മനുഷ്യരായാല്‍ നന്ദി വേണം.. ഒന്നും പ്രതീക്ഷിക്കാതെ ഒരാളെ സഹായിച്ചപ്പോള്‍ കിട്ടിയ പ്രത്യുപകാരത്തിന്റെ അതിശയിപ്പിക്കുന്ന കഥ

മനുഷ്യരായാല്‍ നന്ദി വേണം.. ഒന്നും പ്രതീക്ഷിക്കാതെ ഒരാളെ സഹായിച്ചപ്പോള്‍ കിട്ടിയ പ്രത്യുപകാരത്തിന്റെ അതിശയിപ്പിക്കുന്ന കഥ

നന്ദി കാണിക്കാന്‍ മറന്നുപോകുക മാത്രമല്ല നന്ദികേട് തന്നെ കാണിച്ചുകൊണ്ട് സ്വന്തം ജീവിതവിജയത്തിനായി ആരെയും തള്ളിപ്പറയാനും തട്ടിയിടാനും ശ്രമിച്ചു മുന്നേറുന്നവരുടെ ആധുനികകാലത്ത് ഏതൊരാളും മനസ്സിരുത്തി വായിക്കേണ്ട ഒരു കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.തെരുവോരങ്ങളില്‍ ഭിക്ഷ യാചിച്ച് ജീവിക്കുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയില്‍ അവളെ സഹായിച്ചതിന്റെയും അവള്‍ ആ സഹായത്തിന് അവിശ്വസനീയമായ രീതിയില്‍ പ്രത്യൂപകാരം ചെയ്തതിന്റെയും കഥയാണിത്.

ഫിലാഡല്‍ഫിയായിലാണ് ഈ സംഭവം. കെയ്റ്റ് എന്ന ഇരുപത്തിയേഴുകാരി വണ്ടിയോടിച്ചു വരുമ്പോഴാണ് കാറിലെ പെട്രോള്‍ തീര്‍ന്ന കാര്യം തിരിച്ചറിഞ്ഞത്. പാതിരാത്രിയായിരുന്നു സമയം. അടുത്തൊന്നും പെട്രോള്‍ പമ്പില്ല എന്നതുമാത്രമല്ല അവളുടെ കൈയില്‍ കാശുമുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ തീര്‍ത്തും നിസ്സഹായയായ അവള്‍ ആദ്യം ചെയ്തത് തന്റെ ബോയ്ഫ്രണ്ടിനെ വിവരം അറിയിക്കുകയും സഹായം ചോദിക്കുകയുമായിരുന്നു.

ബോയ് ഫ്രണ്ട് വരുന്നതിന് മുമ്പ് മറ്റൊന്ന് സംഭവിച്ചു. അത് ജോണി ബോബിറ്റ് ജൂനിയര്‍ എന്ന തെരുവുയാചകന്‍ അവളുടെ അടുത്തെത്തിയതായിരുന്നു. അദ്ദേഹം അവളോട് പറഞ്ഞത് ധൈര്യമായിരിക്കാനും തന്നെ വിശ്വസിക്കാനുമായിരുന്നു. അയാള്‍ ദൂരെയെവിടെയോ ചെന്ന് തന്റെകൈയിലുണ്ടായിരുന്ന ഏക സമ്പാദ്യമായ 20 ഡോളറിന് പെട്രോളുമായി തിരികെ വന്നതാണ് പിന്നീട് സംഭവിച്ചത്.

ആ പണം തിരികെ കൊടുക്കാമെന്ന് വാക്കും നന്ദിയും പറഞ്ഞ് ആ ദിവസം അങ്ങനെ കടന്നുപോയി. അടുത്ത ദിവസം തന്നെ കെയ്റ്റ് തിരിച്ചെത്തി അവള്‍ കൈപ്പറ്റിയ പണം തിരികെ നല്കി. പക്ഷേ അവിടെ ആ ബന്ധം അവസാനിച്ചില്ല. അയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെയ്റ്റും ബോയ്ഫ്രണ്ടും ശ്രമിച്ചു.

എക്‌സ്- മറൈനറാണ് ജോണിയെന്നും മയക്കുമരുന്നും ചില സാമ്പത്തികപ്രശ്‌നങ്ങളുമാണ് അയാളെ തെരുവിലെത്തിച്ചതെന്നും അവര്‍ മനസ്സിലാക്കി.

എനിക്ക് സഹതാപം ആവശ്യമില്ല.. അതായിരുന്നു ജോണിയുടെ നിലപാട്. എന്റെ ്സ്വന്തം തീരുമാനങ്ങളാണ് എന്നെ ഇവിടെയെത്തിച്ചത്.ഞാന്‍ എന്നെയല്ലാതെ മറ്റാരെയും അതിന് കുറ്റപ്പെടുത്തുന്നില്ല.

ജോണി ബോബിറ്റിനെ എങ്ങനെയും സഹായിക്കണമെന്നും കെയ്റ്റും കാമുകനും തീരുമാനിച്ചു. ബോബിറ്റിന് സുരക്ഷിതമായ ഒരു താമസസ്ഥലം.. അനുദിന ചെലവുകള്‍ക്കാവശ്യമായ സാമ്പത്തികം..എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. ഇക്കാര്യം പറഞ്ഞപ്പോള്‍ ബോബിറ്റ് ഓര്‍മ്മിച്ചത് തന്നെപോലെ തന്നെയുള്ള ഭവനരഹിതരായ തന്റെ സുഹൃത്തുക്കളെകൂടിയായിരുന്നു,.

അവരെയും സഹായിക്കണം. ആ വലിയ മനസ്സ് കെയ്റ്റും കൂട്ടുകാരനും മനസ്സിലാക്കി.

അവര്‍ ഗോഫണ്ട്മീ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജ് ആരംഭിച്ച് സഹായാഭ്യര്‍ത്ഥന നടത്തി.

പതിനായിരം ഡോളറായിരുന്നു അവര്‍ പ്രതീക്ഷിച്ചതെങ്കിലും ആളുകളില്‍ നിന്നുള്ള പ്രതികരണം അത്ഭുതാവഹമായിരുന്നു. 370,000 ഡോളറാണ് അവര്‍ക്ക് സാമ്പത്തികസഹായം കിട്ടിയത്.

പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരെ അത്യാവശ്യഘട്ടങ്ങളില്‍ സഹായിക്കുന്നവരെ ദൈവം കൈവെടിയുകയില്ലെന്നും അത്യത്ഭുതകരമായ രീതിയില്‍ ദൈവം അവരെസഹായിക്കുമെന്നും മാത്രമല്ല കെയറ്റിനെ പോലെ ലഭിച്ച നന്മകള്‍ നാം മറ്റുള്ളവര്‍ക്ക് തിരികെ ചെയ്യണമെന്നും ഈ സംഭവം നമ്മോട് പറയുന്നുണ്ട്.

പാലുകൊടുത്ത കൈയില്‍ കൊത്തുന്നവരുടെ എണ്ണം പെരുകിവരുന്നവരുടെ കാലത്ത് ഈ സംഭവം എത്രയോ ഹൃദയസ്പര്‍ശിയാണ് അല്ലേ?

You must be logged in to post a comment Login