വിവാഹജീവിതത്തിന്റെ വിജയത്തിന് വി. കുർബാന യുടെ സാന്നിധ്യം അത്യാവശ്യമാണ്:ഫാ.ജോര്‍ജ് പനയ്ക്കല്‍

വിവാഹജീവിതത്തിന്റെ വിജയത്തിന് വി. കുർബാന യുടെ സാന്നിധ്യം അത്യാവശ്യമാണ്:ഫാ.ജോര്‍ജ് പനയ്ക്കല്‍
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. തന്റെ സ്വഭാവത്തിൽ തന്നെ ആദത്തെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വഭാവം അതിന്റെ പൂർണതയിൽ കാണുന്നത് ക്രിസ്തുവിൽ ആണ്.  യേശുവിന്റെ സ്വഭാവം തന്നെ-തന്നെ നൽകി സ്നേഹിക്കുക എന്നതാണ്. വേറെ ആരും അതിനു മുൻപ് അങ്ങനെ ചെയ്തിട്ടില്ല. പൂർണമായി നൽകാൻ പറുദീസയിൽ ആദത്തിന് മറ്റാരും  ഉണ്ടായിരുന്നില്ല. അതിനായി അവന്റെ ഏകാന്തത മാറ്റാൻ ദൈവം ഹവ്വയെ നൽകി.
ഭാര്യ – ഭർതൃ ബന്ധം ദൈവത്തിന്റെ സ്വഭാവം പ്രകടിപ്പിക്കലാണ്. തന്നെ-തന്നെ നൽകലാണ്. നൽകി സ്നേഹിക്കലാണ്. അത് ദൈവത്തിന്റെ സ്വഭാവമാണ്. അത് പരിശുദ്ധമാണ്. നിർമലവും പരിപാവനവുമാണ്. ഈ ബന്ധത്തിലൂടെയാണ് വിശുദ്ധിയിൽ വളരുന്നത്. സ്വർത്ഥത ഇല്ലാതാക്കൽ ആണ്. തന്നെത്തന്നെ കൊടുത്തു സ്നേഹിക്കുന്ന ഈ ബന്ധമാണ് ഏറ്റവും വലിയ ബന്ധം. ഏറ്റവും പരിശുദ്ധവും.  അതാണ് ദൈവം പറഞ്ഞത് ‘നിങ്ങൾ ഒന്നാണ്’ എന്ന്. വേറെ ഒരു ബന്ധത്തിലും ദൈവം  ഇപ്രകാരം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മറ്റെല്ലാ ബന്ധങ്ങളും രണ്ടാം നിരയിലേക്ക് പോകുന്നു.  വിവാഹത്തിന് മുൻപ് തന്ന എല്ലാ ബന്ധങ്ങളെക്കാളും പ്രധാന്യം കൊടുക്കേണ്ടത് ഈ ബന്ധത്തിന് ആണെന്ന് ഭാര്യ-ഭർത്താക്കന്മാർ മനസ്സിലാക്കേണ്ടതുണ്ട്.
ഈ ബന്ധത്തിന് പകരം മറ്റൊരു ബന്ധവും കൊണ്ടുവന്ന് വയ്ക്കരുത്, മാതാപിതാക്കൾ പോലും രണ്ടാം നിരയിലേക്ക് മാറേണ്ടതാണ്. മക്കൾ പോലും ഇതിനൊപ്പം വരരുത്. ഭാര്യയും ഭർത്താവും ഒന്നാണ്. അങ്ങനെ അല്ലാത്ത ബന്ധങ്ങൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കും. പരസ്പരം മനസിലാക്കുന്നില്ല, സ്നേഹിക്കുന്നില്ല എന്ന പരാതി രണ്ടുപേർക്കും ഉണ്ടാകുന്നു, ഈ gap നികത്താൻ യേശുവിന് മാത്രമേ സാധിക്കൂ. ഇതിലേയ്ക്ക് യേശുവിനെ ക്ഷണിച്ചാൽ ഒന്നാകുന്ന അനുഭവം ഉണ്ടാക്കാൻ സാധിക്കും. അല്ലാതെ ആർക്കും പരസ്പരം ഒന്നാകാൻ സാധിക്കില്ല.
