ഹൈക്കോടതിയുടെ ഈ വിധി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍…

ഹൈക്കോടതിയുടെ ഈ വിധി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍…

വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന ഹൈ ക്കോടതിവിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അക്ഷരാര്‍ത്ഥത്തില്‍ ഭവനങ്ങളെ ബാറുകളാക്കി മാറ്റുവാന്‍ ഈ വിധി ഇടവരുത്തും.

വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ ലൈസന്‍സി ല്ലാതെ വിളമ്പാവുന്ന മദ്യത്തിന്റെ അളവ് ആതിഥേയന്റെ വീട്ടിലെ പ്രായപൂര്‍ത്തിയായ സ്ഥിരാംഗങ്ങളു ടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധിയാണ്. 2012 ഫെബ്രുവരി 14 ലെ ഉത്തരവു പ്രകാരം പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് (ലിറ്ററില്‍) കള്ള്-ഒന്നര, വിദേശ നിര്‍മ്മിത വിദേശ മദ്യം-രണ്ടര, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം-മൂന്ന്, ബിയര്‍- മൂന്നര, വൈന്‍-മൂന്നര, കോകോ ബ്രാണ്ടി-ഒന്ന് എന്നിങ്ങനെയാണ്.

ഒരാള്‍ക്ക് 15 ലിറ്റര്‍ കൈവശം സൂക്ഷിക്കാം. പ്രായപൂര്‍ത്തിയായ 5 പേര്‍ ഒരു ഭവനത്തിലുണ്ടായാല്‍ 75 ലിറ്റര്‍ മദ്യം കരുതാന്‍ കഴിയും. അത്രയും മദ്യം ഔദ്യോഗികമായി ഉപയോഗി ക്കാം. പോലീസ്-എക്‌സൈസ് അധികൃതര്‍ക്ക് ഈ ചടങ്ങുകളില്‍ ഇപ്പോഴത്തെ വിധി പ്രകാരം പരിശോധന നടത്താനാവില്ല. സ്വന്തമായി വാറ്റി മദ്യം ഉണ്ടാക്കി ഉപയോഗിച്ചാലും അറിയാന്‍ കഴിയില്ല.
ജൂലൈ 23 ന് പുറപ്പെടുവിച്ച കേരള ഹൈക്കോടതിയുടെ ണജഇ ചീ. 17383/17 എന്ന കേസിലാണ് ഈ വിധി. വീട്ടിലെ ചടങ്ങില്‍ മദ്യം വിളമ്പുന്നതില്‍  പോലീസ്-എക്‌സൈസ് അധികൃതര്‍ ഇടപെടരു തെന്നാവശ്യപ്പെട്ട് കോട്ടയം പേരൂര്‍ സ്വദേശി അലക്‌സ് വി. ചാക്കോ സമര്‍പ്പിച്ച ഹര്‍ജ്ജി അനുവദിച്ചാ ണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തന്റെ ചെറുമകന്റെ മാമ്മോദീസാ ചടങ്ങിനെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ ലൈസന്‍സ് എടുക്കാതെ മദ്യം വിളാനുള്ള അനുമതി തേടിയാണ് ടി യാന്‍ കോടതിയെ സമീപിച്ചത്.

