ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ കപ്യാര്‍ ജോണിയുടെ വീട് സന്ദര്‍ശിച്ചു

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ കപ്യാര്‍ ജോണിയുടെ വീട് സന്ദര്‍ശിച്ചു

വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയങ്ങള്‍ എന്ന് ആബേലച്ചന്റെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ഒരു വരിയുണ്ട്. അതുപോലെ തന്നെയായിരുന്നു അത്.  വൈദികനായ തന്റെ പ്രിയമകനെ കുത്തികൊലപ്പെടുത്തിയ ആളുടെ വീട്ടില്‍ ആ അമ്മ എത്തിയപ്പോള്‍ സംഭവിച്ചത് അതുതന്നെയായിരുന്നു. മലയാറ്റൂര്‍ റെക്ടര്‍ കൊല്ലപ്പെട്ട ഫാ. തേലക്കാട്ടിന്റെ അമ്മ കൊന്ന ജോണിയുടെ ഭാര്യയെയും ബന്ധുക്കളെയും കാണാനായിരുന്നു ഇന്നലെ അവരുടെ വീട്ടിലെത്തിയത്. കണ്ട മാത്രയില്‍ അമ്മ ത്രേസ്യാമ്മയും ജോണിയുടെ ഭാര്യ ആനിയും പൊട്ടിക്കരഞ്ഞു.

കരയാന്‍ മാത്രം അറിയാവുന്നവര്‍. കുരിശിന്റെ വഴിയെ കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും പ്രിയപ്പെട്ടവര്‍. ഇരുവര്‍ക്കും കരയാന്‍ മാത്രം കഴിയുന്ന നിമിഷങ്ങള്‍. അല്ലെങ്കില്‍ ആര് ആരെ കുറ്റപ്പെടുത്തും?

ത്രേസ്യാമ്മയുടെ കാല്‍ക്കല്‍ കെട്ടിപിടിച്ച് ആനി മാപ്പ് ചോദിച്ചു. ജോണിയോട് താന്‍ ക്ഷമിച്ചുവെന്നായിരുന്നു ഇടര്‍ച്ചയോടെയുള്ള ത്രേസ്യാമ്മയുടെ മറുപടി. ആനിയുടെ നെറുകയില്‍ ത്രേസ്യാമ്മ അലിവോടെ ഉമ്മ വയ്ക്കുകയും ചെയ്തു. പിന്നീട് ഏറെ നേരം ആശ്വസിപ്പിച്ചും സംസാരിച്ചും സമയം ചെലവഴിച്ചതിന് ശേഷമാണ് ത്രേസ്യാമ്മ ആനിയോട് യാത്ര പറഞ്ഞത്. സകലരാലും ഒറ്റപ്പെട്ട് കഴിയുന്ന ആനിയ്ക്കും കുടുംബത്തിനും ത്രേസ്യാമ്മയുടെ സന്ദര്‍ശനം ഏറെ ആശ്വാസകരമായി.

ശത്രുവിനോട് ക്ഷമിക്കുന്ന ക്രിസ്തീയ സ്‌നേഹത്തിന്റെ മകുടോദാഹരണമായി ഈ സന്ദര്‍ശനവും മാപ്പുനല്കലും. ഫാ. സേവ്യറിന്റെ ശവസംസ്‌കാരവേളയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും ജോണിയോട് ക്ഷമിക്കുന്നതായി അറിയിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാ. തേലക്കാട്ട് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം തന്നെ ജോണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

You must be logged in to post a comment Login