ഭാര്യ -ഭർത്താക്കന്മാർക്കിടയിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ പരസ്പരം സംസാരിച്ചു തീർക്കാം എന്നു തോന്നും.  പക്ഷെ രമ്യതയ്ക്കുള്ള ആ ശ്രമം പാഴായിപോകുന്നതായും കൂടുതൽ പ്രശ്നത്തിലേയ്ക്ക് നയിക്കുന്നതായും കാണാം. പരസ്പരം കുറ്റപ്പെടുത്തുന്നതായി തോന്നും. ആശയവിനിമയം തകരാറിലാകും. പറയുന്നത് പരസ്പരം മനസിലാകാതെ ആകും. ഭാഷ പരാജയപ്പെടുന്നു. ഒരിക്കൽ ഒരു ഭർത്താവ് ഭാര്യയെ തല്ലുന്നു. വൈകുന്നേരമായിട്ടും ഭാര്യ കോപത്തോടെ ഇരിക്കുന്നു കണ്ട്  ക്ഷമ ചോദിക്കാം എന്ന് ഭർത്താവ് വിചാരിക്കുന്നു. താൻ രാവിലെ തിരക്കായിരുന്നു, എന്നും ആ tension ൽ  തല്ല് തന്നുപോയി എന്നും പറയുന്നു.
ഇപ്പോഴല്ലേ ഇത് പറഞ്ഞതു എന്ന് പറഞ്ഞു ഭാര്യ വീണ്ടും കോപത്തിലായി.  തെറ്റ് സമ്മതിക്കാത്തതാണ് കാരണം എന്ന് ഭർത്താവിന് മനസിലായി. ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ ഗൗരവമായ പ്രശ്നം ഉണ്ടാകുമ്പോൾ കർത്താവിനെ അടുത്തിരുത്തുക. ആദ്യം കർത്താവിനോട് രമ്യപ്പെടുക. പരസ്പരം വിശുദ്ധീകരിക്കുന്ന ബന്ധമാണിത്. ഭാര്യ-ഭർതൃബന്ധം ഏറ്റവും ഉദാത്തമായ ബന്ധമാണ്. പരസ്പരം വളർത്തുന്ന, സുഖപ്പെടുത്തുന്ന ബന്ധമാണത്.
 അനേകം ദമ്പതികളെപ്പറ്റി ബൈബിളിൽ പറയുന്നുണ്ട്. പക്ഷെ പരിശുദ്ധാത്മാവ് ഭാര്യ-ഭർതൃ ബന്ധത്തിന് മാതൃകയായി തരുന്നത് യേശുവും സഭയും ആയുള്ള ബന്ധമാണ്. യേശു സഭയെ സ്നേഹിച്ചത് പോലെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. കുടുബജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കാരണം നാം എടുത്തിരിക്കുന്ന model തെറ്റായതുകൊണ്ടാണ്. ചിലർ മാതാപിതാക്കളെ, മറ്റു ചിലർ സുഹൃത്തുക്കളെ,  ഇനിയും ചിലർ സിനിമാക്കാരെ ഒക്കെ മാതൃകകളാക്കുന്നു. നാം പരിശുദ്ധാത്മാവിനെ നോക്കി നമ്മുടെ മാതൃക മാറ്റണം. കുടുംബജീവിതത്തിൽ ആദ്യത്തെ തീരുമാനം model മാറ്റുക എന്നതാണ്. ആരെ മാതൃക ആക്കിയാണ് നാം കോപിക്കുന്നത്, സ്വയം പരിശോധിക്കുക, ആരെയോ അന്ധമായി അനുകരിക്കുന്നു, എന്തെക്കൊയോ അബോധ മനസിൽ കിടക്കുന്നു. ബോധമനസിലേക്ക് ശരിയായിട്ടുള്ളത് കൊണ്ടുവരണം. ക്രിസ്തു തനിക്കുള്ളതെല്ലാം സഭയ്ക്ക് കൊടുക്കുന്നു.
