കര്‍ഷകപെന്‍ഷന്‍ നല്‍കാത്തവര്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കിയത് ധിക്കാരപരം: ഇന്‍ഫാം

കര്‍ഷകപെന്‍ഷന്‍ നല്‍കാത്തവര്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കിയത് ധിക്കാരപരം: ഇന്‍ഫാം

തൊടുപുഴ: ആയിരംരൂപ പ്രതിമാസപെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകരോട് ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കാന്‍ പണമില്ലെന്നു പറയുന്ന മന്ത്രിക്ക് പ്രതിമാസം തൊണ്ണൂറായിരം രൂപ നല്‍കുന്ന നിര്‍ബന്ധിതസാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍. ഇന്‍ഫാം കര്‍ഷക വിളംബരകൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കുടുംബത്തിന് ചെലവിനായി ഒരു മാസം നല്‍കുന്ന ആയിരംരൂപ പോലും കഴിഞ്ഞ ആറുമാസത്തിലേറെയായി മുടങ്ങിയിരിക്കുമ്പോഴാണ് മന്ത്രികുടുംബത്തിന് ലക്ഷങ്ങള്‍ പ്രതിമാസം ചെലവിടുന്ന സര്‍ക്കാര്‍ ധൂര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകരോടും സാധാരണക്കാരോടും മുണ്ടുമുറുക്കിയുടുക്കാന്‍ പറഞ്ഞിട്ട് അവരുടെ ഭൂനികുതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റബര്‍ബോര്‍ഡുതന്നെ പ്രഖ്യാപിച്ച ഉല്പാദനച്ചെലവായ 172 രൂപ പോലും റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കാന്‍ കഴിയാത്ത കര്‍ഷക രക്ഷകരാണ് നമ്മെ ഭരിക്കുന്നത്. റബര്‍മേഖലയ്ക്കായി ഒരു കാര്‍ഷികനയംപോലും രൂപപ്പെടുത്താന്‍ ഭരണനേതൃത്വങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്‍ഫാം സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എസ് മൈക്കിള്‍, എറണാകുളം ജില്ലാപ്രസിഡന്റ് ജോയി പള്ളിവാതുക്കല്‍, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജിയോ തടിക്കാട്ട്, മേഖലാപ്രസിഡന്റുമാരായ എം.ടി.ഫ്രാന്‍സീസ്, റോയി വള്ളമറ്റം എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login