പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ: ഫാ. ടോം ഉഴുന്നാലിന്റെ അഭിമുഖത്തില്‍ നിന്ന്

പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ: ഫാ. ടോം ഉഴുന്നാലിന്റെ അഭിമുഖത്തില്‍ നിന്ന്

വത്തിക്കാന്‍: തടങ്കലില്‍ എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, പ്രാര്‍ത്ഥിക്കാനല്ലാതെ. നീണ്ട 18 മാസം. ഞാന്‍ അതു മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. പ്രാര്‍ത്ഥന.. പ്രാര്‍ത്ഥന..പ്രാര്‍ത്ഥന.. എഎന്‍ എസിന് നല്കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു ഫാ. ടോം ഉഴുന്നാലില്‍.

എന്റെ കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നു. എന്റെ ചലനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാല്‍ അവയെല്ലാം കുറെ ദിവസങ്ങള്‍ക്കത്തേക്ക് മാത്രമായിരുന്നു. എന്നെ തട്ടിക്കൊണ്ടുപോയവര്‍ അപമര്യാദയായിട്ടൊന്നും പെരുമാറിയില്ല. അവരെനിക്ക് മൂന്നുനേരം ഭക്ഷണം തന്നു. എന്റെ കാര്യങ്ങളെല്ലാം ചോദിച്ചുമനസ്സിലാക്കി കൈകളും കാലുകളും ബന്ധിച്ച് തറയില്‍ സ്‌പോഞ്ച് പോലെയുള്ള ഒരു വസ്തുവിലാണ് അവരെന്നെ ഇരുത്തിയത്. ക്ഷീണിതനായപ്പോള്‍ ഞാന്‍ തറയില്‍ കിടന്നുറങ്ങി. എന്റെ ദിവസങ്ങള്‍ അങ്ങനെയാണ് കടന്നുപോയിരുന്നത്.

രാവും പകലും എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടിയിരുന്നു. ഓരോ നിയോഗങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. യാമപ്രാര്‍ത്ഥനയോടെയാണ് എന്റെ ദിവസങ്ങള്‍ ആരംഭിച്ചിരുന്നത്. പിന്നെ മരിച്ചുപോയ മിഷനറിസ് ഓഫ് സിസ്റ്റേഴ്‌സിലെ ഓരോ കന്യാസ്ത്രീമാര്‍ക്കും വേണ്ടി ഓരോ സ്വര്‍ഗ്ഗസ്ഥനായ പിതാവും ഓരോ നന്മ നിറഞ്ഞ മറിയവും ചൊല്ലി പിന്നെ എന്റെ സഭ… പ്രൊവിന്‍സ്, ഇടവക, കുടുംബം.

അതുപോലെ എന്നെ തട്ടിക്കൊണ്ടുപോയവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. അവരുടെ മാനസാന്തരത്തിന് വേണ്ടി ഇവരോട് ക്ഷമിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു എനിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വീഞ്ഞോ ഓസ്തിയോ കുര്‍ബാനപുസ്തകമോ ഉണ്ടായിരുന്നില്ല. എങ്കിലും ഓരോ ദിവസവും സ്പിരിച്വല്‍ കുര്‍ബാന ഞാന്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഓരോ സംഭവങ്ങളെയും ഞാന്‍ ധ്യാനിച്ചു .

എന്റെ പ്രാര്‍ത്ഥനകളില്‍, ദൈവഹിതമനുസരിച്ച് എന്നെ സ്വതന്ത്രനാക്കാന്‍ വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. ഭീകരരുടെ പദ്ധതിയനുസരിച്ചാണ് ഞാന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അവര്‍ പറയുന്നത് അനുസരിക്കുക മാത്രമേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ ഈ വീഡിയോയിലൂടെ മോചനദ്രവ്യം അവര്‍ക്ക് കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം. ദൈവം എനിക്ക് പുതിയൊരു ജീവിതം തന്നിരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്, അനേകരുടെ പ്രാര്‍ത്ഥനയാണ് എന്റെ മോചനം സാധ്യമാക്കിയത്.

പരിശുദ്ധപിതാവ് എന്റെ കൈകള്‍ രണ്ടുതവണ ചുംബിച്ചു. അദ്ദേഹം വളരെ ദയാലുവും അനുകമ്പാര്‍ദ്രനുമാണ്. എനിക്ക് 85 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 55 കിലോയായി ഞാന്‍ ശാരീരികമായി വളരെ ദുര്‍ബലനായിരിക്കുന്നു. പക്ഷേ ഇപ്പോള്‍ മരുന്നും ഭക്ഷണവും ഉണ്ട്. ഓരോ ദിവസവും ഞാന്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ എനിക്കാഗ്രഹമുണ്ട്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോട് നന്ദിപറയാന്‍. പക്ഷേ ഡോക്ടേഴ്‌സ് ഇപ്പോഴത്തെ അവസ്ഥയില്‍ യാത്ര അനുവദിക്കുന്നില്ല.

ദൈവഹിതം നടപ്പാക്കുക എന്നല്ലാതെ മറ്റൊന്നും എന്റെ മുമ്പിലില്ല.

You must be logged in to post a comment Login