ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചതിന് ഭാര്യയ്ക്കും മക്കള്‍ക്കും കൊടിയ പീഡനം

ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചതിന് ഭാര്യയ്ക്കും മക്കള്‍ക്കും കൊടിയ പീഡനം

ഹരിയാന: ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചതിന് ഭാര്യയെയും മക്കളെയും കുടുംബനാഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ഭാര്യയെയും നാലുമക്കളെയുമാണ് കുടുംബനാഥന്‍ ഇപ്രകാരം മര്‍ദ്ദിച്ചത്. അവര്‍ക്ക് നല്കിവന്നിരുന്ന എല്ലാവിധ സാമ്പത്തികസഹായങ്ങളും നിര്‍ത്തലാക്കിയതായും വാര്‍ത്തയില്‍ പറയുന്നു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രമേഷ് കുമാര്‍ എന്ന ഹിന്ദുമതവിശ്വാസിയാണ് ഭാര്യയെയും മക്കളെയും അവരുടെ ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദിച്ചവശരാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭാര്യയും മക്കളും ക്രിസ്തീയ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുന്നത് രമേഷ് കുമാറിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അന്നുമുതല്‍ മര്‍ദ്ദനം ആരംഭിക്കുകയും നിത്യചെലവിന് പോലുമുള്ളവ നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് 23 വയസുകാരനായ മൂത്തമകന്‍ ഒരു ഷോപ്പിലെ ചെറിയ ജോലികൊണ്ടാണ് ഈ കുടുംബം നോക്കിനടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ഷോപ്പുടമയെ സ്വാധീനിച്ച് രമേഷ് കുമാര്‍ മകന്റെ ജോലിയും ഇല്ലാതാക്കി.

ഇപ്പോള്‍ മക്കള്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ് കൊടുത്തിരിക്കുകയാണ് രമേഷ്. താന്‍ ക്രിസ്ത്യാനിയായില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് മക്കളുടെ ഭീഷണിയെന്നാണ് ഇയാള്‍ പോലീസിന് നല്കിയിരിക്കുന്ന പരാതി. എന്നാല്‍ ഇവയെല്ലാം ഭാര്യയും മക്കളും നിഷേധിച്ചു.

തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ ക്രിസ്തുവിലുള്ള വിശ്വാസം ദൃഢപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

You must be logged in to post a comment Login