നേഹം വേണ്ടെന്ന് വച്ചിട്ട്, ദൈവവുമായിട്ടുളള സഖ്യം വേണ്ടെന്ന് വച്ചിട്ട് ഒരാള്‍ സ്വമേധയാ തിരഞ്ഞെടുക്കുന്ന ബോധപൂര്‍വ്വമായ വഴിയാണ് നരകം. എന്നാല്‍ ഭൂമിയിലെ ജീവിതകാലത്ത് സാത്താന് നമ്മെ ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വാധീനിക്കാന്‍ കഴിയും എന്നും മറക്കരുത്.

നരകത്തിലേക്ക് പോകാന്‍ സന്നദ്ധനാകുന്നത് നമ്മുടെ വ്യക്തിപരമായ തീരുമാനമാണ്. സാത്താന്‍ അതിന് വഴിയൊരുക്കുന്നു എന്ന് മാത്രം.

You must be logged in to post a comment Login