വിദേശമദ്യ ചട്ടങ്ങളിലെ 13 (6) വകുപ്പനുസരിച്ച് എഫ്.എല്‍ – 6 ലൈസന്‍സ് വിശേഷാവസരങ്ങളില്‍ മദ്യം നല്‍കുവാന്‍ അനുമതി നല്‍കുന്നുണ്ട്. അതിന് 50,000 രൂപ അടച്ച് അപേക്ഷിേക്കണ്ടതുണ്ട്. ഇത് ഒഴിവാക്കി കിട്ടാനാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. മാമ്മോദീസ, ആദ്യകുര്‍ബ്ബാന, വിവാഹം, അടിയന്തിരം, ജന്മദിനം ഇതെല്ലാം സ്വകാര്യ ചടങ്ങുകളാണ്. ഇവയ്‌ക്കെല്ലാം എഫ്.എല്‍-6 ലൈസന്‍സ് വേണ്ടെന്നുവെച്ചാല്‍ വീടുകള്‍ മദ്യശാലകളായി മാറും. ആര്‍ക്കും ആഘോഷമെന്ന പേരില്‍ ചടങ്ങു സംഘടിപ്പിച്ച് ഒന്നിച്ചിരുന്ന് മദ്യപിക്കാനാകും. വീടുകളിലെ ആഘോഷപൂര്‍വ്വമായ മദ്യപാനം മദ്യത്തിന് മാന്യത നല്‍കും. മദ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന സന്ദേശമാണ് ഈ വിധി നല്‍കുക. അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും മദ്യപിക്കാനിടയായാ ല്‍ അവരെ തിരുത്താന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാതെ പോകും. തലമുറകളുടെ നാശത്തിന് ഈ വിധി കളമൊരുക്കും.
സല്‍ക്കാരത്തിനിടെ മദ്യം വിളമ്പുന്നത് വീട്ടിലെത്തുന്നവര്‍ക്കുള്ള സമ്മാനമാണ്. നിലവിലെ അബ്കാരി നിയമത്തിലെ നിര്‍വ്വചനമനുസരിച്ച് സമ്മാനം നല്‍കുന്നതു വില്പനയാകും. വ്യക്തിക്ക് മദ്യം കൈവശം വയ്ക്കുവാന്‍ അനുമതി വ്യക്തിഗത ആവശ്യത്തിനാണ്. അതിഥികള്‍ക്ക് നല്‍കാനല്ല. ഈ വാദത്തെ കോടതി സ്വീകരിച്ചു കണ്ടില്ല. വീടും അനുബന്ധ പന്തലും പൊതുസ്ഥലമായി കാണാ നാവില്ലെന്നും വീട്ടുപരിസരങ്ങളില്‍ സ്വകാര്യചടങ്ങുകള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് വ്യവസ്ഥ ബാധകമല്ലെന്നുമുള്ള വിധിക്ക് ദുരുപയോഗ സാധ്യത വളരെ കൂടുതലാണ്. ചടങ്ങ് അലങ്കോലപ്പെടാനും മദ്യസല്‍ക്കാരം ഇടവരുത്തും.

മറ്റൊരു പരാമര്‍ശം ”അതിഥി ദേവോ ഭവ”യില്‍ വിശ്വസിക്കുന്ന നാം വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ്സ് വൈന്‍ നല്‍കിയാല്‍പോലും മദ്യവില്പനയാകുമെന്ന വാദം ഞെട്ടിക്കുന്നതാണെന്ന  കോടതി പരാമര്‍ശവും ഉത്കണ്ഠ ഉളവാക്കുന്നു. അതിഥികളെ നാം സ്വീകരിക്കുന്നത് മദ്യം നല്‍കിയല്ല; ‘ഇളനീര്‍’ നല്‍കിയാണ്. ഒരു നന്മയും പ്രാദാനം ചെയ്യാത്ത, ”മദ്യം ആരോഗ്യത്തിനു ഹാനികരം” എന്ന ലേബല്‍ ഒട്ടിച്ച, സകല തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച മദ്യം അതിഥികള്‍ക്ക് നല്‍കുന്നത് അവരെ ആദരിക്കലല്ല മറിച്ച് നിന്ദിക്കലാണ്. ഈ വിധി ദൗര്‍ഭാഗ്യകരമാണ്. ഒരു സമൂഹത്തിന്റെ ധാര്‍മിക നിലവാരം ഉയര്‍ത്താ നും വളര്‍ത്താനുമുള്ള കടമ സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകണം.

വാല്‍ക്കഷണം: മാമ്മോദീസ പോലെ ദൈവിക വരപ്രസാദം നേടേണ്ട കൗദാശിക ചടങ്ങിലേക്ക് ”മദ്യമെന്ന പിശാചനെ’ ചോദിച്ചു വാങ്ങുന്ന ക്രൈസ്തവന്‍ ദൈവരാജ്യം അവകാശമാക്കുവാന്‍ ഇടയില്ല. ഒരു കുഞ്ഞാടിനെക്കൂടി നിര്‍ദാക്ഷിണ്യം ബലികഴിക്കുകയാണ്. ദൈവം പൊറുക്കട്ടെ.

അ‍ഡ്വ. ചാര്‍ലി പോള്‍

You must be logged in to post a comment Login