“പോട്ടെ…” എന്ന് ചാക്യാർ പറഞ്ഞു; പോകും മുൻപ് ദൈവവും പറഞ്ഞു!

“പോട്ടെ…” എന്ന് ചാക്യാർ പറഞ്ഞു; പോകും മുൻപ് ദൈവവും പറഞ്ഞു!
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പോട്ട – ഡിവൈൻ വചനവേദികളിൽ മുഴങ്ങിക്കേട്ട സ്വരമായിരുന്നു രാമൻ ചാക്യാരുടെത്.  കഴിഞ്ഞ ജൂൺ പതിമൂന്നിന് ആകസ്മികമായി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ആ മരണം ഭാര്യ സുഭദ്ര ചാക്യാർക്കും മകൻ രാജേഷിനും മകൾ രജനിക്കും അത്ഭുതകരമായി വെളിപ്പെടുത്തിക്കൊടുത്തു ദൈവം. തന്റെ സഹചാരിയായിരുന്ന രാമൻ ചാക്യാരെ ഓർമിക്കുകയാണ് പ്രശസ്‌ത വചനപ്രഘോഷകൻ ഫാദർ ജോർജ് പനക്കൽ വിസി.
പോട്ടയില്‍ അനുദിന  വചനപ്രഘോഷണം ആരംഭിച്ച കാലഘട്ടം. വചനം കേള്‍ക്കാനായി വിദൂരസ്ഥർ പോലും പോട്ടയിലെ വിൻസെൻഷ്യൻ ആശ്രമത്തിന്റെ പരിമിതിയിലേക്ക് ഒഴുകിയെത്തുന്ന കാലം. അങ്ങനെയൊരു വൈകുന്നേരം ആശ്രമത്തോടു ചേർന്നുള്ള ദേവാലയത്തിലെ  ശുശ്രൂഷ കഴിഞ്ഞ് ആശ്രമവരാന്തയിലൂടെ നടന്നുവരികയാണ് ഞാൻ.
വരാന്തയില്‍ അനക്കമറ്റ് ഒരാൾ കിടക്കുന്നതാണ് കണ്ടത്; അയാൾക്ക് ചുറ്റും കുറെ ആളുകള്‍ കൂടി നിൽക്കുന്നുമുണ്ട്. ഞാൻ  ആന്തലോടെ ഓടിയെത്തി.
“പേടിക്കേണ്ട. കുടിച്ചു ബോധമില്ലെന്നേയുള്ളു. കണ്ടിട്ട് ബ്രാഹ്മണനാണെന്ന് തോന്നുന്നു. ഒരു പൂണൂലുണ്ട്.”- കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു.
ഞാൻ  കുനിഞ്ഞുനോക്കി. ശരിയാണ്; ഒരു പൂണൂലുണ്ട്! നേരിയ ബോധവുമുണ്ട്.
അദ്ദേഹത്തെ പിടിച്ചെണീല്പിച്ച് അടുത്തുള്ള മുറിയിലേക്ക്  കൊണ്ടുപോയി. നേരിയ ശബ്ദത്തിൽ എന്തോ പുലന്പുന്നുണ്ട് കക്ഷി. ഞാൻ ചെവിയോർത്തു.  ഒരേകാര്യം തന്നെയാണ്  ആവർത്തിച്ചു പറയുന്നത്. ‘തന്റെ ഭാര്യയെ കാണുന്നില്ല; അവള്‍ എവിടെ പോയിരിക്കും? അവള്‍ക്ക് എന്തുപറ്റിക്കാണും? അവള്‍ ആത്മഹത്യ ചെയ്തുകാണുമോ?’ഇതാണ് അർദ്ധബോധത്തിലും അയാൾ ആവർത്തിക്കുന്നത്.
ഒന്നുറങ്ങിയെഴുന്നേറ്റാൽ അൽപ്പമൊരു ബോധം വരും. അതിനുവേണ്ടി ഞാൻ കാത്തിരുന്നു.
ഒടുവിൽ നെടുവീർപ്പുകളോടെ അയാൾ പറഞ്ഞുതുടങ്ങി. പേര് രാമൻ ചാക്യാർ. ചാലക്കുടിയിലെ എഫ്എസിടി ഡിപ്പോ മാനേജർ. ഭാര്യയും രണ്ടുമക്കളും. സന്തുഷ്ടമായി കഴിഞ്ഞുകൂടാവുന്നതേയുള്ളു. പക്ഷേ, അദ്ദേഹത്തിനൊരു ബലഹീനതയുണ്ട്; മദ്യം. ബോധം മറയുവോളം മദ്യപിക്കുന്നതാണ് ശീലം. ഭാര്യ സുഭദ്ര കരഞ്ഞും കലഹിച്ചും നോക്കിയിട്ടും ഫലമില്ല. ഒടുവിൽ അവളൊരു ഉറച്ച തീരുമാനം പറഞ്ഞു: “ഇനിയും മദ്യപിച്ചാൽ നിങ്ങളെന്നെ കാണില്ല.”
