അതൊക്കെ മറന്നേക്കൂ.. ഇനി പുതിയ വര്‍ഷമല്ലേ

അതൊക്കെ മറന്നേക്കൂ.. ഇനി പുതിയ വര്‍ഷമല്ലേ

ഒരു വര്‍ഷം അവസാനിച്ചിരിക്കുന്നു. ഒരു വര്‍ഷം കടന്നുപോയത് എത്ര പെട്ടെന്നായിരുന്നു. ഒരു വര്‍ഷംകൊണ്ട് ജീവിതത്തില്‍ നേടിയത് എന്തായിരുന്നു.. നഷ്ടപ്പെടുത്തിയത് എന്തായിരുന്നു?  ഓര്‍മ്മിക്കുമ്പോള്‍ ഒരു നെടുവീര്‍പ്പ് എല്ലാവരിലും ഉയരുന്നുണ്ടാവണം. കാരണം ജീവിതത്തില്‍ നിന്ന് ഒരു വര്‍ഷം കൂടിയാണ് കൊഴിഞ്ഞുപോയിരിക്കുന്നത്.  അതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്, മരണത്തോട് ഒരു വര്‍ഷം കൂടി നമ്മള്‍ അടുക്കലെത്തിയിരിക്കുന്നു.
ഓരോ വര്‍ഷത്തിലും നമ്മള്‍ എത്രയാണ് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത്? അവയില്‍ എത്രയെണ്ണം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു? ഓരോ വര്‍ഷാന്ത്യത്തിലും നാം ആദ്യം എടുക്കേണ്ട കണക്ക് ഇതായിരിക്കണമെന്ന് തോന്നുന്നു. അതെ, ഓരോ വര്‍ഷാവസാനവും ചില കണക്കെടുപ്പുകളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കണം. ബാങ്കുകള്‍ വാര്‍ഷിക- അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പുകള്‍ നടത്തുന്നതുപോലെ, ജീവിതത്തിനും വേണം ചില കണക്കെടുപ്പുകള്‍. നന്നായി ജീവിക്കുവാനുള്ള കണക്കെടുപ്പുകള്‍..തെറ്റുകള്‍ തിരുത്തുവാനുള്ള കണക്കെടുപ്പുകള്‍…ഓരോ കണക്കെടുപ്പുകളും കുറെക്കൂടി ഭദ്രത ഉറപ്പുവരുത്തുന്നവയാണ്. ഭാവിജീവിതത്തിന്റെ ഭദ്രതയ്ക്ക്. ഈ വര്‍ഷം വിജയമായിരുന്നോ എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാന്‍….അതോടൊപ്പം തെറ്റിപ്പോയ കണക്കുകളെ ശരിയാക്കിയെഴുതുവാനും.
വര്‍ഷത്തിനൊടുവില്‍ പിന്നിട്ടുവന്ന ജീവിതത്തിന്റെ കണക്കെടുപ്പുകളെ നോക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നമുക്ക് മനസ്സില്‍ ഭാരം അനുഭവപ്പെട്ടേക്കാം. കാരണം നേട്ടങ്ങളെക്കാള്‍ നഷ്ടങ്ങള്‍ ആയിരിക്കും ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ അടയാളം പതിപ്പിച്ചിട്ടുണ്ടാവുക.  എത്ര വീട് പണിതു, എത്ര  സ്വര്‍ണ്ണം/ വാഹനം/ വസ്ത്രം വാങ്ങി, എത്ര എസ്റ്റേറ്റ് വാങ്ങി, എത്ര രൂപ നിക്ഷേപിച്ചു.. ഇതെല്ലാമാണ്  ഒരു വര്‍ഷജീവിതത്തിലെ നേട്ടങ്ങളായും വിജയങ്ങളായും പരിഗണിക്കുന്നതെങ്കില്‍  അത്തരം നേട്ടങ്ങളൊന്നും ഇല്ലാതെ പോയവര്‍  എങ്ങനെ തലയുയര്‍ത്തി നില്ക്കും? തലയുയര്‍ത്തിനില്ക്കുവാനും സ്വയം അഭിമാനം തോന്നാനും എല്ലാവര്‍ക്കും വേണം ചില നേട്ടങ്ങള്‍.
നേട്ടങ്ങളെ ഭൗതികമായി മാത്രം ബന്ധപ്പെടുത്തിയാണ് നാം വിലയിരുത്തുന്നത്. ഭൗതികമായ നേട്ടങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ തെറ്റൊന്നുമല്ല തന്നെ. പക്ഷേ വിജയങ്ങളെ എപ്പോഴും അതിലേക്ക് മാത്രമായി ചുരുക്കരുത്. എല്ലാ നേട്ടങ്ങള്‍ക്കും പുറമെ നിങ്ങള്‍ എത്രത്തോളം നല്ല മനുഷ്യനായി, എത്രത്തോളം കൂടുതലായി സംസ്‌കരിക്കപ്പെട്ടു എന്നിവയും പ്രധാനപ്പെട്ടവയാണ്.
നിങ്ങളുടെ ഈ വര്‍ഷത്തെ ജീവിതവിജയത്തെ ഭൗതികതയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇങ്ങനെയൊന്ന് അപഗ്രഥനവിധേയമാക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു.
ഒന്നാമതായി നിങ്ങള്‍ നിങ്ങളോട് തന്നെ എത്രത്തോളം സത്യസന്ധനായി എന്നതാണ്. ജീവിതത്തില്‍ പലയിടത്തും നമുക്ക് സത്യസന്ധത നഷ്ടപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ ചിലപ്പോള്‍ നമുക്ക് സത്യസന്ധതതയുടെ പരിവേഷമായിരിക്കാം. പക്ഷേ നമുക്കറിയാം ഉള്ളിന്റെ ഉള്ളില്‍ നാം എത്രമാത്രം സത്യസന്ധരാണെന്ന്. കഴിഞ്ഞുപോയ പന്ത്രണ്ട് മാസങ്ങളില്‍ നാം എത്രയോ വട്ടം സത്യസന്ധമല്ലാതെ ജീവിച്ചിട്ടുണ്ട്. അവനവരോടും മറ്റുള്ളവരോടും..സത്യസന്ധമല്ലാത്ത അഭിപ്രായങ്ങള്‍..സംസാരങ്ങള്‍… മിക്കവാറും മറ്റൊരാളെ പ്രീതിപ്പെടുത്താനോ സ്വന്തം കാര്യം കാണാനോ മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റാനോ ആയിരിക്കും നാം സത്യസന്ധമല്ലാതെ പെരുമാറിയിട്ടുണ്ടാവുക.

