നിന്റെ വീട് പാറപ്പുറത്താണോ?

നിന്റെ വീട് പാറപ്പുറത്താണോ?

കരുതുന്നതുപോലെ നമ്മുടെ വീടുകളുടെ അസ്തിവാരം അത്ര ബലമുള്ളതൊന്നുമല്ല. ഒരു മഴയത്തും ഒരു വെള്ളപ്പൊക്കത്തിലുമൊക്കെ അത് ദുര്‍ബലമാകാവുന്നതേയുള്ളൂ. ഒരു കാറ്റില്‍ അത് ചെരിയാനിടയുണ്ട്… പിന്നെയൊരു കാറ്റില്‍ അത് നിലംപതിക്കുകയും ചെയ്‌തേക്കാം.
പാറപ്പുറത്ത് വീടുപണിയുക എന്നു പറയുന്നതുപോലെ ഏതു കാറ്റിലും എന്റെ വീട് നിലംപതിക്കില്ലെന്ന് തന്റേടമുള്ള എത്രപേരുണ്ടിവിടെ?

വീട് ഒരേ സമയം നമുക്ക് ആശ്രയവും അഭയവുമാണ്. വീട്ടില്‍ പെട്ടുപോയ ഒരാളെ വീടിനെ സംബന്ധിക്കുന്ന എന്തും വല്ലാതെ ബാധിക്കുന്നു. വീടിന്റെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍, ആവലാതികള്‍, പരിഭവങ്ങള്‍… ഇന്നലെവരെ വീടിനെക്കുറിച്ച് അഭിമാനിച്ചിരുന്ന, സന്തോഷിച്ചിരുന്ന ഒരാള്‍ക്ക് ഇന്ന് വീടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആകുലത മാത്രം ഉള്ളില്‍ നിറയുന്നതിന് രേഖപ്പെടുത്താന്‍ കഴിയാത്തത്രവിധം കാരണങ്ങളുണ്ട്.

വീട് ഏല്പിക്കുന്നതോളം മുറിവ് ഒരാള്‍ക്ക് മറ്റൊരിടത്തുനിന്നും ലഭിക്കാനില്ല. വീട് നല്കുന്നതോളം സുരക്ഷിതത്വവും സ്‌നേഹവും മറ്റൊരിടത്തുനിന്നും ലഭിക്കാനുമില്ല. ഒരാള്‍ ആത്മവിശ്വാസത്തോടെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നുണ്ടെങ്കില്‍, സ്‌നേഹിക്കാനും സന്മനസ്സോടെ പെരുമാറാനും കഴിയുന്നുണ്ടെങ്കില്‍ വീട് അയാളെ അത്രമാത്രം അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇല്ലെങ്കില്‍ നേരെതിരിച്ചും.

വീടിനോളം അഹന്ത മറ്റൊന്നിനെക്കുറിച്ചും ഒരുപക്ഷേ ഒരു ശരാശരി മലയാളിയെ സംബന്ധിച്ചുണ്ടാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടല്ലേ നമ്മള്‍ ലോണെടുത്തും അയല്‍ക്കാരന് പിന്നിലാകാത്തവിധം വലിയവലിയ വീടുകളുണ്ടാക്കുന്നത്? വീട് മോശമാണെന്നതിന്റെ പേരില്‍ സുഹൃത്തുക്കളെ ആരെയും വീട്ടിലേക്ക് ക്ഷണിക്കാത്ത ഒരു സഹപാഠിയെ ഓര്‍മ്മ വരുന്നു. വിവാഹം നടക്കാത്തത് നല്ല വീടില്ലാത്തതിന്റെ പേരിലാണെന്ന് കരുതി ഒരു സുഹൃത്ത് ലോണെടുത്ത് വീടുപണിയാനുള്ള ആലോചനയിലാണ്.

