ഫാത്തിമ മാതാ സന്ദേശ യാത്രയുടെ നാള്‍വഴികള്‍

ഫാത്തിമ മാതാ സന്ദേശ യാത്രയുടെ നാള്‍വഴികള്‍

പോർട്ടുഗലിലെ ഫാത്തിമായിൽ മാതാവ് പ്രത്യക്ഷപ്പെട്ട് മുന്ന് കുട്ടികൾക്ക് സന്ദേശം നൽകിയതിന്റെ ശതാബ്ദിയാണ് ഈ വർഷം. 2017 ആഗസ്റ്റ് 16 മുതൽ ഒക്‌ടോബർ 28 വരെ കേരളത്തിലെ ദേവാലയങ്ങളിലൂടെ കടന്നു പോകുന്ന ഫാത്തിമ മാതാ സന്ദേശ യാത്ര.

കേരളത്തിലെ കത്തോലിക്കാ ദൈവാലയങ്ങളിൽ ഫാത്തിമ മാതാ സന്ദേശ യാത്ര പുരോഗമിക്കുകയാണ്. ഫാത്തിമായിൽ നിന്നും കൊണ്ടു വന്ന മാതാവിന്റെ തിരുസ്വരൂപമാണ് സന്ദേശയാത്രയിൽ സംവഹിക്കപ്പെടുന്നത്.

ഓഗസ്റ്റ് 12 മുതൽ 15 വരെ ഇരിങ്ങാലക്കുട ആളൂരിൽ നടന്ന കരിസ്മാറ്റിക് ജൂബിലി വർഷ ലോക മലയാളി സംഗമവേദിയിൽ വച്ച് കെ.സി.ബി.സി. പ്രസിഡന്റ് ആർച്ചു ബിഷപ്പ് സൂസെപാക്യം പിതാവ് മാതാവിന്റെ തിരുസ്വരൂപം KCCRST ചെയർമാൻ ഫാ. വർഗീസ് മുണ്ടയ്ക്കലിന് കൈമാറിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.

അതിന് രണ്ടു ദിവസം മുമ്പ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് കേരളത്തിലെ മുഴുവൻ മെത്രാന്മാരും തിരുസ്വരൂപത്തിന് ആദരവ് അർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. ആഗസ്റ്റ് 16 ന് രാവിലെ കളമശ്ശേരി എമ്മാവൂസിൽ നിന്നും സന്ദേശയാത്ര പുറപ്പെട്ടു. അന്ന് ഉച്ച കഴിഞ്ഞ് മാഹിയിലെ അമ്മ ത്രേസ്യായുടെ ദേവാലയത്തിലായിരുന്നു സ്വീകരണം. പിന്നീട് സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ അഭിവന്ദ്യ ജോർജ്ജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിൽ തിരുസ്വരൂപത്തിന് സ്വീകരണം നൽകി. അന്നു രാത്രി മുഴുവൻ അവിടെ ആരാധനയും ജാഗരണ പ്രാർത്ഥനയുമായിരുന്നു.

എഴുപത്തിയാറു ദിവസം കൊണ്ട് 14 ജില്ലകളിലെ 600 ൽ പരം പള്ളികളിലൂടെ സന്ദേശയാത്ര കടന്നു പോകും. തിരുസ്വരൂപ വാഹനത്തോടൊപ്പം ഭക്തവസ്തുക്കൾ, DVD, ഫാത്തിമാ മാതാവിന്റെ പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുന്ന മറ്റൊരു വാഹനം കൂടിയുണ്ട്.

ഇത്തരമൊരു സന്ദേശയാത്ര ലോകത്തിൽ തന്നെ മറ്റെങ്ങും നടന്നിട്ടില്ലെതാണ് ഇതിന്റെ സവിശേഷത. അതിന് കാരണം കേരളത്തിലെ പരമ്പരാഗതമായ മരിയ ഭക്തി തന്നെ ആയിരിക്കും.