എപ്പോഴും എവിടെയും സത്യസന്ധമാകുമ്പോള്‍ നമുക്ക് ചില നഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് ഇന്നത്തെ ലോകം നമ്മോട് പറയുന്നത്. എന്നിട്ടും ചില നഷ്ടങ്ങളെ കണക്കിലെടുക്കാതെ എവിടെയെങ്കിലും സത്യസന്ധനാകാന്‍  കഴിഞ്ഞുവെങ്കില്‍ അത് ഈ വര്‍ഷത്തെ നിങ്ങളുടെ നേട്ടമല്ലേ?
എല്ലാവരെയും സഹായിക്കാന്‍ നമുക്ക് കഴിയാറില്ല. പ്രത്യേകിച്ച് സാമ്പത്തികമായും  ശാരീരികമായും മറ്റും. എന്നാല്‍ ഒരാളെ ഒരു വാക്ക് കൊണ്ടോ നമ്മാല്‍ കഴിയുന്നവിധത്തിലോ ഈ വര്‍ഷം സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് നിസ്സാരകാര്യമല്ല. വലിയ കാര്യങ്ങള്‍ ചെയ്യുന്നതുവഴി മാത്രമല്ല നാം മറ്റൊരാളെ സഹായിക്കുന്നത്. ചില കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്, ചില വഴികള്‍ തെളിച്ചുകൊടുക്കുന്നത്, അറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്.. എല്ലാം ഓരോരോ വിധത്തിലുള്ള സഹായങ്ങളാണ്. എന്തിനേറെ ഒരാളെ അഭിനന്ദിക്കുന്നത്, അയാളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് എല്ലാം സഹായങ്ങളാണ്.