മറ്റെന്തിലും മുടക്കുന്ന പണം നമുക്ക് തിരിച്ചുകിട്ടാന്‍ വഴിയുണ്ട്. പക്ഷേ വീടിനുവേണ്ടി മുടക്കുന്ന പണം നമുക്ക് തിരിച്ചുകിട്ടുന്നതേയില്ല. അതെ, വീട് ഒരു ഉല്പാദനവസ്തുവല്ല. നിങ്ങള്‍ എത്ര പണം മുടക്കിയും എത്ര വലിയ വീടും പണിതോളൂ. ഇപ്പോഴത് കാലത്തിനൊത്ത വീടായിരിക്കും. പക്ഷേ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ആ വീട് ഔട്ട് ഓഫ് ഫാഷന്‍ ആയിക്കഴിഞ്ഞിട്ടുണ്ടാവും.
വീട് വലിയ കാപട്യത്തിന്റെ വേദിയാണ്. ചില വീടുകള്‍ക്കുള്ളില്‍ നടക്കുന്നത്ര തിന്മകള്‍, അധാര്‍മ്മികതകള്‍ മറ്റൊരിടത്തും നടക്കാറില്ലെന്ന് തോന്നുന്നു. എല്ലാ അര്‍ത്ഥത്തിലും വീട് സുരക്ഷിതത്വം നല്കുന്നതുകൊണ്ടുതന്നെ അത് വഴിവിട്ട ചില ബന്ധങ്ങളെ പോലും പൊതിഞ്ഞ് സൂക്ഷിക്കുന്നു. ബാഹ്യമായ ചില ഇടപെടലുകള്‍ സാധാരണയായി അവിടെ സംഭവിക്കാറില്ലാത്തതുകൊണ്ട് മനുഷ്യന്‍ ഗോപ്യമായി കരുതുന്ന പലതും അവിടെ നിര്‍ബാധം തുടരുന്നു.

കുടുംബനാഥന് ജോലിക്കാരിയുമായോ ഭാര്യയ്ക്ക് ഡ്രൈവറുമായോ ഒക്കെ തെറ്റായ ബന്ധങ്ങള്‍ വീടിന്റെ മറവില്‍ അരങ്ങേറാനിടയുണ്ട്. ഭാര്യയും മക്കളും ഇല്ലാത്ത അവസരത്തില്‍ അഭിസാരികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് പിന്നീട് പരസ്യമായപ്പോള്‍ കുടുംബനാഥനെതിരെ മകള്‍ പരസ്യമായി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ഞങ്ങളുടെ വീടാണ് നിങ്ങള്‍ വ്യഭിചാരകേന്ദ്രമാക്കിയത്. നിങ്ങളോട് അതിന് മാത്രം എനിക്ക് ക്ഷമിക്കാനാവില്ല.

 

ഒരു പക്ഷേ അപ്പന്‍ തെറ്റായ ഒരു ബന്ധം മറ്റെവിടെയെങ്കിലും വച്ചാണ് പുലര്‍ത്തിയിരുന്നതെങ്കില്‍ പോലും ആ മകള്‍ക്ക് ക്ഷമിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അവള്‍ വിശുദ്ധമെന്ന് കരുതി പരിപാലിച്ചുപോന്നിരുന്ന വീട്ടില്‍ വച്ച്… വീടിന്റെ പരിശുദ്ധി വിലപ്പെട്ടതുതന്നെ. നമ്മുടെ കുട്ടികള്‍ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് വീട്ടില്‍വച്ചായിരുന്നുവെന്ന അറിവ് ആരെയാണ് ഞെട്ടിക്കാത്തതായുള്ളത്?

വീട് എപ്പോഴും പുരുഷകേന്ദ്രീകൃതമാണ്. സ്വന്തമായി വീടില്ലാത്തവളാണ് സ്ത്രീ. പുരനിറഞ്ഞ് നില്ക്കുന്ന പെണ്ണ് എന്നാണ് ചില പറച്ചിലുകള്‍ തന്നെ. ജനിച്ചതും വളര്‍ന്നതും അവള്‍ പിതൃഗൃഹത്തില്‍. അവിടെ നിന്ന് അവള്‍ നിരന്തരം കേള്‍ക്കുന്നത് വല്ല വീട്ടിലും ചെന്നുകയറേണ്ടവളാണ് നീയെന്നാണ്. അതിന്റെ ആന്തരാര്‍ത്ഥമാവട്ടെ അത് നിന്റെ വീടല്ലെന്നു തന്നെ. ഇനി വിവാഹിതയായി ചെന്നുകയറുമ്പോഴാവട്ടെ അവളെ പലയിടത്തും അത് സ്വന്തം വീടായി കരുതാന്‍ മാത്രം ആ വീട് ആത്മാഭിമാനം സമ്മാനിക്കുന്നുമില്ല.

