ദൈവം എന്തിനാണ് നമ്മെ കരയിപ്പിക്കുന്നത്?

ദൈവം എന്തിനാണ് നമ്മെ കരയിപ്പിക്കുന്നത്?

മൂന്നര വയസുകാരന്‍ മകനെ എന്തിനോ ഞാന്‍ അടുത്തയിടെ ശിക്ഷിച്ചു. അവന്‍ കുറെ നേരം കരഞ്ഞു.. എന്നോട് കൂട്ടില്ലെന്ന് പറഞ്ഞു. പിന്നെ കണ്ണീരുണങ്ങിയ മാത്രയില്‍ അവന്‍ എന്റെ അടുത്തേക്ക് തന്നെ വന്നു. അപ്പാ എന്നു വിളിച്ചുകൊണ്ട്.. പരിഭവങ്ങളോ പിണക്കമോ അവന്റെ മുഖത്തുണ്ടായിരുന്നില്ല..അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല എന്ന മട്ടായിരുന്നു അവന്.

അതെ, ശാസിച്ചാലും ശിക്ഷിച്ചാലും ഒരു മകന് പിതാവിന്റെ മടിത്തട്ടിലേക്ക് എത്താതിരിക്കാനാവില്ല. അവന് അവിടം വിട്ട് മറ്റൊരിടത്തേക്കും പോകാനുമാവില്ല.
മക്കളെ അപ്പന്മാര്‍ എന്തിനാണ് ശിക്ഷിക്കുന്നത്? അനുസരണക്കേട് കാട്ടിയതിന്റെ പേരില്‍.. ആവശ്യമില്ലാത്തതോ അപകടം വരുത്തുന്നതോ അവര്‍ക്ക് ദോഷം ചെയ്യുന്നതോ ആയ എന്തെങ്കിലും ചോദിക്കുകയോ അതിന് വേണ്ടി പിടിവാശി കാണിക്കുകയോ ഒക്കെ ചെയ്യുന്നതിന്റെ പേരില്‍…

ഒരു നല്ല പിതാവിന്റെ ശിക്ഷണത്തിന് പിന്നിലെല്ലാം സ്‌നേഹമുണ്ട്.. നല്ല അപ്പന്റെ ശിക്ഷണം ദേഷ്യം തീര്‍ക്കാനോ പ്രതികാരത്തിനുള്ളതോ അല്ല.

ദൈവം ഓരോ അവസരങ്ങളിലായി നമ്മെ കരയിപ്പിക്കുന്നത്, ഓരോ ശിക്ഷണം നല്കുന്നത് അതിന് പിന്നിലെല്ലാം സ്‌നേഹമുള്ളതുകൊണ്ടാണ്.. നമുക്കാവശ്യമില്ലാത്തതിന് വേണ്ടിയാണ് നാം കൈനീട്ടുന്നത്.. തികച്ചും സാധാരണമായ ഒരുദാഹരണം തന്നെയെടുക്കാം. ഒരു കുഞ്ഞ് കത്തുന്ന അടുപ്പിലേക്ക് കൈനീട്ടിയാല്‍, കത്തിച്ചുവച്ചിരിക്കുന്ന വിളക്ക് പിടിച്ചാല്‍, തിളപ്പിച്ച് വച്ചിരിക്കുന്ന വെള്ളത്തിന് നേരെ കരം നീട്ടിയാല്‍.. അത് കണ്ടുനില്ക്കുന്ന മാത്രയില്‍ നാം കുഞ്ഞിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കും.. എടുത്തുമാറ്റും.. അത് വാവു വരുത്തുമെന്ന് ഉപദേശിക്കും.

പക്ഷേ കുഞ്ഞ് അതൊന്നും മനസ്സിലാക്കാതെ ആഗ്രഹം സാധിച്ചുകിട്ടാത്തതിന്റെ പേരില്‍ ശാഠ്യം പിടിച്ചുകരയും.

സ്‌നേഹിക്കുന്നതുകൊണ്ടാണ് നാം ശിക്ഷണം നല്കുന്നത്. പക്ഷേ ഭൂരിപക്ഷം പേരും ദേഷ്യം തീര്‍ക്കാനോ പൊട്ടിത്തെറിച്ചോ ഒക്കെയാണ് മക്കളെ അടിക്കുന്നത്. അതൊന്നും ശിക്ഷണം ആകുന്നില്ല.. ശിക്ഷയേ ആകുന്നുള്ളൂ.. ശിക്ഷണം സ്‌നേഹമാകുന്നതുകൊണ്ടാണ് ശിക്ഷ കിട്ടിക്കഴിഞ്ഞിട്ടും വീണ്ടും നമ്മുടെ അടുത്തേയ്ക്ക്തന്നെ മക്കള്‍ കൈകള്‍ നിവര്‍ത്തി ഓടിവരുന്നത്. തിരിച്ചറിവില്ലാതെയാണെങ്കിലുംമകന്‍ എന്നെ എത്രയോ തവണ അടിച്ചിട്ടുണ്ട്.. ചീത്തവാക്കുകള്‍ എനിക്ക് നേരേ കടിച്ചുതുപ്പിയിട്ടുണ്ട്. ഇങ്ങോട്ട് വാടാ എന്ന് വിളിക്കുമ്പോള്‍ അങ്ങോട്ട് പോയിട്ടുണ്ട്.. അപ്പോഴൊന്നും എനിക്കവനോട് നിത്യമായ പിണക്കം തോന്നിയിട്ടില്ല; ദേഷ്യവും.