മറ്റൊരാളെ സഹായിക്കാത്ത ഒരു ദിവസം പോലും നിങ്ങളുടെ ആയുസിലുണ്ടാവരുതെന്നുള്ള വിശുദ്ധ ഏലിയാസച്ചന്റെ വാക്കുകള്‍ക്കെത്ര വ്യാപ്തിയാണുള്ളത്! സഹായത്തില്‍ ആശ്വാസവും സാന്ത്വനവും എല്ലാം ഉണ്ട്..പരിഗണനയും കരുതലുമുണ്ട്.. ഈ പറഞ്ഞ വകുപ്പില്‍ ആരെയെങ്കിലും സഹായിക്കാന്‍ സാധിച്ചുവെങ്കില്‍ നിങ്ങളുടെ ഒരു വര്‍ഷം സ്വാര്‍ത്ഥകമായെന്ന് പറയാം.ജീവിതത്തില്‍ അതും ഒരു വിജയമാണ്.
സമയത്തെയും സമ്പത്തെയും കുറിച്ചുള്ളതാണ് മറ്റൊരു കാര്യം. രണ്ടും ക്രിയാത്മകമായും നിഷേധാത്മകമായും നമുക്ക് വിനിയോഗിക്കാം. എപ്രകാരമാണ് ഇവ വിനിയോഗിച്ചത്? സമ്പത്തിനെ വിലയുള്ളതായി കാണുന്ന നമ്മള്‍ സമയത്തിന് അത്രമേല്‍ വില കല്പിക്കാറില്ല. കാരണം സമയത്തിന് നാം വില കൊടുക്കാറില്ല. സമയത്തിന് വിലയുണ്ടെന്ന് മനസ്സിലാക്കാതെ പോകുന്നതുകൊണ്ടുള്ള ദുരന്തമാണിത്.
സമയത്തെ നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കുന്നതിലും വലിയ ഭാഗ്യം മറ്റെന്താണുള്ളത്? പാഴാക്കിക്കളഞ്ഞ സമയത്തെക്കുറിച്ച് നാം ഓര്‍മ്മിക്കാറില്ല. എന്നാല്‍ വിനിയോഗിക്കപ്പെട്ട സമയത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മുടെ മനസ്സിലുണ്ട്.   എന്നിട്ടും സമയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമ്മില്‍ പലര്‍ക്കും കഴിയാറില്ല.
അനാവശ്യസംസാരത്തിലും അപവാദപ്രചരണത്തിലും അമിതമായ ടിവി കാഴ്ചയിലും മറ്റും മറ്റുമായി നാം എത്രയോ സമയം പാഴാക്കിക്കളയുന്നു. സൗന്ദര്യം മെച്ചപ്പെടുത്താന്‍ വേണ്ടി നാം ചെലവഴിക്കുന്ന സമയത്തിലും എത്രയോ കുറവാണ് ആരോഗ്യകാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നത്. !സൗന്ദര്യം എപ്പോഴും പായ്ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുന്നവയിലാണെന്ന് നാം കരുതുന്നു. അതിന് വേണ്ടി അത്രയധികമായി സമയം ചെലവഴിക്കേണ്ടതില്ല. സമ്പത്ത് മതിയാവും.
പക്ഷേ ആരോഗ്യശ്രദ്ധയ്ക്കുവേണ്ടി സമയവും കൂടി ചെലവഴിക്കേണ്ടതുണ്ട്. അമിതഭാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ നടത്തം,  വ്യായാമം തുടങ്ങിയവയും ആവശ്യമാണ്. അതിന് വേണ്ടി സമയം ചെലവഴിക്കാനും സുഖം കുറയ്ക്കാനും നമ്മളില്‍ പലര്‍ക്കും മടിയാണ്. അതുപോലെയാണ് പ്രാര്‍ത്ഥനയ്ക്കുവേണ്ടിയുള്ള സമയക്കാര്യവും. നമുക്ക് എന്തിനും സമയമുണ്ട്. പക്ഷേ പ്രാര്‍ത്ഥിക്കാന്‍ മാത്രം സമയമില്ല. പോയ വര്‍ഷം പ്രാര്‍ത്ഥനയിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത എത്രത്തോളം വലുതായിട്ടുണ്ട്? അല്പസമയം കൂടി പ്രാര്‍ത്ഥനയില്‍ ദൈവത്തോടായിരിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അത് വലിയ കാര്യമല്ലേ?
ഞാന്‍ എന്നെത്തന്നെ ഈ വര്‍ഷം എത്രത്തോളം സ്‌നേഹിച്ചു..എനിക്ക് എന്നോട് തന്നെ എത്രത്തോളം മതിപ്പ് തോന്നി? അതും ചിന്തിക്കേണ്ട ഒരു കണക്കെടുപ്പു തന്നെ. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും നമ്മെത്തന്നെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറവുകളും വൈകല്യങ്ങളോടും ന്യൂനതകളോടും ഒക്കെ കൂടി സ്വയം സ്‌നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സ്വന്തം വീഴ്ചകളെയും പോരായ്മകളെയും ഓര്‍ത്തോര്‍ത്ത് വിലപിക്കാനും  സ്വയം പരിഹസിക്കാനും മാത്രമേ നമുക്ക് സമയമുള്ളോ?
ആത്മനിന്ദയ്ക്ക് നാം ഒരിക്കലും ജീവിതം തീറെഴുതികൊടുക്കരുത്. കാരണം ചുറ്റുപാടുകള്‍ ചിലപ്പോള്‍ നമ്മെ പരാജിതരെന്നോ ജീവിക്കാന്‍ അറിയാത്തവരെന്നോ നഷ്ടങ്ങള്‍ വരുത്തിയവരെന്നോ വിധിയെഴുതിയേക്കാം. നാം കൂടി നമ്മെ അതേഗണത്തില്‍ പെടുത്തിയാലോ..?
ആത്മനിന്ദയാണ് പരനിന്ദയെക്കാള്‍ നമ്മെ തറപറ്റിക്കുന്നത്. ദിവസം മൂന്നുതവണ ഞാന്‍ പരാജയപ്പെട്ടവനാണെന്നും എന്നെ ആര്‍ക്കും സ്‌നേഹമില്ലെന്നും ഞാന്‍ പരാജയപ്പെട്ടവനാണെന്നും സ്വയം പറഞ്ഞുനോക്കൂ. ജീവിതത്തില്‍ ഒരിക്കലും പിന്നെ നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ചുറ്റുപാടുകള്‍ നിങ്ങളെനോക്കി നീ

