മദ്യലോബിക്കുവേണ്ടി വി.കുര്‍ബ്ബാനയ്ക്കുപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അപലപനീയം

മദ്യലോബിക്കുവേണ്ടി വി.കുര്‍ബ്ബാനയ്ക്കുപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അപലപനീയം

പാലക്കാട് : കത്തോലിക്കാ സഭ വിശുദ്ധ കുര്‍ബ്ബാനയ്ക്കുവേണ്ടി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനായിരിക്കെ, സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന് വിശുദ്ധ കുര്‍ബ്ബാനയെ മറയാക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമായ സമീപനത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ കമ്മിറ്റി പ്രതിഷേധിച്ചു.

ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചോ സഭയുടെ പാരമ്പര്യത്തെക്കുറിച്ചോ അറിവില്ലാത്ത ക്രൈസ്തവ നാമധാരികളായ ഇത്തരം ആളുകള്‍ ക്രൈസ്തവ സമൂഹത്തിന് മുഴുവന്‍ അപമാനകരമാണെന്നും യോഗം വിലയിരുത്തി.

വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല, വി. കുര്‍ബ്ബാനകളുടെ എണ്ണത്തെ ആശ്രയിച്ചാണ് വി.കുര്‍ബ്ബാനയ്ക്കുള്ള വൈനിന്റെ ആവശ്യകത. പണ്ടുകാലങ്ങളില്‍ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് തിരുവോസ്തിയോടൊപ്പം വൈന്‍ നല്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ വി. കുര്‍ബ്ബാനയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന എല്ലാവര്‍ക്കും തിരുവോസ്തി വൈനില്‍ മുക്കി നല്കുന്നുണ്ട്.

ഇത്തരത്തില്‍ തിരുവോസ്തി നല്കുമ്പോള്‍ ഒരാള്‍ക്ക് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈന്‍ മാത്രമാണ് നല്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുവാന്‍ കാരണം കൈസ്തവ വിശ്വാസമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീരവും രക്തവുമായിത്തീരുന്നു എന്നുള്ളതാണ്.
വിവിധ രൂപതകള്‍ക്ക് കീഴിലുള്ള ഇടവകകളില്‍ വി. കുര്‍ബ്ബാനകളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, മദ്യവ്യവസായികള്‍ക്കുവേണ്ടി വി. കുര്‍ബ്ബാനക്കുപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെടുന്ന കത്തോലിക്കാ സഭയെ അവഹേളിക്കാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റെ് ജോസ് മേനാച്ചേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, ജനറല്‍ സെക്രട്ടറി ചാര്‍ളി മാത്യു, ട്രഷറര്‍ അഡ്വ. റെജിമോന്‍ ജോസഫ്, സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം മോഹന്‍ ഐസക്, വൈസ് പ്രസിഡന്റെ് തോമസ് ആന്റണി, സെക്രട്ടറിമാരായ ബെന്നി കിളിരൂപ്പറമ്പില്‍, അജോ വട്ടുകുന്നേല്‍, സെസില്‍ അബ്രഹാം, വടക്കഞ്ചേരി ഫൊറോനാ പ്രസിഡന്റെ് ജോസ്. വി. ജോര്‍ജ് വടക്കേക്കര, ഒലവക്കോട് ഫൊറോന പ്രസിഡന്റെ് ജോണ്‍ പട്ടശ്ശേരി, പൊന്നംകോട് ഫൊറോന പ്രസിഡന്റെ് മാത്യൂ കല്ലടിക്കോട്, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്റെ് അഡ്വ. ബോബി പൂവ്വത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login