ഹൃദയം

ഹൃദയം

ഹൃദയത്തോളം കാപട്യമുള്ള മറ്റെന്തെങ്കിലുമുണ്ടോ? പുറമേയ്ക്ക് എത്ര നല്ലവരാണ് നമ്മള്‍. മധുരമായി സംസാരിക്കുന്നു. ഹൃദ്യമായി ഇടപെടുന്നു. എല്ലാവരെയും സഹായിക്കാന്‍ സന്നദ്ധനാ ണെന്ന് വീമ്പിളക്കുന്നു. ആത്മീയമനുഷ്യരാണെന്ന മട്ടില്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷേ നമ്മുടെ ഉള്ളിലെന്താണ്?

മറ്റുള്ളവര്‍ നമ്മുടെ ഹൃദയങ്ങളെ അറിയുന്നില്ല. അവരുടെ ഹൃദയങ്ങളെ നമുക്കും അറിയില്ല. എന്തിന് നാം നമ്മുടെതന്നെ ഹൃദയത്തെ ആര്‍ക്കുമുമ്പിലും അനാവരണം ചെയ്യുന്നുമില്ല. നമ്മള്‍ ആരെയും ഹൃദയത്തിലേക്കെടുക്കുന്നുമില്ല. കാരണം ഹൃദയത്തിലേക്കെടുക്കുമ്പോള്‍ അതിനു വില കൊടുക്കേണ്ടതുണ്ട്.. ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും വേദനകളിലൂടെയും തിരസ്‌ക്കരണ ത്തിലൂടെയും അപമാനങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്.

ഹൃദയം കാണിക്കുമ്പോഴും ഹൃദയത്തിലേക്കെടുക്കുമ്പോഴും തീവ്രവേദനയാണ് അതിന്റെ ഉപോല്പ്പന്നം. അതിനു മാത്രം സന്നദ്ധതയുള്ള എത്ര പേരുണ്ടാവും നമ്മുക്കിടയില്‍? നിങ്ങളുടെ ഹൃദയത്തിലെ മുറിവുകളുടെ ആഴവും എണ്ണവും സ്‌നേഹിക്കപ്പെട്ടതി ന്റെയും സ്‌നേഹിച്ചതിന്റെയും അടയാളങ്ങളാണ്.

ആരെ ഓര്‍ക്കുമ്പോഴാണ് നിന്റെ ഹൃദയം ഇന്നും നീറുന്നത്? ആരെ ഓര്‍ക്കുമ്പോഴാണ് ഇന്നും നിന്റെ ഹൃദയം കേഴുന്നത്? ആരെ ഓര്‍ക്കുമ്പോഴാണ് ഇന്നും നിന്റെ ഹൃദയം പിടയുന്നത്? നീ സ്‌നേഹിച്ചത്, അല്ലെങ്കില്‍ സ്‌നേഹിക്കപ്പെടാന്‍ നീ ആഗ്രഹിച്ചത്, സ്‌നേഹിക്കാന്‍ നീ സന്നദ്ധനായത് ആ വ്യക്തിക്കുമുമ്പില്‍ മാത്രമാണ്. സംശയമെന്ത്?

ആദ്യപ്രണയത്തിന്റെ ചില ഓര്‍മ്മകളെ മനസ്സിലേക്ക് കൊണ്ടു വരിക. അല്ലെങ്കില്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഒരാളുടെ സാമീപ്യത്തെക്കുറിച്ച് ചിന്തിക്കുക. നിന്റെ ഹൃല്‍സ്പന്ദനങ്ങള്‍ക്ക് എത്രവേഗതയാണ്! നാണം കൊണ്ട് നിന്റെ മുഖം ചുമക്കുന്നതും ശരീരത്തില്‍ വിറയല്‍ പരക്കുന്നതും എല്ലാം ഹൃദയത്തിലെ സ്‌നേഹത്തിന്റെ ചില ബാഹ്യരേണുക്കളാണ്.

