കു ക്ലക്‌സ് ക്ലാനിലെ അംഗം കത്തോലിക്കാ പുരോഹിതനായപ്പോള്‍….

കു ക്ലക്‌സ് ക്ലാനിലെ  അംഗം കത്തോലിക്കാ പുരോഹിതനായപ്പോള്‍….

അര്‍ലിങ്‌ടോണ്‍: നാല്പത് വര്‍ഷം മുമ്പ് ഫാ. വില്യം ഏയ്റ്റ്‌ചെസോണ്‍ കു ക്ലക്‌സ് ക്ലാനില്‍ അംഗമായിരുന്നു. ഇന്നാവട്ടെ അദ്ദേഹം ഒരു കത്തോലിക്കാ വൈദികനാണ്. രൂപതയുടെ മുഖപത്രത്തില്‍ തന്റെ കോളത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപെടുത്തല്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.

അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വര്‍ഗ്ഗക്കാരായ അമേരിക്കക്കാരുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അമേരിക്കന്‍ ഐക്യനാടുകളില്‍ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സംഘടനകളുടെ പേരാണ് കു ക്ലക്‌സ് ക്ലാന്‍. അമേരിക്കന്‍ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളിലാണ് ഈ പ്രസ്ഥാനം പിറവിയെടുത്തത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍, ജൂതര്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ പീഡിപ്പിക്കാനായി അവരുടെ നേര്‍ക്ക് അക്രമം അഴിച്ചുവിടുക, ഭീകരപ്രവര്‍ത്തനം, കൊലപാതകം എന്നിവയെല്ലാം സംഘടനയുടെ ഭാഗമായിരുന്നു. കത്തോലിക്കരും കത്തോലിക്കാ തൊഴിലാളി സംഘടനകളും ഇവര്‍ക്ക് ശത്രുപക്ഷത്തായിരുന്നു. കത്തുന്ന മരക്കുരിശാണ് സംഘടനയുടെ ഔദ്യോഗിക ചിഹ്നം. ഫാസിസമാണ് സംഘടനയുടെ മുഖമുദ്രയും.

ഫാ. വില്യമിന്റെ ഭൂതകാലം പത്രത്തിലെ ഈ ലേഖനത്തിലൂടെയാണ് ലോകം അറിഞ്ഞത്.
ഞാന്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട് ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചുവെന്ന്.. പശ്ചാത്തപിക്കുന്ന പാപങ്ങള്‍ ദൈവം ക്ഷമിച്ചുതരാറുണ്ട്. ഫാ. വില്യം എഴുതുന്നു.

ഇന്ന് അറുപത്തിരണ്ട് വയസുണ്ട് അദ്ദേഹത്തിന്. തന്റെ മാനസാന്തരകഥ അനേകര്‍ക്ക് പ്രത്യാശ നല്കുമെന്നാണ് അച്ചന്‍ പ്രതീക്ഷിക്കുന്നത്.

അച്ചന്റെ സന്ദേശം ഇന്ന് നിലവിലിരിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിസന്ധികളില്‍ വലിയൊരു സന്ദേശമാണ് നല്കുന്നതെന്നും അനേകരുടെ ഹൃദയങ്ങളില്‍ ഇത് മാനസാന്തരം സൃഷ്ടിക്കും എന്ന് വിശ്വസിക്കുന്നതായും അര്‍ലിംങ്‌ടോണ്‍ ബിഷപ് മൈക്കല്‍ ബര്‍ബിഡ്ജ് അഭിപ്രായപ്പെടുന്നു.

1988 ല്‍ ആണ് ഫാ.വില്യം പുരോഹിതനായത് കുരിശുകത്തിക്കലുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കുറ്റങ്ങളും ഇദ്ദേഹത്തിന്റെ മേലുണ്ടായിരുന്നു. 1977 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ജൂനിയറിന്റെ ഭാര്യയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തിയതിന്റെ പേരില്‍ 90 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

നിങ്ങളുടെ വിദ്വേഷം ഒരിക്കലും നിങ്ങളെ തൃപ്തിപ്പെടുത്തില്ല, നിങ്ങളുടെ കോപം ഒരിക്കലും കെട്ടടങ്ങുകയില്ല എന്ന് പറഞ്ഞാണ് അച്ചന്‍ തന്റെ മാനസാന്തരകഥ അവസാനിപ്പിച്ചിരിക്കുന്നത്.

 

You must be logged in to post a comment Login