ലോകാവസാനത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ യേശുക്രിസ്തുവിനെ നിഷേധിക്കുന്നതിന് കാരണമാകും

ലോകാവസാനത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ യേശുക്രിസ്തുവിനെ നിഷേധിക്കുന്നതിന് കാരണമാകും

ലോകം ഇന്ന് അവസാനിക്കും, നാളെ അവസാനിക്കും എന്ന മട്ടിലുള്ള തെറ്റായ പ്രചരണങ്ങള്‍ ആളുകളെ ക്രിസ്തുവില്‍ നിന്ന് അകറ്റുകയും അവിടുത്തെ നിഷേധിക്കുകയും ചെയ്യുന്നതിന് കാരണമാകുമെന്ന് സുവിശേഷപ്രഘോഷകര്‍.

ലോകം സെപ്തംബര്‍ 23 ന് അവസാനിക്കും, യേശുക്രിസ്തുവിന്റെ രണ്ടാം വരവ് അന്നായിരിക്കും എന്നൊക്കെയുള്ള മട്ടിലുള്ള പ്രചരണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് എത്തിക്‌സ് ആന്റ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിഡന്റ് റസല്‍ മൂറെയുടെ ഈ അഭിപ്രായം. വിശുദ്ധ ലൂക്ക 21: 25 അടിസ്ഥാനമാക്കിയുള്ള ഡേവിഡ് മീഡെയുടെ വ്യാഖ്യാനങ്ങളാണ് ലോകാവസാനവുമായി കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത്. അമേരിക്കയില്‍ അടുത്തുണ്ടായ സൂര്യഗ്രഹണം, ഹാര്‍വി കൊടുങ്കാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവചനം.

എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകാതിരിക്കുമ്പോള്‍ അവ ആളുകളെ യേശുക്രിസ്തുവില്‍ നിന്ന് അകറ്റുമെന്ന് മുറൈ പറയുന്നു.

ഏതു ദിവസവും അന്തിമ വിധി ദിനമാകാം. അദ്ദേഹം പറയുന്നു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മുറൈ തുടര്‍ന്നു. ഇതാ ക്രിസ്തു ഇവിടെ അതാ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍് വിശ്വസിക്കരുത്. കാരണം കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.

അതെ സദാ ജാഗരൂകരായിരിക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. കള്ളന്‍ വരുമെന്ന് നേരത്തെ അറിയിപ്പു കിട്ടിയാല്‍ യജമാനന്‍ ഉണര്‍ന്നിരിക്കുന്നതുപോലെ ആ ദിവസം എന്നാണ് എന്ന് അറിഞ്ഞാല്‍ നാം ഉണര്‍ന്നിരുന്നേനെ. പക്ഷേ കര്‍ത്താവ് വരുന്ന ദിവസം നമുക്കറിയില്ല. അതുകൊണ്ട് ഏതു നിമിഷവും കര്‍ത്താവ് വരുമെന്ന വിചാരത്താല്‍ വിശുദ്ധ വിചാരങ്ങളോടെ നമ്മുക്ക് ജീവിക്കാം.

You must be logged in to post a comment Login