ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള അത്ഭുത ജപമാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള അത്ഭുത ജപമാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അവരെ ദൈവം മോചിപ്പിക്കും എന്നത് കത്തോലിക്കാസഭയുടെ പാരമ്പര്യവിശ്വാസങ്ങളില്‍ ഒന്നാണ്. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി വിവിധ തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ സഭയില്‍ നിലവിലുണ്ട്. അതിലൊന്നാണ് പ്രത്യേകതരത്തിലുള്ള ജപമാല പ്രാര്‍ത്ഥന.

വാഴ്ത്തപ്പെട്ട ആനി കാതറിന്‍ എമ്മെറിച്ച് നിരവധിയായ മിസ്റ്റിക്കല്‍ അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ശുദ്ധീകരണാത്മാക്കള്‍ നിരന്തരമായി പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം യാചിക്കാന്‍ കാതറിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവത്രെ. അതുപോലെ താന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചോ ആ ആത്മാക്കളെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് കരേറിപോകുന്നതിനും കാതറിന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

തന്റെ സ്വകാര്യ വെളിപാടില്‍ കാതറിന്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. വിവിധതരത്തിലുള്ള നിറങ്ങളാല്‍ ചുറ്റപ്പെട്ട് ആത്മാക്കള്‍ നില്ക്കുന്നതായും ഓരോതരത്തിലുള്ള നിറങ്ങളിലൂടെ അവരുടെ ശുദ്ധീകരണം നടക്കുന്നതായിട്ടുമാണ് ആ വിവരണം. ഇതിന്റെ പ്രചോദനത്താല്‍ ഹോളിസോള്‍ റോസറി എന്ന ജപമാല പ്രാര്‍ത്ഥന രൂപപ്പെട്ടിട്ടുണ്ട്.

മദര്‍ തെരേസ ഇത്തരത്തിലുള്ള ജപമാല പ്രാര്‍ത്ഥന ചൊല്ലിയിരുന്നതായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. കറുപ്പ്, ചാരം , വെളുപ്പ് എന്നീ നിറങ്ങളിലുള്ള ജപമാല മണികളാണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. കറുപ്പ് നിറത്തില്‍ തുടങ്ങി വെള്ള നിറത്തില്‍ അവസാനിക്കുന്ന ഈ ജപമാല ഒരുപ്രതീകം കൂടിയാണ്. ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്കുന്നത്.

നമ്മുടെ പ്രാര്‍ത്ഥനയിലൂടെ സഹനത്തില്‍ കഴിയുന്ന ആത്മാവ് ഘട്ടം ഘട്ടമായി സ്വര്‍ഗ്ഗപ്രാപ്തിക്ക് അര്‍ഹനായിത്തീരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ജപമാല നാം വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ശുദ്ധീകരണാത്മാക്കളുടെ മോചനം ഉടനടി സംഭവിക്കുക തന്നെ ചെയ്യും.

You must be logged in to post a comment Login