കൂടെ നടക്കും മാലാഖ, കണ്‍മണി പോലെ കാക്കും മാലാഖ

കൂടെ നടക്കും മാലാഖ, കണ്‍മണി പോലെ കാക്കും മാലാഖ

നാം നടക്കുമ്പോള്‍ അവര്‍ കൂടെ നടക്കും. നാം ഉറങ്ങുമ്പോള്‍ കാവലിരിക്കും. നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കുകളായി അവര്‍ നമ്മുടെ കൂടെയുണ്ട്. അവരെത്ര കാവല്‍മാലാഖമാര്‍.

ഓരോ വിശ്വാസിയുടെയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകരായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ എന്നാണ് സഭാപിതാവായ മഹാനായ വിശുദ്ധ ബേസില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് ശരീരമില്ലാത്തതുകൊണ്ടാണ് നാം അവരെ കാണാതെ പോകുന്നത്. അവര്‍ക്ക് മരിക്കാനാകാത്തതുകൊണ്ടാണ് നാം അവരെ ഓര്‍മ്മിക്കാത്തതും.സാധാരണഗതിയില്‍ ദൃശ്യരല്ലാത്തതുകൊണ്ട് നാം അവരുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരുമല്ല.

ഓരോ വ്യക്തിയും ദൈവത്തില്‍ നിന്ന് ഒരു കാവല്‍മാലാഖയെ സ്വീകരിക്കുന്നുവെന്ന് യൂകാറ്റ് പഠിപ്പിക്കുന്നുണ്ട്. ശൈശവം മുതല്‍ മരണം വരെ മനുഷ്യര്‍ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്‍വ്വമായ പരിരക്ഷണവും മാധ്യസ്ഥവും ലഭിക്കുന്നുവെന്നും അത് ഉറപ്പുനല്കുന്നുണ്ട്. ദൈവം എന്നിലേക്ക് തിരിയുന്ന വ്യക്തിപരമായ പാതയാണ് മാലാഖയെന്ന് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍( ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) അഭിപ്രായപ്പെടുന്നു.

കാവല്‍മാലാഖമാരോട് നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഫ്രാന്‍സീസ് മാര്‍പാപ്പ ഒരു പൊതുദര്‍ശനവേളയില്‍ കാവല്‍മാലാഖമാരുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്ന് വിശ്വാസികളോടായി ആഹ്വാനം മുഴക്കിയിരുന്നു.

നിന്റെ എല്ലാവഴികളിലും നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.( സങ്കീര്‍ 91;11,12)

നിന്റെ കാവല്‍മാലാഖയെ നീ ബഹുമാനിക്കുക. മാലാഖയുടെ സംരക്ഷണത്തിന് നീ കൃതജ്ഞതയുള്ളവനായിരിക്കുക. മാലാഖമാരില്‍ നീ ശരണപ്പെടുക. മാലാഖമാരെ സ്‌നേഹിക്കുക..എല്ലാ വിപത്തുകളിലും പ്രലോഭനങ്ങളിലും മാലാഖമാരോട് പ്രാര്‍ത്ഥിക്കുക. – വിശുദ്ധ ബെര്‍നാര്‍ഡ്

എന്റെ കാവല്‍മാലാഖ ഒരിക്കലും എന്നെ പിരിഞ്ഞിരുന്നില്ല. ഞാന്‍ എന്തുപറയണം, പ്രാര്‍ത്ഥിക്കണം എന്നെല്ലാം മാലാഖ എനിക്ക് പറഞ്ഞുതന്നിരുന്നു. വിശുദ്ധ ജെമ്മ

You must be logged in to post a comment Login