പരാജയപ്പെട്ടവന്‍,സ്‌നേഹിക്കാനറിയാത്തവന്‍, നന്ദിയില്ലാത്തവന്‍, നഷ്ടങ്ങള്‍ വരുത്തുന്നവന്‍ എന്നിങ്ങനെ പലവട്ടം ആവര്‍ത്തിച്ചാലും ഞാന്‍ അങ്ങനെയൊന്നുമല്ല എന്ന് ദിവസത്തില്‍ ഒരുവട്ടമെങ്കിലും പറയാന്‍ കഴിഞ്ഞാല്‍ അത് ജീവിതവിജയത്തിലേക്കുള്ള ആദ്യചുവടുവയ്പ്പായിരിക്കും.
ചുറ്റുപാടുകളോട്, ചേര്‍ന്നുനില്ക്കുന്നവരോട്, അടുത്ത് ഇടപെടുന്നവരോട് നാം എത്രമാത്രം ഉത്തരവാദിത്തം നിറവേറ്റി, അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്കി എന്നതിന്റെയും കണക്കെടുപ്പ് നടത്തുക. അത് പ്രായം ചെന്ന മാതാപിതാക്കളോടാകാം.. നമ്മെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന ജീവിതപങ്കാളിയോടാവാം… മക്കളോടാകാം… കീഴുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും ആകാം..അവരെ എന്തുമാത്രം പരിഗണിച്ചു..സ്‌നേഹിച്ചു..ആദരിച്ചു..അവര്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞു.. ജീവിതത്തിന്റെ കണക്കെടുപ്പില്‍ ഇവയും പ്രധാനപ്പെട്ടതുതന്നെ.  നിങ്ങള്‍ എത്ര നല്ല സഹപ്രവര്‍ത്തകനാണ്..ജീവിതപങ്കാളിയാണ്.. രക്ഷകര്‍ത്താവാണ്..മകനാണ്/ മകളാണ്.

.സ്വന്തം മനസ്സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണെന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. ഭൗതികമായ സമ്പത്തോ പ്രശസ്തിയോ  നേടിയതുകൊണ്ടു മാത്രമല്ല നിങ്ങളുടെ ആയുസ്, നിങ്ങളുടെ വര്‍ഷം ശ്രേയസ്‌ക്കരമാകുന്നത്. ഓര്‍മ്മിക്കത്തക്കതാകുന്നത്..  മറിച്ച് ഇത്തരം ചില ചെറിയ കാര്യങ്ങളില്‍ എത്രത്തോളം നീതി പുലര്‍ത്തി എന്നതും അടിസ്ഥാനമാകണം.

