നല്ല സമറിയാക്കാരനായി മാറിയിട്ടും ഫാ. മനുവിന് ആ ജീവന്‍ രക്ഷിക്കാനായില്ല കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇതാ ഒരു വൈദികന്റെ സ്നേഹ സാക്ഷ്യം

നല്ല സമറിയാക്കാരനായി മാറിയിട്ടും ഫാ. മനുവിന് ആ ജീവന്‍ രക്ഷിക്കാനായില്ല കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇതാ ഒരു വൈദികന്റെ സ്നേഹ സാക്ഷ്യം

കാളകെട്ടി അസ്സീസി അന്ധവിദ്യാലയത്തിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം ആനക്കല്ല് സ്‌കൂളിലേക്ക് കാറോടിച്ചുവരുകയായിരുന്നു സെന്റ് ആന്റണീസ്പബ്ലിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഫാ. മനു കിളികൊത്തിപ്പാറ. അപ്പോഴാണ് ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡില്‍ മഞ്ഞപ്പള്ളിക്കും വില്ലണിക്കും ഇടയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്ന കാഴ്ച അച്ചന്‍ കണ്ടത്.

ബസ് ജീവനക്കാരും നാട്ടുകാരും അത് നോക്കിനില്ക്കുക മാത്രമായിരുന്നു ചെയ്തത്. സംഭവം നടന്ന് പത്തു മിനിറ്റ്് കഴിഞ്ഞായിരുന്നു അച്ചന്‍ അവിടെയെത്തിയത്. ആളുകള്‍ നിഷ്‌ക്രിയരായി നോക്കി നില്ക്കുന്ന കാഴ്ചഅച്ചനെ ഞെട്ടിച്ചു.

ആരെങ്കിലും സഹായത്തിന് വരൂ, നമുക്ക് ഇയാളെ ആശുപത്രിയിലെത്തിക്കാം എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ നോക്കിനിന്നിരുന്നവര്‍ പുറകിലേക്ക് വലിഞ്ഞുതുടങ്ങി. പക്ഷേ ചിലര്‍ ആ യാത്രക്കാരനെ കോരിയെടുത്ത് അച്ചന്റെ കാറിന്റെ പിന്‍സീറ്റിലേക്ക് കിടത്തി. എന്നിട്ടും ഒരാള്‍ മാത്രമേ അച്ചനൊപ്പം കാറില്‍ കയറാന്‍ തയ്യാറായുള്ളൂ. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിലെ ജീവനക്കാരന്‍ ഷാജി ആയിരുന്നു അത്.

അതിനിടയില്‍ ആരോ ബൈക്ക് യാത്രക്കാരന്റെ ബാഗ് കാറിന്റെ സീറ്റിലേക്ക് ഇട്ടുതന്നു. അഞ്ചു കിലോമീറ്റര്‍ ദൂരം ആറുമിനിറ്റുകൊണ്ടാണ് അച്ചന്‍ പിന്നിട്ടത്. എന്നിട്ടും മേരിക്വീന്‍സ് അത്യാഹിതവിഭാഗത്തില്‍ എത്തിയപ്പോഴേയ്ക്കും ആ യാത്രക്കാരന്റെ ജീവന്‍ പറന്നകന്നിരുന്നു. തന്റെ തന്നെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആര്‍ജിതയുടെ പിതാവാണ് അതെന്നും സ്്കൂളിന് സമീപം തന്നെ താമസിക്കുന്ന വിരുത്തിയില്‍ റെജി വര്‍ഗീസായിരുന്നു അതെന്നും അച്ചന് പിന്നീടാണ് മനസ്സിലായത്.

കാഴ്ചക്കാര്‍ നോക്കി നിന്ന ആ പത്തു മിനിറ്റ് സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് സങ്കടത്തോടെ അച്ചന്‍ പറയുമ്പോള്‍ നാം സ്വയം വിമര്‍ശിക്കേണ്ടത് നമ്മുടെ നിഷ്‌ക്രിയത്വത്തെയും സ്വാര്‍ത്ഥതയെയുമല്ലേ.. ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ നീ എന്ന് മറക്കരുതേ..

 

You must be logged in to post a comment Login