ഗുജറാത്ത് ആര്‍ച്ച് ബിഷപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍

ഗുജറാത്ത് ആര്‍ച്ച് ബിഷപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍

വഡോദര: ഗുജറാത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ് തോമസ് മക്വാന്‍ പുറപ്പെടുവിച്ച പ്രസ്താവനയെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ വക കാരണം കാണിക്കല്‍ നോട്ടീസ്. ഇന്ത്യന്‍ ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുന്നവരെ തിരഞ്ഞെടുക്കണമെന്നും ഇന്ത്യയിലെ ക്രൈസ്തവര്‍ മുഴുവന്‍ ഗുജറാത്ത് ഇലക്ഷന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടിരുന്നത്.

ഇതെന്തുകൊണ്ട് ഇങ്ങനെയൊരു ആഹ്വാനം സ്വീകരിച്ചു എന്നതിന്റെ വിശദീകരണമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആര്‍ച്ച് ബിഷപ്പിനോട് ചോദിച്ചിരിക്കുന്നത്, ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയുടെ പരാതിപ്രകാരമാണ് ഇലക്ഷന്‍ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പിന്റെ കത്ത് വോട്ടര്‍മാര്‍ക്കിടയില്‍ ഭയം പരത്തുന്നുവെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.

ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നോട്ടീസ് ആര്‍ച്ച് ബിഷപ്പിന് നല്കിയത്. നല്ല നേതാക്കളെ തിരഞ്ഞെടുക്കുക എന്നതുമാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും ആരെയും മുറിപ്പെടുത്തുക എന്നത് തന്റെ കത്തിന്റെ ലക്ഷ്യമായിരുന്നില്ല എന്നും ആര്‍ച്ച് ബിഷപ് തോമസ് മക്വാന്‍ പറഞ്ഞു.

You must be logged in to post a comment Login