 

വീടുനോക്കാനൊരു പെണ്ണ് എന്നാണ് നമ്മള്‍ പറയുന്നത്. അല്ലാതെ വീടിന്റെ ഉടമയായി അവളെ കാണാന്‍ മാത്രം വിശാലമനസ്‌ക്കത അധികമാരും പ്രകടിപ്പിച്ചുകാണാറില്ല. എന്നിട്ടും എവിടെപോയാലും വീട്ടിലെത്താന്‍ ധൃതിപിടിച്ച് പോകുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ഒരുവള്‍ എന്തിനാവും വീട്ടിലെത്താന്‍ ഇത്ര തിടുക്കം കൂട്ടുന്നത്? ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ജോലി ചെയ്ത് ലോണെടുത്ത് വീടു പണിതാലും വീട് ഭര്‍ത്താവിന്റെ പേരിലാകുന്നതല്ലേ പതിവ്?
പെണ്ണില്ലെങ്കിലും വീടു നടക്കും എന്ന് പുരുഷന്‍ വീമ്പിളക്കാറുണ്ട്.

ഒരു പരിധി വരെ അത് ശരിയുമായിരിക്കാം പുരുഷന്റെ കാഴ്ചപ്പാടില്‍ സ്ത്രീയുടെ വീടുനോട്ടത്തില്‍ പല അപാകതകളും കണ്ടേക്കാം. പക്ഷേ പെണ്ണുണ്ടായിരിക്കെ പെട്ടെന്നൊരു നാള്‍ അവളില്ലാതാകുമ്പോഴാണ് വീടും പെണ്ണുമായുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ബോധവാനാകുന്നത്. അവളുണ്ടായിരിക്കെ അവളുടെ കുറവാണെന്ന് നിങ്ങള്‍ കരുതിയിരുന്ന ചില ഡിസ്ഓര്‍ഡറുകള്‍ക്ക് പോലും സൗന്ദര്യമുണ്ടായിരുന്നുവെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു.

പെണ്ണുണ്ടായിരുന്നതുപോലെയല്ല ഒരു വീടും പെണ്ണില്ലാത്തപ്പോള്‍. അവള്‍ തേച്ചുമെഴുകിയ പാത്രങ്ങള്‍ക്ക് തിളക്കം കുറയുന്നു… മുറികളില്‍ കണ്ണെത്താത്ത ഉയരത്തില്‍ മാത്രമല്ല അല്ലാതെയും ചിലന്തികള്‍ വല വിരിക്കുന്നു.. ഉപയോഗിക്കാതെ വച്ചിരിക്കുന്ന പാത്രങ്ങള്‍ക്കിടയില്‍ ഉറുമ്പുകള്‍ കൂടു കൂട്ടുന്നു… ഒന്നും നേരത്തെ ഇങ്ങനെയായിരുന്നില്ല.

അവളുടെ കലമ്പലുകള്‍, പരിഭവങ്ങള്‍, പിണക്കങ്ങള്‍.. കരച്ചിലുകള്‍.. ശാഠ്യങ്ങള്‍, ശാസനകള്‍… അതൊക്കെയാണ് ഒരു വീടിനെ വീടാക്കുന്നത്. അവള്‍ എന്നു പറയുമ്പോള്‍ ഭാര്യയെന്നു മാത്രമല്ല അതിനര്‍ത്ഥം. അമ്മ, പെങ്ങള്‍, ഏട്ടത്തിയമ്മ… അങ്ങനെ … ഏതു വേഷം അണിയുമ്പോഴും സ്ത്രീയെന്നും സ്ത്രീ തന്നെ.

വീടുകള്‍ക്ക് മീതെ കാര്‍മേഘം പരക്കുന്നതു പലപ്പോഴും സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്. ഏതെങ്കിലും വീടുകളിലെ സ്ത്രീകള്‍ ആത്മാവില്‍ സന്തോഷിക്കുന്നവരായുണ്ടോ? എന്തുറപ്പാണ് ഒരു സ്ത്രീക്ക് ഒരു വീടു നല്കുന്നത്?

വീടിന്റെ സന്തോഷം സ്ത്രീയുടെ സന്തോഷമാണ്. വീടിന്റെ വിജയം സ്ത്രീയുടെ വിജയമാണ്. എവിടെയൊക്കെ സ്ത്രീകള്‍ തോല്ക്കുന്നുവോ അവിടെയൊക്കെ വീടും തോറ്റുകൊണ്ടിരിക്കുന്നു. ഏതൊക്കെ വീടുകളില്‍വച്ച് സ്ത്രീകള്‍ അപമാനിതരാകുന്നുവോ അവിടെ വീടിനും തല കുനിക്കേണ്ടി വരുന്നു. അതുപോലെ വീട് തകരുന്നതും സ്ത്രീകാരണം തന്നെ. സംശയമെന്ത്?