ആ രാത്രിയും മദ്യപിച്ചായിരുന്നു ചാക്യാരുടെ വരവ്. ഇടറുന്ന കാലടികളുമായി കിടക്കയിൽ വീണ് അന്നും ബോധം കെട്ടുറങ്ങി. ഉറക്കമുണർന്നപ്പോൾ സമീപത്ത് സുഭദ്രയില്ല. വീട്ടിനുള്ളിലുമില്ല അവർ. മക്കളെ വിളിച്ചെഴുന്നേല്പിച്ചു തിരക്കി. അവർക്കുമറിയില്ല അമ്മ എവിടെയെന്ന്. അന്വേഷിക്കാവുന്ന ഇടങ്ങളിലെല്ലാം രാമൻ ചാക്യാർ ഭാര്യയെ തിരക്കി. ഇല്ല, ഒരിടത്തും ചെന്നിട്ടില്ല സുഭദ്ര. അവൾ കടുംകൈ വല്ലതും ചെയ്തുകാണുമെന്ന് ഉറപ്പിച്ചു ചാക്യാർ. ആ സങ്കടം മറക്കാനായിരുന്നു അന്നത്തെ മദ്യപാനം. അതിന്റെ അവസാനമാണ് ആശ്രമവരാന്തയിലെ ‘കുടികിടപ്പ്’.
സുഭദ്രയെത്തേടി നാലുപാടും ആശ്രമത്തിൽ നിന്ന് ആളുകളെ അയച്ചു. ഒടുക്കം, ഗുരുവായൂർ ക്ഷേത്രത്തിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവരെ കണ്ടെത്തി. ഒരുപാട് മദ്യപാനികൾ കുടിനിർത്താൻ കാരണമായ പോട്ടയിലെ ധ്യാനത്തിൽ തന്റെ ഭർത്താവും പങ്കെടുത്തുവെങ്കിൽ എന്ന് മോഹിച്ചു സുഭദ്ര. ആ ആഴ്ചയിൽ രാമൻ ചാക്യാർ പോട്ടയിൽ ധ്യാനത്തിനിരുന്നു. ഒരു വഴിത്തിരിവായിരുന്നു അത്. ജീവിതത്തിൽ കെട്ടുപോയ വെളിച്ചം തിരിച്ചുകിട്ടുകയായിരുന്നു അദ്ദേഹത്തിന്.
ചാക്യാർമാരുടെ കുലത്തൊഴിലാണ് കൂത്ത്. കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകല; ക്ഷേത്രകലയാണ് അത്. പക്ഷേ,എല്ലാ സാത്വിക ഗുണങ്ങളും മദ്യത്തിന്റെ ലഹരിയിൽ കെട്ടുപോവുകയായിരുന്നു.
ഒരു ചെയിൻ സ്മോക്കർ ആയിരുന്നു  അദ്ദേഹം. സിഗറററുമായിട്ടാണ് അദ്ദേഹം ധ്യാനത്തിന് വന്നതും. രാത്രിയില്‍ എല്ലാവരും ഉറങ്ങുന്പോൾ  അദ്ദേഹം ബാത്ത്‌റൂമില്‍ ചെന്നിരുന്ന് സിഗററ്റ് വലിക്കും. ഇങ്ങനെ മൂന്നുദിവസം കഴിഞ്ഞു. ധ്യാനത്തിന്റെ നാലാം ദിവസവും പതിവുപോലെ ബാത്ത് റൂമില്‍ കയറി സിഗററ്റ് കത്തിച്ചു. അപ്പോള്‍ അസാധാരണമായ ഒരു അനുഭവം അദ്ദേഹത്തിനുണ്ടായി. വായില്‍ കയ്പ് രസം നിറയുന്നതുപോലെയും ഛര്‍ദ്ദിക്കാന്‍ വരുന്നതുപോലെയും തോന്നല്‍. അതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം. ഏറെ ശ്രമിച്ചിട്ടും അദ്ദേഹത്തിന് സിഗററ്റ് വലിക്കാന്‍ കഴിഞ്ഞില്ല. സിഗററ്റ് വലിച്ചൊടിഞ്ഞു കളഞ്ഞിട്ടാണ് അദ്ദേഹം ബാത്ത് റൂമില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരിക്കലും സിഗററ്റ് കൈ കൊണ്ട് തൊട്ടിട്ടില്ല ചാക്യാർ. മാത്രവുമല്ല, ആരെങ്കിലും അടുത്തു നിന്ന് സിഗററ്റ് വലിച്ചാലും ഓക്കാനം വരുമായിരുന്നു അദ്ദേഹത്തിന്.