ഫാത്തിമയിലെ പ്രത്യക്ഷീകരണങ്ങൾ

രേഖപ്പെടുത്തപ്പെട്ട ഫാത്തിമപ്രത്യക്ഷീകരണങ്ങൾ തുടങ്ങുന്നത് 1917 മെയ് മാസം മുതലാണെങ്കിലും 1916 -ൽ ത്തന്നെ അതിനുതുടക്കം കുറിച്ചിരുന്നു. ആ വസന്തത്തിൽ, ഒരു മാദ്ധ്യാഹ്നത്തിൽ, ആകാശം തെളിഞ്ഞു നിന്നനേരം, തങ്ങളുടെ വീടിനരികെ മേച്ചിൽ പുറത്ത് ആടുമേയിച്ചുകൊണ്ടിരുന്ന ലൂസി, ജസീന്ത, ഫ്രാൻസീസ് എന്നീ കുട്ടികൾക്ക് ആകാശത്ത് ഒരു പ്രകാശഗോളം കാണപ്പെട്ടു. നേരിയ ചാറ്റൽ മഴമുണ്ടായിരുന്നതിനാൽ കുട്ടികൾ തൊട്ടടുത്തുള്ള ഒരു ഗുഹാമുഖത്തുകയറി നിന്നു. തൽ ക്ഷണം ആ പ്രകാശഗോളം തങ്ങളെ സമീപിക്കുന്നതായി കുട്ടികൾക്ക് തോന്നി. തുടർന്ന്, പ്രകാശവലയത്തിൽ നീണ്ട മേലങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ കാണപ്പെട്ടു!

അയാൾ കുട്ടികളോടു പറഞ്ഞു, ”ഭയപ്പെടേണ്ടാ, ഞാൻ സമാധാനദൂതനാണ്; എന്നോടുകൂടി പ്രാർത്ഥിക്കുക” അയാൾ നിലത്ത് മുട്ടുകുത്തി കമിഴ്ന്ന് നമിച്ചുകൊണ്ടു പ്രാർത്ഥിച്ചു- ”ഓ! ദൈവമേ ഞാനങ്ങയെ ആരാധിക്കുന്നു. അങ്ങയിൽ വിശ്വസിക്കാതെയും, ആശ്രയിക്കാതെയും അങ്ങയെ സ്‌നേഹിക്കാതെയും ഇരിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു; മാപ്പിരക്കുന്നു” കുട്ടികൾ ഇത് ഏറ്റുചൊല്ലി. അടുത്ത വേനലിലും ഇതുപോലെ ദർശനമുണ്ടായി. ആ വർഷാവസാനത്തിലും ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു. ഇവയെല്ലാം തുടർന്ന് നടക്കാനിരുന്ന ദർശനങ്ങളുടെയും സ്വർഗ്ഗീയ സന്ദേശങ്ങളുടെയും മുന്നോടിയായിരുന്നുവെന്നുവേണം കരുതാൻ.

പ്രത്യക്ഷീകരണപരമ്പര

1917 മെയ് 13-ന് കുട്ടികൾ ആടുമേയിച്ചിരുന്നത് ഫാത്തിമായിൽ കോവ ദ ഈറിയ എന്ന സ്ഥലത്താണ്. മദ്ധ്യാഹ്നനേരത്ത് അപ്രതീക്ഷിതമായി ഒന്നിനുപുറകെ ഒന്നായി മിന്നലുണ്ടായി! മഴയ്ക്കുള്ള ഭാവമാണെന്ന് കുട്ടികൾ കരുതി. അവർ ആടുകളെ അടിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങി.

പെട്ടെന്ന് തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു ഓക്കുവൃക്ഷത്തിൽ പ്രകാശവലയം കാണപ്പെട്ടു! ആവലയത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീ! അവൾ വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ശിരസിനെ ആവരണം ചെയ്ത് തോൾമറച്ച്, പാദംവരെയെത്തുന്ന മേലങ്കിയും, കൂപ്പിയിരിക്കുന്ന കൈകളിൽ വെള്ളമുത്തുകൾ കൊണ്ടു നിർമ്മിച്ച ജപമാലയും! ഈ കണ്ടരൂപത്തെക്കുറിച്ച് പിന്നീട് സിസ്റ്റർ ലൂസി പറഞ്ഞത്, ”സൂര്യനേക്കാൾ ശോഭയുള്ള സ്ത്രീ” യെന്നാണ്!

