ഫാത്തിമാസന്ദേശങ്ങള്‍ക്ക് നൂറുവര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസക്തി വര്‍ദ്ധിക്കുന്നു

ഫാത്തിമാസന്ദേശങ്ങള്‍ക്ക് നൂറുവര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസക്തി വര്‍ദ്ധിക്കുന്നു

വത്തിക്കാന്‍: നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും ലോകത്തിന് അവ ഇപ്പോഴും ആവശ്യമാണെന്നും കര്‍ദിനാള്‍ ജോസ് സരാവിയ മാര്‍ട്ടിന്‍സ്.

ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വെറും മതപരമായ പ്രാധാന്യം മാത്രമല്ല ഉള്ളത്. അത് ചരിത്രപരമാണ്. അതിന് രാഷ്ട്രീയവും സാമൂഹ്യപരവുമായ പ്രാധാന്യവുമുണ്ട്. വിശ്വാസികള്‍ക്കോ ക്രൈസ്തവര്‍ക്കോ വേണ്ടി മാത്രമായിട്ടല്ല മാതാവ് അവിടെ സന്ദേശം നല്കിയത്. മനുഷ്യവംശത്തെ മുഴുവന്‍ ലക്ഷ്യമാക്കിയും അവയുടെ മൊത്തം രക്ഷ ആഗ്രഹിച്ചുമായിരുന്നു മാതാവ് പ്രത്യക്ഷപ്പെട്ടത്.

വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘത്തിന്റെ പ്രിഫെക്ടായിരുന്നു ഇദ്ദേഹം. പോര്‍ച്ചുഗല്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ വത്തിക്കാനിലാണ് താമസം. മരിയന്‍ പ്രത്യക്ഷീകരണത്തെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ കര്‍ദിനാള്‍ മാര്‍ട്ടിന്‍സ് എഴുതിയിട്ടുണ്ട്.

വിശ്വാസം, മാനസാന്തരം, പ്രതീക്ഷ, സമാധാനം എന്നിവയാണ് മാതാവ് തന്റെ സന്ദേശത്തിലൂടെ ലോകത്തിന് നല്കിയത്. അദ്ദേഹം പറയുന്നു. വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് വിശ്വാസമുള്ളവരാകാന്‍ മാതാവ് പറയുന്നു. ദൈവത്തോട് ചേര്‍ന്നുനില്ക്കുന്ന മാനസാന്തരാനുഭവത്തിന് വേണ്ടിയും മാതാവ് ലോകത്തോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക, പ്രത്യാശ നഷ്ടപ്പെട്ട ലോകത്തിന് എല്ലാത്തിനും മീതെയായി പ്രത്യാശയെ പ്രതിഷ്ഠിക്കുക. മാതാവ് ലോകത്തിന് നല്കിയ സന്ദേശങ്ങളെ ഇദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു.

You must be logged in to post a comment Login