മേല്പ്പറഞ്ഞ വിവിധ കാര്യങ്ങളില്‍ എവിടെയെങ്കിലും ചിലപ്പോള്‍ നമുക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം..വീഴ്ചകളുടെ കാരണം കണ്ടെത്തിയും പരിഹരിച്ചും മുന്നോട്ടുപോകാനുള്ളതാകണം ജീവിതത്തിന്റെ എല്ലാ കണക്കെടുപ്പുകളും.
പാഴാക്കിയ അവസരങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞ  സ്‌നേഹവും വെറുതെ കളഞ്ഞ സമയവും ഓര്‍ത്തുള്ള വിലാപങ്ങള്‍ ആത്മനിന്ദയിലേക്ക് കൈപിടിച്ചുനടത്തുകയല്ലാതെ മറ്റൊരു നേട്ടവും നമുക്ക് സമ്മാനിക്കുകയില്ല. അതുകൊണ്ട് പിന്നിട്ടുവന്ന വഴികളിലെ ജീവിതത്തിന്റെ കനല്‍പ്പാതകളെയോര്‍ത്ത് നാം ഇനിയെങ്കിലും ഖേദിക്കേണ്ടതില്ല. കുടിച്ചുതീര്‍ത്ത കയ്പ്പുകളെയോര്‍ത്ത് മനം വിങ്ങേണ്ടതുമില്ല. പാഴാക്കിക്കളഞ്ഞ അവസരങ്ങളെയോര്‍ത്ത് പരിതപിക്കേണ്ടതുമില്ല. ഓരോ പുതുവര്‍ഷവും പുതിയ തിളക്കമുള്ളതാണ്..ഓരോ പുതിയ വിജയങ്ങള്‍ സമ്മാനിക്കുന്നവയാണ്. അല്ലെങ്കില്‍ ഓര്‍ത്തുനോക്കൂ മുന്‍വര്‍ഷങ്ങളെക്കാള്‍ എവിടെയെങ്കിലും ചെറിയതാണെങ്കില്‍പോലും ഒരു വിജയം ഓരോ പുതിയ വര്‍ഷത്തിലും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാവില്ലേ?

പുതിയ വര്‍ഷം പുതിയ സ്വപ്നങ്ങളുടെ കാലമാണ്..  പിന്നിട്ടുപോയ വര്‍ഷങ്ങള്‍ ഭൂതകാലത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അത് അങ്ങനെയായിരുന്നു..അന്ന് അങ്ങനെയായിരുന്നു എന്ന മട്ടില്‍. ഭൂതകാലങ്ങള്‍ ചില പാഠം പറഞ്ഞുതരും. എന്നാല്‍  നമ്മുക്ക് അതിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. അതില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ടുപോവുക.

ഭാവിയാണ് നമുക്ക് സ്വന്തമാക്കാനുള്ളത്. നമ്മെ കാത്തുനില്ക്കുന്നതും ഭാവി മാത്രമേയുള്ളൂ.
പള്ളിയില്‍ ആരാധനയ്ക്കായി നാം പോകുമ്പോള്‍ അഴുക്കുനിറഞ്ഞ ഭാണ്ഡങ്ങളൊന്നും കൊണ്ടുപോകാറില്ലല്ലോ. ഏറ്റവും നല്ലതും ശുഭ്രമായതും മാത്രമാണ് നാം കൊണ്ടുപോകുന്നത്. അതുപോലെ തന്നെയാണ് പുതിയൊരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കേണ്ടതും. നല്ലതുമാത്രം കൂടെ കൊണ്ടുപോവുക.. അഴുക്കുനിറഞ്ഞ ഓര്‍മ്മകളെ മനസ്സില്‍ നിന്നും ഡിലേറ്റ് ചെയ്തുകളയുക…സ്‌നേഹിക്കാന്‍ കഴിയാതെ പോയതിന്റെ..സ്‌നേഹഭംഗം സംഭവിച്ചതിന്റെ..  വഞ്ചിക്കപ്പെട്ടതിന്റെ..  പരാജയപ്പെട്ടതിന്റെ.. കയ്പുനിറഞ്ഞ ഓര്‍മ്മകളെ ഉപേക്ഷിക്കേണ്ട ഇടമാണ് വര്‍ഷാന്ത്യം. ഉപേക്ഷിക്കേണ്ടവ പലതും ഉപേക്ഷിക്കാത്തതാണ് നമ്മുടെ തുടര്‍യാത്രകളെ പലപ്പോഴും ദുഷ്‌ക്കരമാക്കുന്നത്. അത് തെറ്റായ ചില ശീലങ്ങളാകാം.. വഴിവിട്ട ബന്ധങ്ങളാകാം.. പലതും പലതുമാകാം..
സ്‌നേഹിക്കാന്‍ നമുക്കിനിയും അവസരങ്ങളുണ്ട്..ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ സാധ്യതകളുണ്ട്..വിജയിക്കാന്‍ ഇനിയും ചില മേഖലകളുണ്ട്.. ഒന്നും അവസാന വാക്കല്ല ഇവിടെ.. കണ്ണീരുകള്‍ തുടയ്ക്കുകയും വിലാപഗാനം അവസാനിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്.പുതിയ തീരുമാനങ്ങളോടെയും പുതിയ സ്വപ്നങ്ങളോടെയും പുതുവര്‍ഷത്തിലേക്ക് കടക്കുക. നമ്മുടെ വിലാപഗീതങ്ങള്‍ ആനന്ദഗീതമാകട്ടെ..

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login