സ്‌നേഹത്തിനുവേണ്ടിയുള്ള ആത്മാവിന്റെ പിടച്ചിലാണ് ഹൃല്‍സ്പന്ദനം. സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് അത് മിടിച്ചുകൊണ്ടിരിക്കുന്നത്. സ്‌നേഹത്തിന് വേണ്ടിയുള്ള ദാഹമാണ് അതിന്റെ നിലനില്പ്… എപ്പോള്‍ അത് നിശ്ചലമാകുന്നുവോ അത് സ്‌നേഹത്തിനു വെളിയിലാകുമ്പോള്‍ മാത്രമായിരിക്കാം എന്നും എനിക്കിപ്പോള്‍ തോന്നുന്നു.

നിങ്ങളുടെ വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്നാണ് ബൈബിളിലെ ആഹ്വാനം. നമ്മള്‍ എല്ലാം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥന, ഉപവാസം, ദശാംശം, കൂദാശസ്വീകരണം. പക്ഷേ നമ്മുടെ ഹൃദയങ്ങള്‍ക്ക് മാത്രം പരിവര്‍ത്തനം സംഭവിക്കുന്നില്ല. അല്ലെങ്കില്‍ മറ്റുള്ളവരുടെ ഹൃദയപരിവര്‍ത്തനത്തിനുവേണ്ടിയാണ് നമ്മുടെ ചില സേവനപ്രവര്‍ത്തനങ്ങള്‍. എഴുത്ത്, പ്രസംഗം… അങ്ങനെ പലതും.

മറ്റുള്ളവരുടെ ഹൃദയത്തിന്റെ രൂപാന്തരീകരണവും പരിവര്‍ത്തനവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം ഹൃദയത്തിലേക്കു നാം തിരിഞ്ഞുനോക്കുന്നതേയില്ല. അതെത്രമാത്രം കഠിനമാണെന്ന്… അതെത്രമാത്രം പരുഷമാണെന്ന്… അത് എത്രമാത്രം നവീകരിക്കപ്പെടേണ്ടതുണ്ടെന്ന്…

അനേകവര്‍ഷങ്ങളായി ആത്മീയമേഖലയില്‍ വ്യാപരിക്കുന്ന ഒരാള്‍ ഹൃദയം തുറന്നു പറഞ്ഞത് അയാളുടെ ഹൃദയത്തിന് ഇപ്പോഴും മാറ്റം സംഭവിച്ചിട്ടില്ല എന്നാണ്. ശരിയാണ് അയാള്‍ സുവിശേഷപ്രഘോഷണം നടത്തുന്നുണ്ട്… അനേകര്‍ക്ക് കൗണ്‍സലിംങ് നടത്തുന്നുണ്ട്. പക്ഷേ അയാളുടെ ഹൃദയത്തില്‍ മാത്രം പരിവര്‍ ത്തനം സംഭവിക്കുന്നില്ല.

പാപത്തെക്കുറിച്ചു പറഞ്ഞ് മറ്റുള്ളവരെ ഭയചകിതരാക്കുന്ന ഒരാള്‍ക്ക് പാപബോധമില്ലാതെ വരുന്നതും പാപപുണ്യങ്ങളെക്കുറിച്ച് ഭേദചിന്ത ഇല്ലാത്തതും വല്ലാത്ത കഷ്ടമല്ലേ?
ദിനേന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്ന ചിലരെ അറിയാം. പക്ഷേ അവരില്‍ പലരും അങ്ങനെയൊന്നും ചെയ്യാത്ത ഭൂരിപക്ഷത്തെക്കാള്‍ ഒട്ടും മെച്ചമാണെന്ന് അനുഭവത്തില്‍നിന്ന് തോന്നിയിട്ടില്ല. എന്തെങ്കിലും മാറ്റങ്ങള്‍ അവര്‍ക്കുണ്ടാവേണ്ടതല്ലേ അര്‍ത്ഥമറിഞ്ഞും ആഴത്തില്‍ അനുഭവിച്ചുമാണ് അവര്‍ അതൊക്കെ ചെയ്യുന്നതെങ്കില്‍… ഹൃദയത്തില്‍ മാറ്റമുണ്ടാവാതെ നാം അനുഷ്ഠിക്കുന്നവയ്‌ക്കൊന്നും തെല്ലും വിലയില്ല.

