ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സഹോദര സ്നേഹത്തിന്റെ വിജയം: കത്തോലിക്ക കോണ്‍ഗ്രസ്

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം  സഹോദര സ്നേഹത്തിന്റെ വിജയം: കത്തോലിക്ക കോണ്‍ഗ്രസ്

പാലക്കാട് : പതിനെട്ട് മാസങ്ങള്‍ക്ക് മുന്‍പ്, തെക്കന്‍ യെമനിലെ ഏഡനില്‍, മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ സുരക്ഷിതമായി മോചിപ്പിക്കുവാന്‍ കഴിഞ്ഞത് ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹോദര സ്നേഹത്തിന്റെ വിജയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അടിയന്തിര രൂപതാ സമിതി യോഗം വിലയിരുത്തി.

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനുവേണ്ടി കഴിഞ്ഞ ആറുമാസക്കാലമായി നിരന്തര പരിശ്രമങ്ങള്‍ നടത്തിയ ഒമാന്‍ സര്‍ക്കാരിനും, മോചനത്തിനുവേണ്ടി നയതന്ത്ര സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനുവേണ്ടി പ്രയത്‌നിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി യോഗം നന്ദി രേഖപ്പെടുത്തി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റെ് ജോസ് മേനാച്ചേരി അടിയന്തിര രൂപതാ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചാര്‍ളി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അഡ്വ. റെജിമോന്‍ ജോസഫ്, വൈസ് പ്രസിഡന്റെ് തോമസ് ആന്റെണി, രൂപത സെക്രട്ടറി (മീഡിയ) അജോ വട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login