ഇങ്ങനെ മദ്യപാനവും പുകവലിയും നിര്‍ത്തിയ രാമന്‍ചാക്യര്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പോട്ടയില്‍ എത്തുന്നത് പതിവായി. ജോലിയില്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയം പോട്ട ആശ്രമത്തില്‍ വന്ന് ദൈവവചനം കേള്‍ക്കുന്നതായി പിന്നീട് അദ്ദേഹത്തിന്റെ ലഹരി. താമസിച്ചുള്ള ധ്യാനം കൂടി കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുഭദ്രാ ചാക്യാർ  ദൈവം നല്കിയ അനുഗ്രഹങ്ങള്‍ തനിക്ക് സാക്ഷ്യപ്പെടുത്തണമെന്ന് പറഞ്ഞു.
സാക്ഷ്യം പറയുന്നതിന് മുന്പ്  പോട്ട ചാപ്പലിന്റെ സങ്കീര്‍ത്തിയില്‍ വച്ച് ഞാന്‍ സുഭദ്രയുടെ തലയില്‍കൈകള്‍ വച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പെട്ടെന്നൊരു തോന്നലുണ്ടായി. അവര്‍ ഹിന്ദുവായതുകൊണ്ട്  സാക്ഷ്യം പറയുന്നത് എങ്ങനെയായിരിക്കും? സാക്ഷ്യം പറയുന്നതില്‍ അവര്‍ക്ക് ആശങ്കകള്‍ വല്ലതുമുണ്ടോ? സാക്ഷ്യം പറയുന്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും  സുഭദ്ര എന്നോട് പറഞ്ഞു: ‘അച്ചന്‍ വിചാരിക്കുന്നതുപോലെ ദൈവാനുഭവം ഇല്ലാത്ത ആളൊന്നുമല്ല ഞാന്‍. എന്റെ ഈശോയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയാം.’
പിന്നെ ഞാന്‍ ഒന്നും സുഭദ്രയോട് പറയാന്‍ പോയില്ല.  അന്ന് ആദ്യമായി പോട്ട ആശ്രമത്തില്‍ വച്ച് സുഭദ്രാ ചാക്യാര്‍ മൈക്കിലൂടെ യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു. ‘ആകാശത്തിന് കീഴില്‍, മനുഷ്യര്‍ക്ക് ഇടയില്‍ നമ്മുടെ രക്ഷക്കുവേണ്ടി യേശുവല്ലാതെ  മറ്റാരുമില്ലെന്നും മറ്റൊരു നാമവും മാനവരക്ഷക്ക്  നല്കപ്പെട്ടിട്ടില്ലെന്നും യേശു ഏക രകഷകനാണെന്നും’ സുഭദ്ര പറഞ്ഞു. അനേകരുടെ ഹൃദയത്തെ സ്പർശിച്ചു ആ വാക്കുകൾ.
സാക്ഷ്യത്തിന് അവിചാരിതമായി കാതുകൊടുക്കുക്കുകയായിരുന്നു  സുവിശേഷപ്രഘോഷകനായ അഡ്വ ഏഎം മാത്യു. അപ്രതീക്ഷിതമായി സാക്ഷ്യംകേട്ട മാത്യു സാർ രണ്ടുതവണ സന്തോഷത്താലും ആനന്ദത്താലും തുള്ളിച്ചാടി. അദ്ദേഹം എന്നോടു പറഞ്ഞു: ‘ഇതുപോലൊരു സാക്ഷ്യം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് സുഭദ്ര ചാക്യാരും രാമന്‍ ചാക്യാരും തങ്ങള്‍ക്ക് കിട്ടിയ ദൈവാനുഭവം സാക്ഷ്യപ്പെടുത്തിതുടങ്ങി. പലരുടെയും ജീവിതങ്ങളെ ആ സാക്ഷ്യം സ്വാധീനിച്ചു.