ഹൃദയത്തിന്റെ ഭാഷയറിയുക എന്നതാണ് മുഖ്യം. ഒരാള്‍ ഹൃദയത്തില്‍നിന്ന് പറയുന്നതും അല്ലാതെ പറയുന്നതും തമ്മില്‍ എത്രയോ അന്തരമുണ്ട്! ചിലരൊക്കെ നമ്മോട് വായ്‌തോരാതെ സ്‌നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമെല്ലാം സംസാരിച്ചിട്ടും അതൊന്നും നമ്മുടെ ഹൃദയങ്ങളില്‍ അത്രമേല്‍ ഏശാത്തതിന്റെ കാരണം എന്താണ്? പറയുന്ന കാര്യങ്ങള്‍ ഹൃദയത്തില്‍ നിന്ന് വരുന്നവയല്ല. അത്ര തന്നെ.

ചിലരൊക്കെ വെറുതെ നമ്മളെ പ്രശംസിച്ചുകളയും. സത്യമായിരിക്കാം അതെന്നോര്‍ത്ത് ഒരുകാലത്ത് സന്തോഷിച്ചിരുന്നു. പിന്നെപ്പിന്നെ ആ വാക്കുകളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ആഘാതവും തുടര്‍ന്ന് മരവിപ്പുമായി. വാക്കുകള്‍ ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ അനുരണനം നമ്മുടെ ഹൃദയത്തിലുമുണ്ടാവും എന്ന് മനസ്സിലാക്കുകയും ചെയ്തു.

ഹൃദയത്തിന്റെ തികവില്‍ നിന്നാണ് അധരങ്ങള്‍ സംസാരിക്കുന്നത് എന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്? ഹൃദയത്തിന്റെ ഭാഷകള്‍ സ്വകീയമാണ്, അവയ്ക്ക് ജീവിതത്തോളം വലുപ്പമുണ്ട്.. ആഴവും പരപ്പുമുണ്ട്.

എന്നാല്‍ ചിലപ്പോഴെങ്കിലും ഹൃദയത്തിന്റെ ഭാഷകള്‍ പോലും മറ്റെയാള്‍ മനസ്സിലാക്കപ്പെടാതെ പോകാറുമുണ്ട്. അതും ഖേദകരമാണ്. ബഷീറിന്റെ പ്രശസ്തമായ ആ കഥയിലെ വാചകം പോലെ ചവുട്ടിയരയ്ക്കപ്പെട്ടും വലിച്ചെറിയപ്പെട്ടുമുള്ള പൂവിന്റെ അവസ്ഥ പോലെ, ഓ അതെന്റെ ഹൃദയമായിരുന്നു എന്ന മട്ടിലുള്ള എത്രയോ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നു.

നിന്റെ ഹൃദയത്തിലെ സ്‌നേഹവും സ്‌നേഹത്തോടുള്ള നിന്റെ ദാഹവും മനസ്സിലാക്കാതെ ചവിട്ടിയരയ്ക്കപ്പെട്ട് പോയ സന്ദര്‍ഭങ്ങള്‍… എത്ര ഹൃദയഭേദകമായ നിമിഷങ്ങള്‍..! അതും ജീവിതത്തിന്റെ ഭാഗമാണ്. ഹൃദയത്തിലെ സ്‌നേഹം കാണാതെ പോയിട്ടുണ്ടോ എന്നതിനെക്കാള്‍ നമ്മള്‍ ധ്യാനിക്കേണ്ടത്, ആത്മശോധന നടത്തേണ്ടത് കാണിക്കുവാന്‍ മാത്രം സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നുവോ എന്നാണ്. സ്‌നേഹിക്കപ്പെടുവാന്‍ മാത്രം നമ്മുടെ ഹൃദയത്തിന് വ്യാപ്തിയുണ്ടായിരുന്നോ, അര്‍ഹതയുണ്ടായിരുന്നോ എന്നാണ്.

