കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു: ഇന്‍ഫാം

കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു: ഇന്‍ഫാം

കൊച്ചി: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തത്താല്‍ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിട്ടും ക്രിയാത്മക ഇടപെടലുകളും സഹായങ്ങളുമില്ലാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നത് അപലപനീയവും നീതിനിഷേധവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രണ്ടുമാസമായി തുടരുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വന്‍ കൃഷിനാശമാണ് വരുത്തിയിരിക്കുന്നത്. കുട്ടനാടന്‍ നെല്ലറ ഒന്നടങ്കം ജീവിതം വഴിമുട്ടി. കര്‍ഷകര്‍ വിവിധ സാമൂഹ്യ സാമുദായിക സന്നദ്ധസംഘടനകളുടെ അവസരോചിത സഹായ ഇടപെടലുകളിലൂടെയാണ് ജീവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വന്നുപോയിട്ടും നടപടികളില്ല. അടിയന്തര ദുരന്തനിവാരണ കര്‍ഷക സഹായപാക്കേജുകള്‍ പ്രഖ്യാപിച്ച് നടപടികളെടുക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

മലയോരമേഖലയും പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ഈ വിഷമഘട്ടത്തില്‍ ആറുമാസമായി മുടങ്ങിക്കിടക്കുന്ന റബര്‍ വിലസ്ഥിരതാപദ്ധതിയെങ്കിലും പുനഃസ്ഥാപിക്കണം. കര്‍ഷകപെന്‍ഷനും സമയബന്ധിതമായി നല്‍കണം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

You must be logged in to post a comment Login