”ഭയപ്പെടേണ്ടെ”ന്ന് കുട്ടികളെ ഉപദേശിച്ചുകൊണ്ട് ആ ദിവ്യരൂപം തുടന്നു, ” ഞാൻ സ്വർഗ്ഗത്തിൽ നിന്നുവരുന്നു; ഒക്‌ടോബർ മാസം വരെ ഓരോ മാസത്തിന്റെയും 13-നു ഈ സമയത്ത് നിങ്ങൾ ഇവിടെവരണം; ദിവസവും ജപമാല ചൊല്ലണം ഞാനാരാണെന്നും എന്റെ ഉദ്ദേശമെന്താണെന്നും ഞാൻ പറയാം.”

ഈ വാർത്ത നാട്ടിലെങ്ങും പരന്നു. ജൂൺ 13-ന് കുട്ടികളെത്തി; ഒപ്പം, ഏകദേശം എഴുപതുപേരും. മുമ്പു പറഞ്ഞതു പോലെ സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. കുട്ടികൾമാത്രമേ അതുകണ്ടുള്ളൂ. ഇക്കുറി സന്ദേശമിങ്ങനെയായിരുന്നു: പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും അഭാവത്തിൽ വളരെപ്പേർ നിത്യനരകാഗ്നിക്ക് ഇരയാകുന്നുവെന്നും, ജസീന്തയും ഫ്രാൻ സീസും താമസിയാതെ മരിച്ച് സ്വർഗ്ഗം പ്രാപിക്കുമെന്നും, ലൂസി കുറച്ചുനാൾ കൂടി ജിവിക്കുമെന്നും വെളിപ്പെടുത്തി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലമായിരുന്നു അത്. യുദ്ധം താമസിയാതെ അവസാനിക്കുമെന്നും, എന്നാൽ മനുഷ്യന്റെ അകൃത്യങ്ങൾ തുടർന്നാൽ ഇതിനേക്കാൾ ഭയാനകമായ യുദ്ധം ഉണ്ടാകുമെന്നും, പല രാഷ്ട്രങ്ങളും തകർക്കപ്പെടുമെന്നും ഭിന്നതകളും അരാജകത്വങ്ങളും വർദ്ധിക്കുമെന്നും ദർശനത്തിൽ വെളിപ്പെടുത്തി. റഷ്യയുടെ മാനസ്സാന്തരത്തിനായി പ്രാർത്ഥിക്കുവാനും നിർദ്ദേശമുണ്ടായി. ഇതിനകം ഫാത്തിമ ദർശനവാർത്ത കൂടുതൽ പ്രസിദ്ധമായി. ആഗസ്റ്റ് 13-ലെ ദർശനത്തിന് പതിനായിരം പേരെങ്കിലും തടിച്ചുകൂടി.

പരിശുദ്ധ അമ്മ സ്വയം വെളിപ്പെടുത്തുന്നു

ദർശനപരമ്പരയിലെ അവസാനത്തേത് ഒക്‌ടോബർ 13 നായിരുന്നു. വളരെ വലിയൊരു ജനക്കൂട്ടം അന്ന് തടിച്ചുകൂടി. സഭാധികാരികളും മാദ്ധ്യമ പ്രവർത്തകരും എത്തി. തലേദിവസം മുതലേ മഴയുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ജനങ്ങൾ ഭക്തിപൂർവ്വം ജപമാല ചൊല്ലിക്കൊണ്ടിരുന്നു. മദ്ധ്യാഹ്നമായപ്പോൾ അന്തരീക്ഷം തെളിഞ്ഞു: ദർശനം ആരംഭിച്ചു. കുട്ടികൾ കൗതുകത്തോടെ, ഭക്തിപൂർവ്വം ഒരേദിശയിലേക്ക് നോക്കിക്കൊണ്ടിരുന്നു; പതിനായിരക്കണക്കിന് മനുഷ്യരും. അതിസുന്ദരിയായ സ്വർഗ്ഗീയകന്യക കാണപ്പെട്ടു. അവൾ അരുളിച്ചെയ്തു:

”ഞാൻ ജപമാല നാഥയാണ്; ജീവിതത്തെ നവീകരിക്കുവാനും പാപങ്ങൾക്ക് പരിഹാരം ചെയ്യുവാനുമുള്ള മുന്നറിയിപ്പുമായാണ് ഞാൻ വന്നിരിക്കുന്നത്.”