ഒരിക്കല്‍ ചാലക്കുടിഭാഗത്ത് നിന്ന് രണ്ടു പേര്‍ തങ്ങളുടെ കുടുംബ യൂണിറ്റില്‍ സാക്ഷ്യം പറയാനായി സുഭദ്ര ചാക്യാരെ വിളിച്ചു കൊണ്ടുപോയി. ഈശോയെക്കുറിച്ചുള്ള പറയാനുള്ള ആവേശത്തില്‍ അവര്‍ സന്തോഷത്തോടെ പോകുകയും ചെയ്തു. മൈക്കിലൂടെയായിരുന്നു അവിടെയും  സാക്ഷ്യം പറഞ്ഞത്. സാക്ഷ്യം പറഞ്ഞ് തിരികെ വീട്ടിലെത്തിയ രാമന്‍ചാക്യാര്‍ക്കും സുഭദ്രക്കും  ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍  വീട്ടുവരാന്തയില്‍ നിന്നൊരു കത്തു കിട്ടി. ‘ഇനി എന്നെങ്കിലും ഹിന്ദുവിശ്വാസത്തിന് എതിരായി സംസാരിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്താല്‍  തലയറുക്കും’  ഇതായിരുന്നു കത്തിലെ ഭീഷണി.
കത്തുവായിച്ച ഉടന്‍ തന്നെ അവര്‍ ഡിവൈനിലെത്തി കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു. ഇനി എവിടെയെങ്കിലും പോവുകയാണെങ്കില്‍ അത് അച്ചന്മാരുടെ അനുവാദത്തോടുകൂടിയേ പോകാവൂ എന്നും പറഞ്ഞു. ജീവിതാവസാനം വരെ അവരത് പാലിക്കുകയും ചെയ്തു.
പിന്നീട് വചനം കേള്‍ക്കാനുള്ള അതീവ താല്പര്യത്തോടെ അവര്‍ എല്ലാ ധ്യാനങ്ങളിലും പോയിതുടങ്ങി. അങ്ങനെ ഒരിക്കല്‍ ഒരു ഇടവകധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു രാമന്‍ചാക്യാരും ഭാര്യയും. ധ്യാനത്തിനിടയില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ധ്യാ നഗുരുവിന്റെ ഒരു അറിയിപ്പ് അവര്‍ കേട്ടു: ‘മാമ്മോദീസാ സ്വീകരിക്കാത്തവര്‍ ആരെങ്കിലും ഇവിടെയിരിപ്പുണ്ടെങ്കില്‍ അവര്‍ ഇറങ്ങിപ്പോകണം.’ സങ്കടത്തോടെയാണ് അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോയത്.
ഈ  ദു: ഖം പറയാനായി അവര്‍  ഡിവൈനിലെത്തി. ദൈവവചനം അവര്‍ക്ക് അത്രമേല്‍ പ്രിയമായിക്കഴിഞ്ഞിരുന്നു. പോട്ടയിലെ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചിരുന്ന അവര്‍ ബൈബിളെടുത്ത് തുറന്ന് നോക്കിയപ്പോള്‍ കിട്ടിയത് “ഞാന്‍ നിന്റെ കൂടെയുണ്ട്” എന്ന തിരുവചനമായിരുന്നു. അതവരെ  വളരെയധികം ആശ്വസിപ്പിച്ചു.
“ദേവാലയത്തില്‍ നിന്ന് വൈദികന്‍ ഞങ്ങളെ ഇറക്കിവിട്ടെങ്കിലും  യേശുവും ഞങ്ങളുടെ കൂടെ ഇറങ്ങിപ്പോന്നു”  എന്നാണ് അവര്‍ അതേക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ പലതരം ദു:ഖകരമായ അനുഭവങ്ങളും അവര്‍ക്കുണ്ടായിട്ടുണ്ട്. സുഭദ്രാ ചാക്യാര്‍ ധ്യാനം കൂടിയ നേരത്ത് ഉണ്ടായ അനുഭവം ശ്രദ്ധേയം.