വീടും സ്ത്രീയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാകുന്നു..വീടിനെ കേന്ദ്രീകരിച്ചാണ് സാധാരണക്കാരിയായ സ്ത്രീയുടെ സ്വത്വം തന്നെ നിശ്ചയിക്കപ്പെടുന്നത്. അവള്‍ വീടിനോട് എന്തുമാത്രം പ്രതിബദ്ധതയുള്ളവളാണ്.. വീടിനെ സ്‌നേഹിക്കുന്നവളാണ്.. വീടിനെ സ്വന്തമായി കരുതുന്നവളാണ്.. അതൊക്കെയാണ് ഒരു ഭാര്യയെ അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍… പക്ഷേ അത് സാധാരണ സ്ത്രീകളെ സംബന്ധിച്ചുള്ളൂ. സോണിയാഗാന്ധി എത്രമാത്രം നല്ല വീട്ടമ്മയാണെന്ന് ആരും അന്വേഷിക്കാറില്ല. മറിച്ച് അവരെന്തുമാത്രം നല്ല രാഷ്ട്രീയപ്രവര്‍ത്തകയോ സാമൂഹ്യപ്രവര്‍ത്തകയോ ആണെന്ന് അന്വേഷിക്കും.

മിക്ക വാക്കുകള്‍ക്കും സ്ത്രീലിംഗവും പുലിംഗവുമുണ്ട്. പക്ഷേ വീട്ടമ്മയെന്നാണ് പറയുക, വീട്ടപ്പന്‍ എന്ന് ഒരാളും പോലും പറയാറില്ല.. അതെ, വീട് ഒരു അമ്മയാണ്. അതില്‍ വാത്സല്യവും സ്‌നേഹവും ദയയും പരിഗണനയുമുണ്ട്. ഇതെല്ലാം ഊറ്റിക്കളഞ്ഞ് വീടിനെ വെറും പട്ടാളച്ചിട്ടയിലാക്കരുതേ..

വീടിനോട് ഒരുവന്‍ പുലര്‍ത്തുന്ന ആദരവും അടുപ്പവും സമൂഹത്തില്‍ ഒരുവനുള്ള മാന്യത നിശ്ചയിക്കുന്നുണ്ട്. കുടുംബം നോക്കുന്നവന്‍, കുടുംബസ്‌നേഹി തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഒരുവന്റെ മേല്‍ അവരോധിതമാകുന്ന ആഭരണങ്ങളാണ്. വീടിനെ സ്‌നേഹിക്കുന്നവനെ മറ്റുള്ളവര്‍ സ്‌നേഹിക്കും . വീടുനോക്കാതെ നടക്കുന്നവന് സമൂഹത്തിലെന്തു വില? അതുപോലെയാണ് പുരയ്ക്ക് മീതെ ചാഞ്ഞുനില്ക്കുന്ന പൊന്മരവും വെട്ടിക്കളയണമെന്ന് ചൊല്ല് രൂപപ്പെട്ടിരിക്കുന്നത്. വീടിനെതിരെയുള്ള ഏതു കുറ്റവും പൊറുക്കാത്തതുതന്നെ.

വീടില്ലാതെപോകുന്നതാണ് ഒരുവനെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തം. പാര്‍ട്ടീഷന്‍ കഴിഞ്ഞതോടെ തങ്ങള്‍ അഞ്ചെട്ടുമക്കള്‍ക്ക് ഒന്നിച്ചുകൂടാനായി ഒരു വീടില്ലാതെയായി എന്ന് ഒരാള്‍ സങ്കടപ്പെട്ടത് അടുത്തയിടെയാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ജോലി ചെയ്തിരുന്ന മക്കള്‍ അവധിക്കാലത്തും വിശേഷാവസരത്തിലും ഒന്നിച്ചുകൂടിയിരുന്നത് തറവാടുവീട്ടിലായിരുന്നുവത്രെ.