നമുക്ക് സ്‌നേഹബന്ധങ്ങളല്ല ഉണ്ടാവേണ്ടത് ഹൃദയബന്ധങ്ങളാണ്. സ്‌നേഹബന്ധങ്ങള്‍ കാണുമ്പോള്‍ മാത്രം ഫലം തരുന്നവയാണ്. എന്നാല്‍ ഹൃദയബന്ധങ്ങളാവട്ടെ കാണാമറയത്തിരുന്നിട്ടും മെഴുകുതിരിപോലെ എരിയുന്നവയാണ്.

ചില ബന്ധങ്ങളെക്കുറിച്ചുള്ള വിചാരങ്ങള്‍ ഇപ്പോള്‍ മനസ്സിലേക്കു കടന്നുവരുന്നു. കാണാതിരുന്നിട്ട് വര്‍ഷങ്ങളായിരിക്കുന്നു. നിത്യവും ഫോണ്‍വിളികളുമില്ല. എന്നിട്ടും ഹൃദയത്തിന്റെ മധ്യത്തില്‍ സന്ധ്യയ്ക്ക് കൊളുത്തിയ നിലവിളക്കു പോലെ പ്രകാശം പൊഴിച്ചുകൊണ്ട് അവ നില്ക്കുന്നു. എന്തൊരു വെളിച്ചം…

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത് എന്നാണ് ക്രിസ്തുവിന്റെ പ്രബോധനം. പക്ഷേ ചെറുകാറ്റില്‍പോലും ഇളകിയാടുന്ന മരങ്ങളാകുന്നു നമ്മള്‍. എന്തെല്ലാം ഓര്‍ത്താണ് നമ്മുടെ അസ്വസ്ഥതകള്‍? മക്കളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള കാര്യം മുതല്‍ അവരുടെ ഭാവിജീവിതം വരെ നമ്മുടെ സ്വസ്ഥത കളയുന്നു. വാടകക്കാശ് കൊടുക്കുന്നതു മുതല്‍ സ്വന്തമായി ഒരു വീടു കെട്ടിപ്പൊക്കുന്നതോര്‍ത്തുള്ള സാമ്പത്തികഭാരം വരെ ചിന്തകളില്‍ നീറിക്കൊണ്ട് ഹൃദയത്തെ പുകച്ചെടുക്കുന്നു.

ചെറുതും വലുതുമായ അത്തരം എത്രയോ കാര്യങ്ങള്‍! നമ്മുടെ വിചാരം എല്ലാം നമ്മളാണ് ചെയ്യുന്നത് എന്നാണ്. പക്ഷേ ചെയ്യാനുള്ളവയുടെ പരിമിതികളെക്കുറിച്ച് നമുക്കത്രമാത്രം ബോധ്യവുമില്ല. അതാണ് ഹൃദയം അസ്വസ്ഥമാകുന്നതിനു കാരണം. ദൈവമേ എല്ലാം നിന്റെ കരങ്ങളിലാണെന്നും ഞാന്‍ വെറുമൊരു ഉപകരണം മാത്രമാണെന്നുമുള്ള വിശ്വാസം, ഏറ്റുപറച്ചില്‍ ഹൃദയത്തെ അതിന്റെ എല്ലാവിധ അസ്വസ്ഥതകളില്‍ നിന്നും ആവാഹിച്ചെടുത്തേക്കും.

ഹൃദയം കൊണ്ട് സഹോദരനെ വെറുക്കരുത് എന്നാണ് ബൈബിള്‍ നല്കുന്ന ഒരു താക്കീത്. വെറുപ്പ് കൊലപാതകമാണ് എന്ന സൂചനയും തുടര്‍ച്ചയായുണ്ട്. ഹൃദയത്തിലെ വെറുപ്പിന്റെ മേഖലകളെ ഒന്ന് മനസ്സിലേക്കു കൊണ്ടുവരൂ… അതിന്റെ തീവ്രത എത്രമാത്രമുണ്ട്? ഹൃദയത്തില്‍ വെറുപ്പ് നിറഞ്ഞാല്‍ ജീവിതം മുഴുവന്‍ കയ്പുനിറഞ്ഞതാകും.