ധ്യാനത്തിന്റെ അവസാനദിവസം. എല്ലാവരും അഭിഷേകപ്രാര്‍ത്ഥനക്കുവേണ്ടി കുന്പ സാരിച്ച് പ്രാര്‍ത്ഥിച്ചൊരുങ്ങി. ദിവ്യകാരുണ്യം എഴുന്നെള്ളിവച്ച് അതിന്റെ മുന്പിലായിരുന്നു എല്ലാവരും പ്രാര്‍ത്ഥിച്ചിരുന്നത്. ഈ നേരം സുഭദ്ര ചാക്യാര്‍ അനിയന്ത്രിതമായി കരഞ്ഞുതുടങ്ങി. വോളയന്റിയേഴ്‌സ് അവരെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും കരച്ചില്‍ അടക്കാന്‍ സുഭദ്രക്ക്  കഴിയുന്നുണ്ടായിരുന്നില്ല. ശുശ്രൂഷകര്‍ എന്നെ വിവരം അറിയിച്ചു. ഞാന്‍ ചെന്നപ്പോഴും സുഭദ്ര കരച്ചിലായിരുന്നു.
ഞാന്‍ ചോദിച്ചു: “സുഭ്രേദ എന്തിനാണ് കരഞ്ഞത്?”
സുഭദ്ര പറഞ്ഞു: “ദിവ്യകാരുണ്യത്തില്‍  നോക്കിയിരുന്നപ്പോള്‍ ഞാന്‍ കണ്ടത് ഈശോയെ അല്ല; ഒരു ശവപ്പെട്ടിയാണ്.”
“പെട്ടിക്കുള്ളില്‍ ആരെയാണ് കണ്ടത്” – ഞാന്‍ ചോദിച്ചു.
“ആരാണെന്ന് കണ്ടില്ല”-  സുഭദ്ര പറഞ്ഞു.
“വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുവച്ച് അത് നോക്കിയിരുന്നപ്പോഴാണ് ഈ ദര്‍ശനം കണ്ടത്. അതുകൊണ്ട്, ദൈവം തന്നെ ഈ ദര്‍ശനത്തിന് അര്‍ത്ഥം പറയട്ടെ”  – ഞാന്‍ പറഞ്ഞു.
സുഭദ്ര പ്രാര്‍ത്ഥിച്ചു ബൈബിള്‍ തുറന്നു. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഇതായിരുന്നു:
“ആസക്തികളാല്‍ കലുഷിതനായ നിങ്ങളുടെ പഴയ മ നുഷ്യനെ ഉരിഞ്ഞെറിയുവിന്‍.”
ദൈവം ആ വചനത്തിലൂടെ സംസാരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പറഞ്ഞു: “പഴയ സുഭദ്ര മരിച്ചിരിക്കുന്നു. ഇനിയുള്ളത്, പുതിയ സുഭദ്ര. ആ പഴയ സുഭദ്രയാണ് ശവപ്പെട്ടിയിലായിരിക്കുന്നത്. നിങ്ങള്‍ മാമ്മോദീസാ സ്വീകരിക്കാത്തതുകൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ക്ക് ഇതിലൂടെ ദൈവം പരിപൂര്‍ണ്ണമായ പാപമോചനം നല്കിയിരിക്കുന്നു. ഈ വ്യക്തമായ ദര്‍ശനമാണ് ദൈവം ഇതിലൂടെ നല്കിയിരിക്കുന്നത്.”
ഇത് ഞാന്‍ പറഞ്ഞപ്പോള്‍ സുഭദ്രക്ക്  വലിയ സന്തോഷമായി. പൊട്ടിക്കരച്ചില്‍ പൊട്ടിച്ചിരിയായി മാറി. സാക്ഷ്യത്തിലൂടെ അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ഈ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്.
രാമന്‍ചാക്യാര്‍ സാക്ഷ്യവേദിയില്‍ നിന്നുകൊണ്ട് താന്‍ എങ്ങനെയാണ് പോട്ടയിലേക്ക്  വന്നത് എന്ന് വിശദീകരിച്ചത്  ഇങ്ങനെയാണ്: “ദു:ഖിതനായി ബാറില്‍ കയറി വീണ്ടും മദ്യപിച്ചു. മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ നിന്ന് ഒരു ഓട്ടോക്ക്  കൈകാണിച്ചു. എഫ്എസിറ്റിയിലെ ഡിപ്പോ മാനേജറായിരുന്നതുകൊണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിചിതനായിരുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ‘പോട്ടെ, എങ്ങോട്ടെങ്കിലും പോട്ടെ’ എന്ന അര്‍ത്ഥത്തില്‍ ‘പോട്ടെ’ എന്നാണ് പറഞ്ഞത്. ഡ്രൈവര്‍ അത് കേട്ടതും മനസ്സിലാക്കിയതും ‘പോട്ട’ എന്നായിരുന്നു. കാരണം പല മദ്യപന്മാരും മദ്യപാനം നിര്‍ത്താനായി പോട്ടയില്‍ വരുന്നത് ഡ്രൈവർക്ക് അറിയാമായിരുന്നു. അങ്ങനെ ആ ഓട്ടോക്കാരൻ പോട്ടയില്‍ കൊണ്ടുവന്നിറക്കി വരാന്തയില്‍ കിടത്തിയിട്ട് പോയി.”
