കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്തത് നിസാരമായി കാണരുത്

കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്തത് നിസാരമായി കാണരുത്

കൊച്ചി: കേരളത്തിലെ വിവിധ റവന്യൂ ഓഫീസുകള്‍ അഴിമതിയിലൂടെയും പീഡനങ്ങളിലൂടെയും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ജനദ്രോഹകേന്ദ്രങ്ങളായി അധഃപതിച്ചിരിക്കുന്നത് ഗൗരവപൂര്‍വ്വം കാണണമെന്നും സര്‍ക്കാര്‍ കൈയും കെട്ടിനിന്നാല്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ചക്കിട്ടപാറ പഞ്ചായത്തിലെ ജോയി എന്ന കര്‍ഷകന്‍ ഉദ്യോഗസ്ഥ പീഡനത്താല്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്തത് നിസാരവല്‍ക്കരിച്ചു കാണരുത്.  കേരളത്തിലെ കര്‍ഷകരനുഭവിക്കുന്ന ഉദ്യോഗസ്ഥ പീഡനത്തിന്റെ രക്തസാക്ഷിയാണദ്ദേഹം.  ഇക്കാലമത്രയും ജോയിയുടെയും കുടുംബത്തിന്റെയും കൈവശഭൂമിക്ക് നികുതി സ്വീകരിക്കുവാന്‍ തയ്യാറാകാത്തവര്‍ അദ്ദേഹത്തിന്റെ ആത്മഹത്യക്കുശേഷം നികുതി സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുന്നു.  ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

ഭാര്യയേയും മൂന്നുമക്കളേയും തീരാദുഃഖത്തിലാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്.  നിയമങ്ങളും നടപടിക്രമങ്ങളും വളച്ചൊടിച്ച് ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ഷകരുള്‍പ്പെടെ പൊതുജനം കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്.  ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വൃത്തികെട്ട രീതികള്‍ മൂലം ഇതര ഉദ്യോഗസ്ഥരും അപമാനം ഏറ്റുവാങ്ങുകയാണ്.
വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനും അഴിമതിക്കും പീഡനത്തിനും ഇരയായി ജനങ്ങള്‍ പ്രതികരിച്ച സംഭവങ്ങള്‍ ഇതിനുമുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്.  എന്നിട്ടും പാഠം പഠിക്കാത്തവരെ രാഷ്ട്രീയത്തിന്റെയും യൂണിയന്റെയും സ്വാധീനത്തില്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല.  സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി ഇന്ത്യയിലുടനീളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥരുടെ നിരന്തര പീഡനത്താല്‍ കര്‍ഷകന്‍ ജീവന്‍ വെടിയുന്നത് സാക്ഷരകേരളത്തില്‍ മാത്രമാണ്.

ചക്കിട്ടപാറയിലെ കര്‍ഷക ആത്മഹത്യക്ക് നേരിട്ട് ഉത്തരവാദികളായവരുടെയും ഇവരെ നിയന്ത്രിക്കുന്ന മേലുദ്യോഗസ്ഥരുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login