ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒന്നാംപിറന്നാള്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒന്നാംപിറന്നാള്‍

പ്രസ്റ്റണ്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒന്നാം പിറന്നാള്‍.  2016 ഒക്ടോബര്‍ 9ന്  ആണ് രൂപത ഔദ്യോഗികമായി പിറവിയെടുത്തത്. വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇതോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടക്കും. രാവിലെ 11 ന്  ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും

തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു

കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങുകളിലാണ്  രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

You must be logged in to post a comment Login