പടിപടിയായി മക്കളും ദൈവാനുഭത്തിലേക്ക് എത്തുകയായിരുന്നു. ഒരു യുവജനധ്യാനത്തില്‍ പങ്കെടുത്തതാണ് ഈ ദന്പതികളുടെ മകന്‍ രാജേഷിന്റെ  ജീവിതത്തെ മാറ്റിമറിച്ചത്. “വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവന്  നിത്യജീവനുണ്ട്” എന്ന തിരുവചന ഭാഗമാണ് രാജേഷിന്റെ ജീവിതത്തെ സ്വാധീനിച്ചത്.
തനിക്ക് മാമ്മോദീസാ സ്വീകരിക്കണമെന്ന ആഗ്രഹം മകന്‍ മാതാപിതാക്കളെ അറിയിച്ചു. അവര്‍ മകന്റെ വായില്‍ നിന്ന് ഇങ്ങനെയൊന്ന് കേള്‍ക്കാനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു.  മകന്‍ മാമ്മോദീസാ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വാര്‍ത്ത ആ ദന്പതികളെ വളരെയധികം  സന്തോഷിപ്പിച്ചു.
മാമ്മോദീസാ സ്വീകരിക്കണം എന്ന ആഗ്രഹം ചാലക്കുടിയിലെ ഒരു ഇടവകവൈദികനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്ക് നിങ്ങള്‍ക്ക് മാമ്മോദീസാ നല്കുന്നതില്‍ സന്തോഷമേയുള്ളു. പക്ഷേ ഇവിടെവച്ച് നിങ്ങള്‍ക്ക് മാമ്മോദീസാ നല്കിയെന്ന് ഏതെങ്കിലും വര്‍ഗ്ഗീയവാദികള്‍ അറിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് മറ്റെവിടെ നിന്നെങ്കിലും നിങ്ങള്‍ മാമ്മോദീസാ സ്വീകരിച്ചുവന്നാല്‍ ഇടവകക്കാരായി നിങ്ങളെ ഞാന്‍ എന്റെ പള്ളിയില്‍ ചേര്‍ക്കാം.”
അങ്ങനെ വികാരിയച്ചന്റെ അനുവാദത്തോടെ പോട്ടയില്‍ വച്ച് രാമന്‍ ചാക്യാരും ഭാര്യയും രണ്ടുമക്കളും മാമ്മോദീസാ സ്വീകരിച്ചു. അന്നുമുതല്‍ വിശുദ്ധകുര്‍ബാന അവരുടെ ജീവിതത്തിന്റെ ഭാഗമായി.
ഇങ്ങനെ സന്തോഷപ്രദമായി ജീവിതം മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന അവസരത്തിലാണ് രാമന്‍ചാക്യാര്‍ക്ക് ഒരു പ്രമോഷന്‍ സാധ്യതയുണ്ടായത്. പ്രമോഷനായതുകൊണ്ട് അത് സ്ഥലംമാറ്റത്തോടെ ആയിരിക്കുമെന്നും അത് കേരളത്തിന് വെളിയിലേക്കായിരിക്കുമെന്നും ഉറപ്പായിരുന്നു. അങ്ങനെ പോകേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെ പല കാര്യങ്ങളും പ്രതിസന്ധിയിലാകും. അതുകൊണ്ട് സ്ഥലംമാറ്റം ഒഴിവായിക്കിട്ടുന്നതിന് വേണ്ടി പലവഴിക്ക് ഞങ്ങള്‍ എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു. ട്രാൻസ്‌ഫർ  മാറിക്കിട്ടിയില്ല, ആന്ധ്രാപ്രദേശിലേക്കായിരുന്നു അത്. ആ സ്ഥലത്ത് വച്ചാണ് രാമന്‍ചാക്യാര്‍ മദ്യപാനിയായത്. അതുകൊണ്ട് ആ സ്ഥലത്തേക്ക് തന്നെ പോകുന്നതിന് അവര്‍ക്ക്  മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ പോകാതിരിക്കാനാവില്ലല്ലോ.
