ഫാത്തിമാപ്രത്യക്ഷീകരണത്തിന് എന്തുകൊണ്ടാണ് ഇത്രയും അധികം പ്രാധാന്യം?

ഫാത്തിമാപ്രത്യക്ഷീകരണത്തിന് എന്തുകൊണ്ടാണ് ഇത്രയും അധികം പ്രാധാന്യം?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതാവ് ഇതിനകം പലര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവിധ സന്ദേശങ്ങള്‍ നല്കിയിട്ടുമുണ്ട്. എന്തിനേറെ ഏറ്റവും പുതുതായി എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയിലെ എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയത്തില്‍ പോലും മാതാവ് ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായിട്ടുള്ള വാര്‍ത്തകളും പ്രചരിക്കുന്നു.

എന്നാല്‍ ഇത്തരം ഒരു പ്രത്യക്ഷീകരണങ്ങള്‍ക്കും ഉള്ളതിലേറെ പ്രാധാന്യവും പ്രസക്തിയും ഫാത്തിമാ ദര്‍ശനങ്ങള്‍ക്ക് ഉണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. 1500 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിട്ടാണ് ഫാത്തിമാ പ്രത്യക്ഷീകരണം വിലയിരുത്തപ്പെടുന്നത്. മാതാവ് ഫാത്തിമായില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയാണ് ഇന്നലെ ആഘോഷിക്കപ്പെട്ടത്. 1917 ഒക്ടോബര്‍ 13 നാണ് മാതാവ് അവസാനമായി ഇവിടെ പ്രത്യക്ഷപ്പെട്ടത്.

ഫാത്തമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ലോകമെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നുമുണ്ട്. ഫാത്തിമാപ്രയാണം, ഫാത്തിമാമാതാവിനുള്ള സമര്‍പ്പണങ്ങള്‍ ഇവയെല്ലാം അവയില്‍ ചിലതു മാത്രമാണ്.

ബ്രിട്ടനിലെ എല്ലാ രൂപതകളും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടു. കാനഡയിലും ഇത്തരം പുനസമര്‍പ്പണങ്ങള്‍ നടന്നു. ലോകത്തെ മുഴുവന്‍ തന്റെവിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്നുള്ള ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ തുടര്‍ച്ചായിട്ടാണ് ഇത്തരം സമര്‍പ്പണങ്ങള്‍ നടക്കുന്നത്. കത്തോലിക്കാവിശ്വാസത്തില്‍ മരിയഭക്തിയുടെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് ഇവയോരോന്നും.

ധന്യനായ പിയൂസ് പന്ത്രണ്ടാമനാണ് ആദ്യമായി ഇതിന് പ്രോത്സാഹനം നല്കിയത്. 1942 ല്‍ പിയൂസ് മാര്‍പാപ്പ മനുഷ്യവംശത്തെ മുഴുവന്‍ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയുണ്ടായി. തന്റെ ചാക്രികലേഖനത്തില്‍ എല്ലാ മനുഷ്യര്‍ക്കും ആശ്രയിക്കാവുന്ന അഭയകേന്ദ്രമായി മറിയത്തിന്റെ വിമലഹൃദയത്തെ അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി.

മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങള്‍ പ്രാദേശികസഭയുടെ പരിമിതിയും പരിധിയിലും ഒതുങ്ങുമ്പോഴും ഫാത്തിമാപ്രത്യക്ഷീകരണത്തിന് സാര്‍വത്രികസഭയുടെ മുഴുവന്‍ അംഗീകാരവും ആശീര്‍വാദവുമുണ്ട്. ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയാണ് ഫാത്തിമാദര്‍ശനം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ചത്.

പരിശുദധ മറിയമേ അമ്മയുടെ വിമലഹൃദയത്തിലേക്ക് ഹൃദയവയലിനെയും അതിന്റെ പിന്നണിക്കാരെയും ഹൃദയവയലിന്റെ പ്രിയപ്പെട്ട വായനക്കാരെയും സമര്‍പ്പിച്ചുകൊള്ളുന്നു. അമ്മയുടെ വിമലഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്കണമേ..ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

You must be logged in to post a comment Login