പരിശുദ്ധ അമ്മയുടെ ദർശനസന്ദേശങ്ങളെത്തുടർന്ന്, ആയിടെ, സാവ്വർത്രികസഭയിൽ പ്രചാരത്തിലായ പ്രാർത്ഥനയാണ്, ജപമാലയുടെ ഭാഗമായി നാമിന്നും ചൊല്ലുന്ന ‘ഓ ഈശോയെ…” എന്ന പ്രാർ ത്ഥന ഫാത്തിമ സന്ദേശത്തിന്റെ കാതൽ ഇത് വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ പാപാധീനനായി ദൈവത്തിൽ നിന്നകന്നു പോകുന്നുവെന്നും, അനുതപിച്ച് പാപപരിഹാരം ചെയ്ത് യേശുവിലേക്കും അവിടുത്തെ രക്ഷാകരസ്‌നേഹത്തിലേക്കും തിരിച്ചുവരണമെന്നുമുള്ള സന്ദേശമാണ് പരിശുദ്ധ അമ്മ നല്കുന്നത്.

ഫാത്തിമായിലെ തീർത്ഥാടക ദൈവാലയം പൂർത്തിയാക്കിയത് 1953 -ലാണ്. 1954 -ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ ഇതിനെ ബസിലിക്കയാക്കി ഉയർത്തി. ദൈവാലയത്തിന്റെ വിസ്തൃതമായ അങ്കണത്തിൽ, 1967 -ൽ ആറാം പോൾമാർപ്പാപ്പ സന്ദർ ശനം നടത്തിയപ്പോൾ ഇരുപതുലക്ഷത്തിലേറെ തീർത്ഥാടകരാണ് സമ്മേളിച്ചത്. പ്രധാന ബലിപീഠത്തിനുതാഴെ ഇടത്തും വലത്തുമായിട്ടാണ്, മാതാവ് ദർശനം നല്കിയ മൂന്നുപേരിൽ ജസീന്തയേയും ഫ്രാൻസീസിനെയും അടക്കിയിരിക്കുന്നത്.

രണ്ടായിരമാണ്ട് മെയ് 13-ന് വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ഈ കുട്ടികളെ വാഴ്ത്തപ്പെട്ടവ രായി പ്രഖ്യാപിച്ചു. വീണ്ടും, ഇക്കഴിഞ്ഞ മെയ് 13-ന് ഫാത്തിമസന്ദർശത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ, ജസീന്തയേയും ഫ്രാൻസീസിനെയും, ഫ്രാൻ സീസ് പാപ്പ വിശുദ്ധ പദവിലേക്കുയർത്തി. ബസിലിക്കായുടെ വിശാലാങ്കണത്തിന്റെ ഇടത്തെ അരികിലാണ് ”ദർശനകപ്പേള.” മാതാവു പ്രത്യക്ഷപ്പെട്ട ഓക്കുമരം നിന്നിരുന്ന സ്ഥലം ബലിപീഠമാക്കികൊണ്ടാണ് കപ്പേള നിർമ്മിച്ചിരിക്കുന്നത്.

ഒക്‌ടോബർ 28-ന് വല്ലാർപാടം ബസലിക്കയിൽ വച്ചാണ് സന്ദേശയാത്രയുടെ സമാപനം. ഫാ. വർ ഗീസ് മുണ്ടക്കൽ (ചെയർമാൻ), ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പുതിയേടത്ത് (വൈസ് ചെയർമാൻ), സെബാസ്റ്റ്യൻ ജോസ് (സെക്രട്ടറി)എന്നിവരടങ്ങുന്ന കമ്മറ്റിയാണ് സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

സാബു ജോസ്

(ജോയിന്റ് സെക്രട്ടറി & മീഡിയ കോഡിനേറ്റർ, ഫാത്തിമ സെന്റിനറി സെലിബ്രേഷൻ കമ്മിറ്റി, 9446329343)

You must be logged in to post a comment Login