നരകത്തെക്കുറിച്ച് ഒരു ‘വിശുദ്ധ’യ്ക്കുണ്ടായ ദർശനം

നരകത്തെക്കുറിച്ച് ഒരു ‘വിശുദ്ധ’യ്ക്കുണ്ടായ ദർശനം

ദൈവകരുണയുടെ സന്ദേശം ലോകത്തെ അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ഫൗസ്റ്റീനായുടെ തിരുനാളാണിന്ന്. 1905 ഓഗസ്റ്റ് 25ന് പോളണ്ടിലെ ഗ്ലോഗോവികിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് നരകത്തെക്കുറിച്ച് ദർശനമുണ്ടായത് തന്‍റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഞാൻ സിസ്റ്റർ ഫൗസ്റ്റീന കൊവാൽസ്‌ക, ദൈവത്തിന്‍റെ നിർദേശപ്രകാരം നരകം സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. നരകത്തെക്കുറിച്ച് ആത്മാക്കളോട് സംസാരിക്കണമെന്ന് ദൈവം നിശ്ചയിച്ചതിനാലിരുന്നു അത്. മുഴുവൻ പിശാചുക്കളും എന്നോട് വെറുപ്പോടെയാണ് പെരുമാറിയത്. എന്നാൽ ദൈവത്തിന്‍റെ ആജ്ഞ പ്രകാരം അവർക്ക് എന്നെ അനുസരിക്കേണ്ടതായി വന്നു. ഞാൻ അവിടെ കണ്ട നിറം മങ്ങിയ കാഴ്ചകളെക്കുറിച്ചാണ് ഇവിടെ എഴുതിയിരിക്കുന്നത്. ഞാൻ ഒരു കാര്യം പ്രത്യകം ശ്രദ്ധിച്ചു. നരകം ഇല്ല എന്ന് വിശ്വസിച്ചിരുന്ന ആത്മാക്കളാണ് അവിടെ കണ്ടവരിൽ ഏറെയും. (ഡയറി 741)

ഇന്നൊരു മാലാഖ എന്നെ നരകത്തിന്‍റെ വലിയ ഗർത്തത്തിലേക്ക് നയിച്ചു. വളരെയേറെ പീഡകൾ നിറഞ്ഞ സ്ഥലമാണത്. എത്രയധികം വലുതും വിശാലവുമാണവിടം. ഞാനവിടെ കണ്ട പീഡകൾ:

നരകത്തെ നിർമ്മിക്കുന്ന ആദ്യ പീഡനം:
ദൈവത്തെ നഷ്ടമാകൽ
രണ്ടാമത്തേത്:
നിരന്തരമുള്ള മന:സാക്ഷിക്കുത്ത്.
മൂന്നാമത്തേത്:
ഒരിക്കലും മാറാത്ത ഇതേ അവസ്ഥ
നാലമത്തേത്:
ദൈവകോപത്തിൽ നിന്നുമുയരുന്ന അണയാത്ത അഗ്നി. ആത്മാവിനെ നശിപ്പിക്കാതെ ആഴ്ന്നിറങ്ങും ഈ അഗ്നി. അതികഠിനമായ പീഡനത്തിലൂടെയാണ് കടന്നു പോകേണ്ടി വരിക.
അഞ്ചാമത്തേത്:
എപ്പോഴും നിലനിൽക്കുന്ന അന്ധകാരവും ദുർഗന്ധവും. അന്ധകാരത്തിൽ പിശാചുക്കൾക്കും ദുഷ്ടാത്മാക്കൾക്കും പരസ്പരം കാണാൻ സാധിക്കും.
ആറാമത്തേത്:
സാത്താന്‍റെ നിരന്തര സാന്നിധ്യം.
ഏഴാമത്തേത്:
അതികഠിനമായ വിഷാദം, ദൈവ കോപം, നിന്ദ്യമായ വാക്കുകൾ, ശാപം, ദൈവദൂഷണം എന്നിവ. എന്നാൽ ഇവിടെ കൊണ്ടൊന്നും പീഡനങ്ങൾ അവസാനിക്കുന്നില്ല.

വിവരിക്കാനാവാത്ത പീഡനങ്ങൾ
ചില പ്രത്യേക ആത്മാക്കൾക്ക് വേണ്ടി മാത്രമുള്ള പീഡനങ്ങളാണിത്. പഞ്ചേന്ദ്രിയങ്ങൾക്കുള്ള പീഡകളായിരിക്കും. ഓരോത്തരും ചെയ്തു കൂട്ടിയ പാപങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

ഞാൻ മരിച്ചു പോയേനെ
വ്യത്യസ്തമായ പീഡകൾ നിറഞ്ഞ പലതരം കുഴികളും ഗർത്തങ്ങളും നരകത്തിലുണ്ട്. സർവ്വശക്തനായ ദൈവം എന്നെ തുണച്ചില്ലായിരുന്നുവെങ്കിൽ ഈ പീഡനങ്ങൾ കണ്ട് ഞാൻ മരിച്ചു പോയെനെ.

നരകമില്ലയെന്ന് ആർക്കും പറയാൻ കഴിയില്ല
പാപികൾക്ക് പാപം ചെയ്യാനുപയോഗിച്ച പഞ്ചേന്ദ്രിയങ്ങൾക്ക് മാത്രമായി പീഡകൾ സഹിക്കേണ്ടി വരും. ദൈവത്തിന്‍റെ കല്പന പ്രകാരമാണ് ഞാനിതെഴുതുന്നത്. കാരണം നരകമില്ല എന്നും, ആരും നരകത്തിൽ പോയിട്ടില്ലെന്നും അതു കൊണ്ട് എങ്ങനെ അതിരിക്കുമെന്ന് ആർക്കും അറിയില്ലെന്നും ആളുകൾ പറയാതിരിക്കാൻ വേണ്ടി. എത്ര കഠിനമായാണ് ആത്മാക്കൾ പീഡകൾ സഹിക്കുന്നത്. അതിനാൽ മുൻപത്തേക്കാൾ കൂടുതലായി പാപികളുടെ മാനസാന്തരത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. (ഡയറി 741)

You must be logged in to post a comment Login