മകന്‍ രാജേഷ് ഡിവൈനില്‍ ഗാനശുശ്രൂഷയുമായി സഹകരിച്ച് പോകുന്നതിനാല്‍ രാജേഷിനെ ഇവിടെ നിര്‍ത്തിയിട്ട് പോകാന്‍ തീരുമാനമായി. മകള്‍ രജനിയെ  ഇരിങ്ങാലക്കുട ഹോളിഫാമിലി സിസ്റ്റേഴ്‌സിന്റെ ഹോസ്റ്റലിലുമാക്കി. അങ്ങനെ ഭാര്യയും ഭര്‍ത്താവും കൂടി ആന്ധ്രയിലേക്ക് പോയി. രജനി ഹോസ്റ്റലില്‍ നിന്ന്  പോട്ടയിലേക്ക് ധ്യാനത്തിനായി ജാതിമതഭേദന്യേ പല കുട്ടികളേയും കൂട്ടിക്കൊണ്ടുവന്നിരുന്നു. ഒരു വര്‍ഷത്തിന് ശേഷം രാമന്‍ചാക്യാര്‍ക്ക് കേരളത്തിലേക്ക് തിരികെ മാറ്റം കിട്ടി.
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ഡിവൈനെക്കുറിച്ച് ആന്ധ്രായിലുള്ളവര്‍ കേട്ടറിഞ്ഞ് ധ്യാനം കൂടാനായി ഇവിടെയെത്തിയത്. വിരലിലെണ്ണാവുന്നവരായിരുന്നു അവര്‍. അവരെ ധ്യാനിപ്പിക്കാനുള്ള ഉത്തരവാദിത്തം രാമന്‍ ചാക്യാര്‍ക്കും സുഭദ്രക്കുമാണ് ലഭിച്ചത്. ദൈവത്തിന്റെ പ്രത്യേകമായ ഒരു പദ്ധതിയായിട്ടാണ് ഇതേക്കുറിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവാത്മാവ് വെളിപ്പെടുത്തിതന്നത്.
കാരണം, പത്ത് പതിമൂന്ന് വര്‍ഷം മുന്പ്  ആന്ധ്രയില്‍ പോയി അവിടെത്തെ ഭാഷ പഠിച്ചുവെങ്കിലും വീണ്ടും കേരളത്തിലെത്തിയപ്പോള്‍ രാമന്‍ ചാക്യാരും ഭാര്യയും ആ ഭാഷയെല്ലാം മറന്നുപോയിരുന്നു. വിസ്മരിച്ചുകളഞ്ഞ ആ ഭാഷ വീണ്ടും പഠിക്കാനും അതില്‍ പരിശീലനം നല്കാനുമായിട്ടായിരുന്നു ഒരു പ്രമോഷന്‍ ട്രാൻസ്‌ഫറിലൂടെ  ദൈവം ആ കുടുംബത്തെ ആന്ധ്രയിലെത്തിച്ചത്. പിന്നീട് ഡിവൈനിലെ തെലുങ്ക്  ധ്യാനങ്ങള്‍ മുഴുവന്‍ നടത്തിയത് ഈ ദന്പതികളായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ പതിമൂന്നാം തീയതി ഡിവൈനിലുള്ള പതിവ് തെലുങ്ക് ശുശ്രൂഷയിലും രാമൻ ചാക്യാരും ഭാര്യയും സജീവമായി പങ്കുചേര്‍ന്നിരുന്നു. ശുശ്രൂഷക്ക്  ശേഷം ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് നെഞ്ചുവേദന കലശലായി. ഉടന്‍ തന്നെ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ  വാഹനത്തില്‍ ചാലക്കുടി ധന്യ ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ വച്ച് വീണ്ടും ഹാര്‍ട്ട് അറ്റാക്കുണ്ടായി. ഭാര്യയും മരണസമയത്ത് അടുത്തു ണ്ടായിരുന്നു. ഭാഗ്യമരണമായിരുന്നു അദ്ദേഹത്തിന്റേത്. വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ഒരുങ്ങിയുള്ള മരണമായിരുന്നു അത്.
രാമന്‍ ചാക്യാർ മരിക്കുന്പോള്‍ ഞാന്‍ യുകെയിലായിരുന്നു.