പക്ഷേ അനിവാര്യമായ ഒരു സാഹചര്യത്തില്‍ തറവാട് വീട് ഒരു ട്രസ്റ്റിന് കൈമാറാനാണ് വീട്ടുകാര്‍ തീരുമാനിച്ചത്. അതോടെ എല്ലാവര്‍ക്കും ഒരേ മനസ്സോടെ ഒന്നിച്ചൂകൂടാനുള്ള ഇടം നഷ്ടമായി. സഹോദരങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ ഒരന്തിയോ പകലോ ചെലവഴിച്ചതിന് ശേഷം വിരുന്നെത്തിയവര്‍ തങ്ങളുടെ ഇടങ്ങളിലേക്ക് യാത്ര പറഞ്ഞിറങ്ങുന്നു. കാരണം സ്വന്തമെന്ന് ഹൃദയത്തില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് അവരുടെ സ്വന്തം വീടില്ലാതായിരിക്കുന്നു. ”ഇടയ്‌ക്കെങ്കിലും മടങ്ങിപ്പോകാനും വിശേഷാവസരങ്ങളില്‍ ഒന്നിച്ചുകൂടാനും ആഗ്രഹമുണ്ടെങ്കില്‍ ഒരു നിവൃത്തിയുമില്ലെങ്കിലേ തറവാട് വീതം വയ്ക്കാവൂ..” അത് ആ വ്യക്തിയുടെ അപേക്ഷയായിരുന്നു.
ഒന്നിച്ചുച്ചേരുവാന്‍ നമുക്കുള്ള ഇടങ്ങളായിരുന്നു വീടുകള്‍ പണ്ട്. ഇന്നാവട്ടെ സ്വയം ഓടിയൊളിക്കാനുള്ള ഇടങ്ങളായി അതു മാറിയിരിക്കുന്നു.
എല്ലാം വീടായിരിക്കെ ചില വീടുകള്‍ മാത്രമെങ്ങനെയാണ് തറവാടിത്തമുള്ള വീടുകളാകുന്നത്? ചില ഫ്യൂഡല്‍ ചിന്താഗതികളില്‍ നിന്ന് വിമുക്തരാകാത്തതുകൊണ്ട്. ചേരിപ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കുന്ന ഇടങ്ങളെ വീടുകള്‍ എന്ന് വിളിക്കാന്‍ പോലും നാം തയ്യാറല്ല. ചാളയെന്നോ കൂരയെന്നോ മാടമെന്നോ ഇന്നും നിര്‍ദ്ധനര്‍ താമസിക്കുന്ന വീടുകള്‍ക്ക് നാം പേരിടാറുണ്ട്.

പാതി പങ്കിടാന്‍ ഒരാളുള്ള ഒറ്റമുറി പോലും സ്വന്തം വീടാണെന്ന് കരുതിപ്പോന്നിരുന്ന കാലമുണ്ടായിരുന്നു. ഭാര്യയ്‌ക്കൊപ്പം താമസിക്കാനാണെങ്കില്‍ക്കൂടി ആ മുറിയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ മനസ്സ് നൊന്തിരുന്നു.

വീടിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഇപ്പോള്‍ നാലുവീടുകള്‍ മനസ്സിലേക്ക് കടന്നുവരുന്നു. ഒന്ന് ജനിച്ചുവളര്‍ന്ന, വിട്ടൊഴിഞ്ഞുപോയ വീട്. രണ്ട്: ചേക്കേറിയ വീട് മൂന്ന്: സുഹൃത്തുക്കളുമൊത്ത് കഴിഞ്ഞുകൂടിയ ക്വാര്‍ട്ടേഴ്‌സ്. നാല്: ്യുഇപ്പോഴത്തെ ഞങ്ങളുടെ കൂടാരം.

ഇന്നും ക്വാര്‍ട്ടേഴ്‌സിന്് മുമ്പിലൂടെ കടന്നുപോവുമ്പോള്‍ ഞാനവിടേയ്ക്ക് സ്‌നേഹത്തോടെ പിന്തിരിഞ്ഞുനോക്കാറുണ്ട്. ആരോ എന്നെ കാത്തിരിക്കുന്നതുപോലെ… എനിക്ക് വീണ്ടും മടങ്ങിച്ചെല്ലാനുള്ള ഒരിടം പോലെ..ഒരു പക്ഷേ ആ വീടിനോടുള്ള അടുപ്പം എനിക്ക് മാത്രമേ അറിയൂ. ആ വീടിനെ ഞാന്‍ മാത്രമേ ഇതുപോലെ സ്‌നേഹിച്ചിട്ടുമുണ്ടാവൂ..

