ഹേറോദോസ് കൊന്നൊടുക്കിയ ആണ്‍കുട്ടികളുടെ എണ്ണം കൃത്യമായിട്ടറിയാമോ?

ഹേറോദോസ് കൊന്നൊടുക്കിയ ആണ്‍കുട്ടികളുടെ എണ്ണം കൃത്യമായിട്ടറിയാമോ?

ഈശോയുടെ ജനനത്തെതുടര്‍ന്ന് അധികാരപ്രമത്തനായ ഹേറോദോസ് കൊന്നൊടുക്കിയ കുഞ്ഞുങ്ങളെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് നാം വായിക്കുന്നത്. നിരപരാധികളായ കുഞ്ഞുങ്ങള്‍ക്ക് സംഭവിച്ച കൂട്ടക്കുരുതി മനസ്സാക്ഷിയുള്ള ഏതൊരാളെയും വേദനിപ്പിക്കും. എങ്കിലും എത്ര കുഞ്ഞുങ്ങള്‍ക്കാണ് അന്ന് ജീവഹാനി സംഭവിച്ചതെന്ന് ബൈബിള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല.

കാത്തലിക് എന്‍സൈക്ലോപീഡിയ ഗ്രീക്ക് രേഖകളെ ആസ്പദമാക്കി പറയുന്നത് ഹേറോദോസ് 14,000 ആണ്‍കുഞ്ഞുങ്ങളെ കൊന്നുവെന്നാണ്. സിറിയന്‍സ് രേഖകളാകട്ടെ 64,000 എന്ന് പറയുന്നു. പല മധ്യകാല എഴുത്തുകാരും അവകാശപ്പെടുന്നത് 144,000 എന്നാണ്.

എന്നാല്‍ അന്നത്തെ ബദ്‌ലഹേമിലെ ജനസംഖ്യ വച്ചുനോക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഈ എണ്ണം അതിശയകരമായ രീതിയില്‍ വലുതാണ്. പ്രഫ. വില്യം എഫ് അല്‍ബ്രൈറ്റിന്റെ അഭിപ്രായപ്രകാരം ക്രിസ്തു ജനിക്കുമ്പോള്‍ ബദ്‌ലഹേമില്‍ വെറും 300 പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ്.

അതുകൊണ്ടുതന്നെ രണ്ടോ അതില്‍ താഴെയോ ഉള്ള ആണ്‍കുട്ടികളുടെ എണ്ണം ആറോ ഏഴോ മാത്രമായിരിക്കാം എന്നും അദ്ദേഹം പറയുന്നു. മറ്റ് ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ പത്തിനും ഇരുപതിനും ഇടയില്‍ ആണ്‍കുട്ടികള്‍ അന്ന് കൊല ചെയ്യപ്പെട്ടിട്ടുണ്ടാവും എന്നാണ്. കുട്ടികളുടെ എണ്ണം എത്രയെങ്കിലുമായിരുന്നുകൊള്ളട്ടെ ഹേറോദോസിന്‍റെ ക്രൂരതയ്ക്ക് കാലം മാപ്പുകൊടുക്കില്ല എന്നതാണ് സത്യം.

You must be logged in to post a comment Login