ഹൃദയത്തിന്റെ നൈര്‍മ്മല്യം ജീവിതത്തിന്റെ നിഷ്‌ക്കളങ്കതയാണ്. ഹൃദയത്തില്‍ എത്രമാത്രം സ്‌നേഹമുണ്ടായിരുന്നു എന്നതായിരിക്കാം നമ്മുടെയൊക്കെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നിശ്ചയിച്ചുകളയുന്നത്.

അവന്‍ അവരെ വിശ്വസിച്ചില്ല. കാരണം അവരുടെ ഉള്ളിലു ള്ളത് എന്താണെന്ന് അവനറിഞ്ഞിരുന്നു എന്ന് ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് അറിയാതെ പോകുന്നതാണ് ഇന്ന് ചിലപ്പോഴെങ്കിലും പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇരയാകുന്നതിനുള്ള ഒരു കാരണം.ലൈംഗികചൂഷണം ഉള്‍പ്പടെ.

ഒരു വ്യക്തി ഏതുതരത്തിലാണ് എന്തുദ്ദേശ്യത്തോടെയാണ് നമ്മളോട് ഇടപെടുന്നത്, സമീപിക്കുന്നത് എന്നു മനസ്സിലാക്കാന്‍ മാത്രം ജ്ഞാനം സിദ്ധിക്കാത്തവരാകുന്നു നമ്മള്‍. പുറംപൂച്ചുകളില്‍ നാം അഭിരമിക്കുന്നു. അതുകൊണ്ടുതന്നെ അതില്‍ മയങ്ങിവീഴുകയും ചെയ്യുന്നു.

ഹൃദയം അകത്തായിപ്പോയതാണ് നമ്മുടെ വര്‍ത്തമാനകാലദുരന്തങ്ങളിലൊന്ന്… സ്‌നേഹം പോലെയുള്ള നല്ല ഭാവങ്ങള്‍ അതിനുള്ളിലാണ്. അത് പുറമേയ്ക്കു പ്രദര്‍ശിപ്പിക്കുന്നത് നല്ലതല്ല എന്ന് നമ്മളില്‍ ചിലര്‍ കരുതുന്നു. മറ്റ് ചിലരാകട്ടെ അകത്ത് വഞ്ചനയും കാപട്യവും സ്വാര്‍ത്ഥതയും സൂക്ഷിച്ചുകൊണ്ട് അതൊന്നും ഇല്ലാത്തവരെ പോലെ പെരുമാറുന്നു… രണ്ടിടത്തും ഹൃദയം സ്വസ്ഥത കൈവരിക്കുന്നില്ല. ഹൃദയത്തെ ചതിച്ചുകൊണ്ടുള്ള ജീവിതവ്യാപാരങ്ങള്‍!

ക്രിസ്തു ശപിച്ചുകളഞ്ഞ, അത്തിമരം കണക്കെയുള്ള ജീവിതങ്ങള്‍…
ഹൃദയം കൊണ്ട് ജീവിക്കാം… ഹൃദയമില്ലാതെയും ജീവിക്കാം.ഹൃദയത്തില്‍ ഇടം നല്കി ജീവിക്കാം… ഹൃദയത്തിലും ജീവിക്കാം… എന്തെല്ലാം സാധ്യതകളാണ് നാം ഓരോരുത്തര്‍ക്കുമുള്ളത്. ഹൃദയം കൊണ്ട് ജീവിക്കുന്നവരെ ജീവിക്കാന്‍ അറിയാത്തവര്‍ എന്ന് കപടസമൂഹം വിധിയെഴുതും, പരിഹസിക്കും… ഒറ്റപ്പെടുത്തും…

ഹൃദയം കൊണ്ട് ജീവിക്കുന്നവര്‍ക്കു വര്‍ത്തമാനകാലത്തില്‍ പലപ്പോഴും പരാജയങ്ങള്‍ ഉണ്ടായേക്കാം… തിരസ്‌ക്കരണങ്ങളും അപമാനങ്ങളും വേദനകളും അനുഭവിക്കേണ്ടി വന്നേക്കാം. പക്ഷേ അത് നിത്യകാലത്തേക്കുള്ളവയല്ല. അത് കടന്നുപോകും. ഹൃദയം കൊണ്ട് ജീവിക്കുന്നവര്‍ അനശ്വരരായിത്തീരും.