ഞാനും പ്രാണനെപോലെ ഞാന്‍ സ്‌നേഹിച്ചിരുന്ന എന്റെ സുഹൃത്തും… ഞങ്ങള്‍ക്കിടയിലുണ്ടായ സ്‌നേഹത്തിന്റെ വളര്‍ച്ചയും സന്ദിഗ്ദതകളും വേര്‍പിരിയലുകളും. അവന്റെ കൈത്തലത്തില്‍ മുഖമണച്ച് ഞാന്‍ കിടന്നുറങ്ങിയ എന്റെ അസുഖങ്ങളുടെ രാത്രികള്‍.. ഒരമ്മയെപോലെ അവനെന്നെ ശുശ്രൂഷിക്കുകയും വാത്സല്യത്തോടെ എന്നെ പരിഗണിക്കുകയും ഉള്ളിലെ പ്രണയഭാവത്തോടെ എന്നെ ആശ്ലേഷിക്കുകയും ചെയ്ത, എനിക്കൊരിക്കലും മറക്കാനാവാത്ത ദിവസങ്ങള്‍ സമ്മാനിച്ച വീട്.

വീട് ഒരു ആദിവികാരമാണ്. വീടുനോക്കാതെ മദ്യപിച്ചു നടക്കുന്ന ഒരാള്‍ക്കു പോലും കുടിച്ചുവെളിവില്ലാതെ പാതിരാത്രികളില്‍പോലും എത്തിച്ചേരാന്‍ കഴിയാതിരിക്കാത്തവിധം അത്രമേല്‍ സ്വാധീനമാണ് വീട് നമുക്കു സമ്മാനിച്ചിരിക്കുന്നത്. വീട്ടിലെത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്തിച്ചേരാനുള്ള ഇടങ്ങളുടെ പേരാണ് വീട്. ആശ്വാസവും സ്‌നേഹവും സുരക്ഷിതത്വവും നല്കുന്ന ഇടങ്ങളെല്ലാം വീടുകളാണ്. ഭാര്യയും അമ്മയും സുഹൃത്തും എനിക്ക് വീടുകളാണ്. മരണത്തിനപ്പുറം എത്തിച്ചേരാനുള്ള വീടിന്റെ പേരാണല്ലോ സ്വര്‍ഗ്ഗം.
വീടുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാറ്റിനും മാന്യത കല്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒന്നില്‍ നിന്ന് മാത്രമേ വീടിനെ നമ്മള്‍ ഒഴിവാക്കിയിട്ടുള്ളൂ. പണ്ടുകാലങ്ങളില്‍ ഈറ്റില്ലങ്ങളായിരുന്ന വീടുകളെ അതില്‍ നിന്നൊഴിവാക്കി നമ്മള്‍ ആശുപത്രികളെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു.

 

വീടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വല്ലാതെ വേദന തോന്നുന്ന ഒന്നുണ്ട്. വീടു വിട്ടുപോകുന്ന കുട്ടികള്‍. വീടിനെ വെറുത്തുപേക്ഷിക്കാന്‍ മാത്രം വീട് ആ കുട്ടികള്‍ക്ക്/ മുതിര്‍ന്നവര്‍ക്ക് എന്തു വേദനയാണാവോ സമ്മാനിച്ചിരിക്കുക? ഫ്രഷ് ആയിട്ടിരിക്കുമ്പോള്‍ ഏറ്റവും മധുരവും ചീത്തയായിക്കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ഗന്ധം വമിക്കുന്നതുമായ ചില പ്രത്യേകപഴവര്‍ഗ്ഗങ്ങള്‍ പോലെയാണ് വീടുമായതുകൊണ്ടാണോ അപ്രകാരം സംഭവിക്കുന്നത്?
വീടുകളൊക്കെ പുഴയ്ക്ക് നടുവിലാണ്. ചിലപ്പോള്‍ സ്‌നേഹത്തിന്റെയും കരുണയുടെയും പ്രാര്‍ത്ഥനകളുടെയും സഹവര്‍ത്തിത്വത്തിന്റെയും പുഴയ്ക്ക് നടുവില്‍.. മറ്റുചിലപ്പോള്‍ സ്‌നേഹവും കരുണയും പ്രാര്‍ത്ഥനകളും സഹവര്‍ത്തിത്വവും നിലച്ച്, ഒഴുക്ക് നഷ്ടപ്പെട്ട അവസ്ഥയില്‍.

എങ്കിലും ഇനി അതിലെ പുഴയൊഴുകില്ലെന്ന് പറയരുത്. പുറമെ കാണപ്പെടുന്ന ഈ വരള്‍ച്ചയ്ക്ക് അടിയിലും ആര്‍ദ്രതയുടെ ഒഴുക്കുണ്ട്. വീടിനെ സ്‌നേഹിക്കാന്‍ ആ ഒരു കാരണം മാത്രം മതി…

 

വിനായക് നിര്‍മ്മല്‍

 

You must be logged in to post a comment Login