സ്വര്‍ഗ്ഗം എന്താണെന്ന് അറിയാമോ ?

സ്വര്‍ഗ്ഗം എന്താണെന്ന് അറിയാമോ ?

സ്വര്‍ഗ്ഗം… എല്ലാവരും ആഗ്രഹിക്കുന്നത് അതാണ്. നമ്മുടെ കണ്ണീരുകള്‍ തുടച്ചുനീക്കപ്പെടുകയും സഹനങ്ങള്‍ക്ക് അന്ത്യം സംഭവിക്കുകയും ചെയ്യുന്ന ഇടം. അതാണ് സ്വര്‍ഗ്ഗം.

സ്വര്‍ഗ്ഗത്തെക്കുറിച്ച് നമുക്കോരോരുത്തര്‍ക്കും ഓരോ സങ്കല്പങ്ങളുണ്ട്. എന്നാല്‍ മാനുഷികമായി നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് സ്വര്‍ഗ്ഗം എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മോട് പറയുന്നുണ്ട്.

എന്തായാലും തിരുവചനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് നമുക്ക് ചില സങ്കല്പങ്ങളൊക്കെ രൂപപ്പെട്ടിട്ടുണ്ട്. പ്രധാനമായും അവ ഇവയാണ്.

പിതാവിന്റെ ഭവനം

പിതാവായ ദൈവത്തിന്റെ ഭവനമാണ് സ്വര്‍ഗ്ഗം എന്നാണ് നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് കിട്ടുന്ന സൂചന. എന്റെ പിതാവിന്റെ ഭവനത്തില്‍ ധാരാളം വാസസ്ഥലങ്ങളുണ്ടല്ലോ എന്നു തുടങ്ങുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിിനാലാം അധ്യായം രണ്ടാം വാക്യം ഇതാണ് വ്യക്തമാക്കുന്നത്.

മനോഹരമായ നഗരം, പുതിയ ജെറുസലേം

വെളിപാടിന്റെ പുസ്തകത്തില്‍ നിന്നാണ് നമുക്ക് ഇങ്ങനെയൊരു സൂചന ലഭിക്കുന്നത്. വെളിപാട് പുസ്തകത്തില്‍ 21;2, 21; 9-11 ഭാഗങ്ങള്‍ ഇതാണ് പറയുന്നത്.

പറുദീസ

സത്യമായും ഞാന്‍ നിന്നോട് പറയുന്നു ഇന്ന് നീ എന്നോടൂകൂടി പറുദീസായിലായിരിക്കും എന്ന ലൂക്കാ സുവിശേഷകന്റെ (23:43) വചനങ്ങള്‍ നമുക്ക് സ്വര്‍ഗ്ഗത്തെക്കുറിച്ച്് ഒരു പറുദീസാ അനുഭവം സമ്മാനിക്കുന്നു. വെളിപാട് 2:7 ഉം ഇതുതന്നെ പറയുന്നു.

വിവാഹവിരുന്ന്

ഒരു രാജാവ് തന്റെ മകന്റെ വിവാഹത്തിന നടത്തുന്ന വിരുന്നു സല്‍ക്കാരത്തോട് സാമ്യപ്പെടുത്തിയിരിക്കുന്നത് മത്തായി സുവിശേഷകനാണ്. വെളിപാട് 19:9 ലും ഇതു തന്നെ പറയുന്നുണ്ട്.

യഥാര്‍ത്ഥത്തിലുള്ള വാഗ്ദത്ത ദേശം

ഇപ്പോഴാകട്ടെ അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യം വയ്ക്കുന്നു. അവരുടെ ദൈവം എന്ന് വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ( ഹെബ്രാ 11:16)

വെളിച്ചത്തിന്റെ കേന്ദ്രം

സ്വര്‍ഗ്ഗം നിത്യമായ പ്രകാശത്തിന്റെ ഭവനമാണെന്ന സൂചനയുള്ളത് വെളിപാട് 22: 5 ല്‍ ആണ്. ഇനിയൊരിക്കലും രാത്രിയുണ്ടാകുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.( വെളിപാട് 22:5)

എല്ലാ സൃഷ്ടികളിലുമുള്ള സമാധാനത്തിന്റെ കേന്ദ്രം

ഏശയ്യ 11 : 6 ല്‍ നാം ഇങ്ങനെ വായിക്കുന്നു എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും.

You must be logged in to post a comment Login