ഹൃദയത്തില്‍ ജീവിക്കാന്‍ കഴിയുക എന്നത് അതിലും ഭാഗ്യകരമാണെന്നു തോന്നുന്നു. നിന്റെ ഹൃദയത്തില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു എന്ന തിരിച്ചറിവ് മരണത്തിനപ്പുറം പോലും എന്നെ സന്തോഷിപ്പിക്കുന്നു. ഹൃദയത്തിലെ സ്‌നേഹം വാക്കുകള്‍ക്കതീതമാണ്. ഹൃദയത്തിന് മാത്രമേ ഹൃദയത്തിലെ സ്‌നേഹം തിരിച്ചറിയാ നാകൂ. നിന്റെ ഹൃദയത്തിന് എത്രയാണ് ഭാവങ്ങള്‍? അതിനെത്രയാണ് അറകള്‍?

ഹൃദയം പുറമേയ്ക്ക് കാണിക്കാനുള്ളതല്ല അത് അകത്തുതന്നെ താഴിട്ടുപൂട്ടാനുള്ളതാണ് എന്നതാണ് എന്നത്തെയും വിചാരങ്ങള്‍. പക്ഷേ ഹൃദയം പുറമേക്കു കാണിക്കാന്‍ ധൈര്യമുള്ള ഒരാളേ ഈ ഭൂമിയെ കടന്നുപോയിട്ടുള്ളൂ. അത് ക്രിസ്തുവാണ്. ക്രിസ്തുവിന്റെ ഹൃദയം തിരുഹൃദയം ആയതുകൊണ്ടായിരിക്കണം അത് പുറമേക്കു കാണപ്പെടുന്നത്.

ഒളിച്ചുവയ്ക്കാന്‍ അവിടെയൊന്നുമില്ല. വഞ്ചന, സ്വാര്‍ത്ഥത, ആസക്തികള്‍, ദേഷ്യം, നീരസം, പക…. ഒന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലാതെ അല്ലെങ്കില്‍ അവയ്‌ക്കൊന്നിനും ഇടമില്ലാത്ത ഹൃദയം.
തിരുഹൃദയത്തിലേക്കൊന്ന് നോക്കുക.. അതിനെന്തൊരു പ്രകാശമാണ്! സ്‌നേഹത്തിന്റെ തീ അതിലെരിയുന്നുണ്ട്. സ്‌നേഹത്തിനുവേണ്ടി മുറിവേറ്റതും രക്തമൊലിക്കുന്നതുമായ ഹൃദയമാണത്. സ്‌നേഹിക്കുമ്പോള്‍ സംഭവിക്കാവുന്ന എല്ലാവിധ മുറിവുകളോടും കൂടിയത്.

എന്നിട്ടും അതിന് മങ്ങലില്ല. അഗ്നിജ്വാലകള്‍ മുകളിലേക്കെന്നതുപോലെ സ്‌നേഹത്തിന്റെ പ്രകാശനാളങ്ങള്‍ ഉയര്‍ന്നുതന്നെയാണ് പ്രഭ ചൊരിയുന്നത്.
മുള്ളുകളാല്‍ ചുറ്റിവരിയപ്പെട്ടതും കുരിശോടുകൂടിയതുമാണ് തിരുഹൃദയം. നമ്മളെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരാളുണ്ടോ.. നമ്മളെ ഏതവസ്ഥയിലും സ്‌നേഹിക്കാന്‍ കഴിയുന്ന മറ്റൊരു വ്യക്തിയുണ്ടോ, ക്രിസ്തുവല്ലാതെ.. അവന്റെ ഹൃദയത്തിലെ മുറിവുകള്‍ സ്‌നേഹത്തിന്റെ മുറിവുകളാണ്. സ്‌നേഹിക്കപ്പെടുമ്പോള്‍ മുറി യുമെന്നും സ്‌നേഹത്തിന് മുറിവുകളുണ്ടെന്നുമാണ് അവ നമുക്ക് പഠിപ്പിച്ചുതരുന്നത്.