ഇന്നവന്റെ ഓരോ അനുസരണക്കേടുകളിലും ഞാന്‍ എന്നെയാണ് കാണുന്നത്. എന്റെ സ്ഥാനത്ത് ഞാന്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നു. ക്ഷമിക്കാന്‍, എന്നോട് സഹിഷ്ണുത കാണിക്കാന്‍ ദൈവം തയ്യാറായതുകൊണ്ടല്ലേ ഇന്നും ഞാന്‍ മാന്യനായി ജീവിക്കുന്നത്.
ദൈവത്തിന്റെ ഈ ക്ഷമയുടെ ഒരംശം എല്ലാ പിതാക്കന്മാരിലുമുണ്ട്. തെറ്റുചെയ്തു പടിയിറങ്ങിപ്പോയ മക്കളെയും തിരികെ വരുമ്പോള്‍ വക്ഷസിലേക്ക് ചേര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. .

ഒരു ശിക്ഷയ്ക്ക് ശേഷം വീണ്ടും എന്റെ അടുത്തേയ്ക്ക്ഓടി വന്ന അവനെ വാരിപ്പുണരുമ്പോള്‍ എനിക്ക് ഒരു കാര്യം കൂടി മനസ്സിലായി, എനിക്കവനോട് സ്‌നേഹം വര്‍ദ്ധിച്ചിരിക്കുന്നു. ഓരോ ശിക്ഷണവും സ്‌നേഹത്തിന്റെ അടുപ്പം കൂട്ടുന്നു.. ഹൃദയത്തിന്റെ അകലം കുറയ്ക്കുന്നു.
അപ്പന്റെ കൈവിട്ട് മക്കള്‍ എവിടേയ്ക്ക് പോകാന്‍? ശാസിച്ചാലും ശിക്ഷിച്ചാലും അവര്‍ പിന്നെയും അണയുന്നത് അപ്പന്റെ മടിത്തട്ടിലേക്കുതന്നെ..

അപ്പന്റെ കൈവിട്ടുനടക്കാന്‍ മാത്രം മക്കളായ നമുക്കൊന്നും അത്ര കരുത്തൊന്നുമില്ല. ഇനി ആരെങ്കിലും അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ ആസന്നമായ ഒരു നിമിഷത്തില്‍ അവരെല്ലാം വീഴുക തന്നെ ചെയ്യും.. ഓരോ ശിക്ഷയും സ്‌നേഹവര്‍ദ്ധനവിന് കാരണമാകുന്നു.

മുട്ടുകുത്തിയും കണ്ണീരൊഴുക്കിയും പ്രാര്‍ത്ഥിച്ചിട്ടും നടക്കാതെ പോയ ജീവിതനിയോഗത്തിന്റെ പേരില്‍, സാധ്യമായിക്കിട്ടുന്നതിന് വേണ്ടി പ്രാര്‍ത്ഥിച്ചതിലേറെ പ്രാര്‍ത്ഥിച്ച് നന്ദി പറയണമെന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ടു. വിഫലമായിപ്പോയ ഒരു പ്രണയബന്ധത്തിന്റെ പേരിലാണ് അവനങ്ങനെ പറഞ്ഞത്. പ്രാര്‍ത്ഥിച്ചിട്ട് അത് നടക്കാതെപോയത് ദൈവം വലിയൊരു അപകടത്തില്‍ നിന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ അതിനെക്കുറിച്ച് അവന്‍ പറയുന്നത്.

അതെ, ദൈവം ഇപ്പോള്‍ ചിലതിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടും അത് ഗൗനിക്കാതെ നമ്മെ കരയിപ്പിച്ചുവെങ്കില്‍ ആ കരച്ചില്‍ നല്ലതിന് വേണ്ടിയാണ്. കാരണം കൂടുതല്‍ നാം കരയാതിരിക്കാന്‍ വേണ്ടി ദൈവം നമ്മെ ഇത്തിരി കരയിപ്പിച്ചുവെന്നേയുള്ളൂ.

മക്കള്‍ അപ്പം ചോദിച്ചാല്‍ കല്ലോ മീന്‍ ചോദിച്ചാല്‍ തേളിനെയോ ഒരപ്പനും കൊടുക്കാറില്ലെന്ന സത്യം നമ്മുടെ ഓര്‍മ്മിയിലുണ്ടായിരിക്കട്ടെ..

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login