ബൈബിളിൽ വിവാഹം എന്ന വാക്കിന് സമാനമായ വാക്ക് ‘ഉടമ്പടി’ എന്നാണ്.
“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.” (ജറെമിയാ 31 : 31). ഇവിടെ
ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്നതായി പറയുന്നു. പുതിയ ഉടമ്പടി സ്ഥാപിക്കുമ്പോൾ ഒരു പുതിയ മനുഷ്യനാകും.  അന്ത്യഅത്താഴത്തിൽ യേശു പുതിയ ഉടമ്പടി സ്ഥാപിക്കുന്നു. വി. കുർബാന. സ്വയം ദാനം നൽകുന്ന സ്നേഹത്തിന്റെ പൂർണത ആണത്. വി.കുർബാന സ്വീകരിക്കുമ്പോൾ യേശു എന്ന മണവാളൻ നമ്മെ മണവാട്ടി ആയി സ്വീകരിക്കുന്നു. വിശുദ്ധ കുർബാന നമ്മുടെ വിവാഹം  പോലെയാണ്. ക്രിസ്തീയവിശ്വാസി എന്നത് ഒരു സംഘടനയിൽ ചേരൽ അല്ല. ഒരിക്കലും പിരിക്കാനാവാത്ത ബന്ധം സ്ഥാപിക്കലാണ്. ഒരാൾ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുമ്പോൾ അയാൾക്ക് രണ്ട് identity ലഭിക്കുന്നു. മാമ്മോദീസയുടെയും  വി. കുർബാനയുടെയും.
‘നാം ആരാണ് ‘എന്നതിനേക്കാൾ നമുക്ക് മുൻപിലുള്ള ചോദ്യം ‘നാം ആരുടേതാണ് എന്നതാണ്.’ നാം യേശുവിന്റെ സ്വന്തമാണ്. വി. കുർബാന സ്വീകരിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് സംഭവിക്കുന്നത്. വി. കുർബാന സ്വീകരിക്കുമ്പോൾ യേശുവും ആയി ഒന്നായിത്തീരുന്നു. മരിച്ചതുകൊണ്ടാണ് അവിടുത്തേയ്ക്ക് വി. കുർബാന ആയി വരാൻ കഴിഞ്ഞത്. അതിനാൽ നമുക്ക് നമ്മിൽ തന്നെ ഒരു മരണം ആവശ്യമുണ്ട്. നാം നമ്മുടെ മേലുള്ള എല്ലാ അവകാശവും അധികാരവും പങ്കാളിക്ക് വിട്ടുകൊടുക്കണം. നാം നമ്മിൽ തന്നെ മരിച്ചാൽ മാത്രമേ വിവാഹജീവിതം വിജയപ്രദമാകൂ. ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ അങ്ങനെ എല്ലാം ബലി കഴിക്കണം. മുഴുവൻ അവകാശവും ഈശോയ്‌ക്ക് കൊടുത്താൽ മാത്രമേ പങ്കാളിയ്ക്ക് കൊടുക്കാൻ സാധിക്കുകയുള്ളൂ. എങ്കിലേ വിശുദ്ധിയിൽ വളരാൻ സാധിക്കൂ. സ്വാർത്ഥത വെടിഞ്ഞാൽ മാത്രമേ സ്നേഹിക്കാൻ സാധിക്കൂ.
ബന്ധങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അമ്മയുടെ മുഖം കോപിച്ചു കാണുന്നത് കുട്ടിക്ക് ഇഷ്ടമില്ല. അതിനാൽ അമ്മയുടെ മുഖം കുട്ടിയുടെ തെറ്റും ശരിയും തീരുമാനിക്കുന്നു. അമ്മയുടെ മുഖമാണ് കുട്ടിയുടെ നിയമപുസ്തകം.