പക്ഷേ ആ മുറിവുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ കുരിശുമുണ്ട്. വിജയത്തിന്റെ കൊടിപ്പാറുന്ന വിജയം നല്കുന്ന കുരിശ്. ഹൃദയംകൊണ്ട് സ്‌നേഹിക്കുമ്പോഴും ഹൃദയത്തില്‍ സ്‌നേഹിക്കുമ്പോഴും ഹൃദയം കൊടുത്ത് സ്‌നേഹിക്കുമ്പോഴും മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.

മറ്റൊരാളെ സ്‌നേഹിക്കുമ്പോള്‍ ഇനിയും നിന്റെ ഹൃദയം മുറിഞ്ഞേക്കാം. പക്ഷേ സ്‌നേഹിക്കുന്നതില്‍ നിന്ന് നീ പിന്തിരിയരുത്. കഠിനമായ വേദനകളിലൂടെയും മുള്ളുമരങ്ങള്‍ക്കിടയിലൂടെയും നീ കടന്നുപോയേക്കാം… എങ്കിലും സ്‌നേഹിക്കുന്നതില്‍ നീ വൈമുഖ്യം കാണിക്കരുത്. കാരണം സ്‌നേഹത്തിന്റെ പേരില്‍ മുറിഞ്ഞവനാണ് ക്രിസ്തു. സ്‌നേഹത്തിന്റെ പേരില്‍ മുറിച്ചുനല്കാന്‍ തയ്യാറായവനാണ് ക്രിസ്തു.
നിന്റെ സ്‌നേഹത്തിന്റെ പേരില്‍ നീ ഊറ്റം കൊള്ളുമ്പോഴും അങ്ങനെ ആര്‍ക്കും ലോകത്തെ സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കണം, ക്രിസ്തുവിനെപോലെ..

മാനുഷികമായ രീതിയില്‍ സ്‌നേഹത്തിന്റെ പേരിലുള്ള മുറിവേല്‍ക്കലുകളില്‍ നമ്മുടെ മനസ്സ് ചത്തിട്ടുണ്ടാകും. എത്രമേല്‍ സ്‌നേഹിച്ചിട്ടും എനിക്കിങ്ങനെയാണല്ലോ സംഭവിച്ചതെന്നോര്‍ത്ത് സ്‌നേഹത്തോടു പോലും മടുപ്പുണ്ടായേക്കാം. അത് താല്ക്കാലികപ്രതിഭാസം മാത്രമായിരിക്കട്ടെ..
മനസ്സു മടുക്കുന്ന അത്തരം വേളകളില്‍ ഇനി തിരുഹൃദയത്തിലേക്ക് കണ്ണുകളുയര്‍ത്തുക… സ്‌നേഹിക്കാനുള്ള ധൈര്യം തിരുഹൃദയം നിനക്കു പകര്‍ന്നുതരും. നിന്റെ സ്‌നേഹത്തെ സ്വര്‍ണ്ണം പോലെ തിരുഹൃദയം ശുദ്ധിചെയ്‌തെടുക്കും.

തിരുഹൃദയമേ എന്റെ ഹൃദയം മറ്റൊരു തിരുഹൃദയം പോലെയാക്കിത്തീര്‍ക്കണമേ. സ്‌നേഹിക്കാനും സ്‌നേഹത്തിനുവേണ്ടി മുറിയുവാനും കഴിയത്തക്കരീതിയില്‍… എന്റെ ഹൃദയത്തിനിണങ്ങിയവന്‍ എന്ന് ദാവീദിനെ വിശേഷിപ്പിച്ചതുപോലെ എന്നെയും നിന്റെ ഹൃദയത്തിനണക്കമുള്ളവനാക്കി മാറ്റണേ… നിന്റെ ഹൃദയത്തോട് എന്നെ ചേര്‍ത്തുപിടിക്കണേ… നിന്റെ ഹൃദയത്തിന്റെ മിടിപ്പുകള്‍ എന്റെ ഹൃദയത്തിന്റെ മിടിപ്പുകളായി മാറിടട്ടെ…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login