ചാക്യാരുടെ മൃതസംസ്‌കാരത്തിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ സുഭദ്രയെ ഫോണിൽ വിളിച്ചു. അപ്പോള്‍ സുഭദ്ര എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. അന്ന് രാവിലെ മുതല്‍ സുഭദ്രയുടെ മനസ്സില്‍  തങ്ങളുടെ കുടുംബത്തില്‍ ഒരു മരണം സംഭവിക്കാന്‍ പോകുന്നു എന്ന ചിന്ത കടന്നുവന്നിരുന്നു. ശബ്ദമായിട്ടും ദര്‍ശനമായിട്ടുമായിരുന്നു അത്. എന്നാല്‍ മരണത്തെക്കുറിച്ചുള്ള ചിന്തയായതിനാല്‍ അത് മറ്റാരുമായിട്ടെങ്കിലും പങ്കുവക്കാൻ  സുഭദ്രക്ക്  തോന്നിയില്ല.
എന്നാല്‍ ഭര്‍ത്താവിന് നെഞ്ചുവേദനയുണ്ടാകുകയും വേദന കലശലാകുകയും ചെയ്തപ്പോള്‍ സുഭദ്രക്കു  മനസ്സിലായി, തന്റെ ഭര്‍ത്താവ് മരിക്കാന്‍ പോവുകയാണെന്ന്. അതാണ് ദൈവം രാവിലെ തന്നെ തനിക്ക് അത്തരമൊരു തോന്നല്‍ നല്കിയത്.
അങ്ങനെ ദൈവം മുന്‍കൂട്ടി അറിയിച്ചതാണ് എന്ന് മനസ്സിലാക്കിയതുകൊണ്ട്  അവിചാരിതമായ മരണമല്ല, ദൈവത്തിന്റെ അനന്തപദ്ധതിയുടെ ഭാഗമാണെന്ന ഉത്തമമായ ബോധ്യം അവര്‍ക്ക് ലഭിച്ചതുകൊണ്ട് ഭര്‍ത്താവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ സുഭദ്രക്ക്  കഴിഞ്ഞു. ഭര്‍ത്താവ്  വേര്‍പിരിഞ്ഞതിന്റെ വേദനയുണ്ടെങ്കിലും ഭര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ ഈശോയോടൊപ്പം വസിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഒരുപരിധിവരെ ആനനദിക്കുവാന്‍ സുഭദ്രക്ക്  കഴിയുന്നുണ്ട്. അതുകൊണ്ട് മരണം ഉണ്ടാക്കാനിടയുള്ള എല്ലാ തകര്‍ച്ചകളില്‍ നിന്നും ദൈവം അങ്ങനെ ഈ കുടുംബത്തെ അത്ഭുതകരമായി രക്ഷിച്ചു.
മകന്‍ രാജേഷിനോട് സംസാരിച്ചപ്പോഴും അവനും ഇതേകാര്യം തന്നെയാണ് എന്നോട് പറഞ്ഞത്. അന്ന് രാവിലെ മുതല്‍ ദൈവം ഇത്തരത്തിലുള്ള  ശക്തമായ മരണചിന്ത നല്കിയിരുന്നുവെന്നാണ് അവൻ പറഞ്ഞത്: “ഡാഡിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഡാഡിയെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് ഈശോക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞു.”
മകളും ഇങ്ങനെ തന്നെയാണ് എന്നോട് പറഞ്ഞത്.
ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ലെന്നും ദൈവം എടുക്കുന്ന തീരുമാനമാണ് ഏറ്റവും നല്ലതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ആ  മരണത്തെ ദൈവത്തോടുകൂടി സ്വീകരിക്കുവാന്‍ കഴിഞ്ഞുവെന്ന് മകളും പറഞ്ഞു. അങ്ങനെ ഒരു കുടുംബത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യം ദൈവം  ആ കുടുംബത്തിലെ മൂന്നുപേര്‍ക്കും വെളിപെടുത്തിക്കൊടുത്ത് ദൈവം അവരെ അനുഗ്രഹിച്ചു.
ദൈവം അവരുടെ കൈകളില്‍നിന്ന് ഒരു ബലി പോലെ അവരുടെ ഡാഡിയെ സ്വീകരിച്ച സംഭവമായി ഞാനിതിനെ കാണുന്നു.
 
(പോട്ട – മുരിങ്ങൂർ നവീകരണ ശുശ്രൂഷകളുടെ ആരംഭം മുതൽ അതിന്റെ ഡയറക്ടർ ആയിരുന്നു ഫാദർ ജോർജ് പനക്കൽ വിസി. ഇപ്പോൾ ഇംഗ്ലണ്ടിലെ ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടർ.)
ശാന്തിമോന്‍ ജേക്കബ്

You must be logged in to post a comment Login