വിവാഹബന്ധമാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നത്. സ്വാർത്ഥത ഇല്ലാത്ത ദാമ്പത്യബന്ധമുള്ളവർക്കാണ് നല്ല മാതാപിതാക്കൾ ആകാൻ സാധിക്കുന്നത്. അവർക്ക് മക്കൾക്ക് നല്ല formation കൊടുക്കാൻ സാധിക്കുന്നു. പരസ്പരം മനസിലാക്കാൻ സാധിക്കുമ്പോൾ ഒന്നായി വളരുന്നു.
പരിശുദ്ധാത്മാവ് വന്നപ്പോൾ പത്രോസിന്റെ ഭാഷ അവിടെ കൂടിയിരുന്ന വിവിധ ഭാഷ സംസാരിക്കുന്ന എല്ലാവർക്കും മനസിലാകുന്നു, ആദ്യദിവസം തന്നെ 3000 ത്തോളം പേർ മാമ്മോദീസ സ്വീകരിക്കുന്നു. മനസിലാക്കുക എന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. നമ്മുടെ കഴിവല്ല ദൈവത്തിന്റെ അരൂപിയാണ് പ്രവർത്തിക്കേണ്ടത്. മനസിലാക്കാൽ ഇല്ലാത്തതിനാൽ എത്രയോ ബന്ധങ്ങൾ തകരുന്നു. ദമ്പതികളുടെ ഭാഷ ഒന്നുതന്നെയാണ്. എന്നിട്ടും പരസ്പരം മനസിലാകുന്നില്ല. തെറ്റായ രീതിയിൽ മനസിലാക്കുന്നു. ദമ്പതികൾ പരസ്പരം മനസിലാക്കണം, മക്കളെ മനസിലാക്കണം. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മൂലം ആണ് നടക്കേണ്ടത്.
വിവാഹബന്ധത്തിൽ നിന്ന് ഓടിഒളിച്ചുകൊണ്ട് ആത്മീയ ജീവിതത്തിൽ വളർച്ച നടക്കില്ല. ഒരിക്കൽ പരസ്പരം അറിയാമെന്നു ബോധ്യമുള്ള രണ്ട് പേർ വിവാഹിതരാകുന്നു. പക്ഷെ വിവാഹത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ വെല്ലുവിളികളും പരിഹരിക്കാൻ ഇതുമാത്രം പോര. വിവാഹജീവിതത്തിന്റെ വിജയത്തിന് വി. കുർബാന യുടെ സാന്നിധ്യം അത്യാവശ്യമാണ്. വിവാഹം എന്ന കൂദാശ സ്വീകരിച്ചു കഴിഞ്ഞാൽ മുൻപുള്ള തീരുമാനങ്ങളെ/മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി അല്ല ജീവിതം കൊണ്ടുപോകേണ്ടത്. ഇത് യേശുവിന്റെ തീരുമാനമാണ് എന്ന് മനസിലാക്കണം. അത് അംഗീകരിക്കണം. അനാദികാലം മുതൽ ദൈവം തിരഞ്ഞെടുത്തുവച്ചതാണ്. ദൈവത്തിന്റെ ഇഷ്ടമാണ് അത്. ദൈവത്തിന് ഒരിക്കലും തെറ്റ്‌ പറ്റുകയില്ല. നാം ഒരിക്കലും ഈ ബന്ധത്തെ സംശയത്തോടെ കാണരുത്. ദൈവകരങ്ങളിൽ നിന്ന് പങ്കാളിയെ സ്വീകരിക്കണം.
(ഫാ. ജോർജ് പനയ്ക്കൽ, ഷാർജ, സെന്റ് മൈക്കിൾസ് ദേവാലയത്തിൽ 3/09/2017 ൽ നടന്ന Healing & Deliverance Convention ൽ നൽകിയ വചനസന്ദേശം, വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയത്)

You must be logged in to post a comment Login