പത്രവിതരണക്കാരനായ വികാരിയച്ചന്‍

പത്രവിതരണക്കാരനായ വികാരിയച്ചന്‍

ചേര്‍ത്തല : പുരോഹിത ശുശ്രൂഷയ്ക്ക് പുറമെ ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് ഇറങ്ങി അവിടെയെല്ലാം വ്യത്യസ്തമുദ്രകള്‍ പതിപ്പിച്ചിട്ടുള്ള ഒരുപിടി വൈദികരെ നമുക്കെല്ലാം അറിയാം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഫാ. ബിനോയി ആലപ്പാട്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കിഴക്കുമുറി സെന്റ് തോമസ് പള്ളി വികാരിയായ ഇദ്ദേഹമാണ് ഇടവകയിലെ പത്രവിതരണക്കാരന്‍. പത്രവിതരണക്കാരന്റെ കുപ്പായമണിഞ്ഞ് വീട്ടുമുറ്റത്തെത്തിയ അച്ചനെ ആദ്യമായി കണ്ടപ്പോള്‍ വിശ്വാസികള്‍ക്ക് അത്ഭുതം അടക്കാനാവുമായിരുന്നില്ല. അപ്രതീക്ഷിതമായ ആ കാഴ്ചയില്‍ അവരില്‍ പലരും നടുങ്ങി.  പക്ഷേ ഇപ്പോള്‍ അവര്‍ക്കിത് പതിവു കാഴ്ചയാണ്.

നാട്ടിലെ പത്രവിതരണക്കാരന്‍ അസുഖബാധിതനായപ്പോഴാണ് സ്വമനസ്സാലെ സന്തോഷപൂര്‍വ്വം ബിനോയി അച്ചന്‍ ഈ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ന് ചേര്‍ത്തല കെഎസ് ആര്‍ടി സി ബസ് സ്റ്റാന്‍ഡ് മുതല്‍ കിഴക്കുമുറി പ്രദേശം മുഴുവന്‍വരെ പത്രം വിതരണം ചെയ്യുന്നത് അച്ചനാണ്. പുലര്‍ച്ചെ 3.45 ന് തുടങ്ങുന്നു അച്ചന്റെ പത്രവിതരണം. ഒന്നരമണിക്കൂര്‍ കൊണ്ട് എഴുപത്തിയഞ്ച് വീടുകളില്‍ അച്ചന്‍ പത്രം വിതരണം ചെയ്യുന്നു.

പത്രവിതരണം വഴി ഇടവകയിലെ എല്ലാ ആളുകളുമായി കൂടുതല്‍ സ്‌നേഹബന്ധം പുലര്‍ത്താനും അതുവഴി അവരെ പള്ളിയിലേക്ക് കൂടുതല്‍ ചേര്‍ത്തുനിര്‍ത്താനും കഴിയുന്നതായി അച്ചന്‍ പറയുന്നു. ക്ലരീഷ്യന്‍ സന്ന്യാസസമൂഹാംഗമാണ് ഫാ. ബിനോയ്.

You must be logged in to post a comment Login