കരിന്പൻ: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി മാർ ജോണ്‍ നെല്ലിക്കുന്നേൽ നാളെ അഭിഷിക്തനാകും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാഭിഷേകത്തിനു മുഖ്യകാർമികത്വം വഹിക്കും. ഇടുക്കിയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും സഹകാർമികരായിരിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക പരിപാടികൾക്കു തുടക്കമാകും. ഏറ്റവും മുന്നിലായി മാർ തോമാ കുരിശും അതിന്റെ പിന്നിലായി ധൂപക്കുറ്റി, കത്തിച്ച തിരികൾ, വിശുദ്ധ ഗ്രന്ഥം എന്നിവ സംവഹിക്കപ്പെടും. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും അവർക്കു പിന്നാലെ മെത്രാന്മാരും അവർക്കു പിന്നിൽ നിയുക്ത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേലും പ്രദക്ഷിണത്തിൽ പങ്കുചേരും. ഇവർക്കൊപ്പം മുഖ്യകാർമികനും സഹകാർമികരും തിരുക്കർമങ്ങളുടെ ആർച്ച്ഡീക്കൻ മോണ്‍. ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങൾ നിയന്ത്രിക്കുന്ന വൈദികരും അണിനിരക്കും. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിക്കുന്നതോടെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കും.
മെത്രാഭിഷേകത്തിനു ശേഷം കോതമംഗലം ബിഷപ്എമെരിത്തൂസ് മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ്പ് ഉദ്ഘാടനംചെയ്യും. തിരുവല്ല ആർച്ച്ബിഷപ്തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ കോർത്തിണക്കിയ ’ഇടയന്റെ പാദമുദ്രകൾ’ എന്ന സ്മരണിക പ്രകാശനംചെയ്യും. വൈദ്യുതിമന്ത്രി എം.എം. മണി, യാക്കോബായ സുറിയാനിസഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാർ ജൂലിയസ്, ജോയ്സ് ജോർജ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, പി.ജെ. ജോസഫ് എംഎൽഎ, കത്തീഡ്രൽ വികാരി ഫാ. ജോസ് ചെമ്മരപ്പള്ളിൽ, ഫാ.പോൾ പാറക്കാട്ടേൽ സിഎംഐ, സിസ്റ്റർ ആലീസ് മരിയ സിഎംസി, മുൻ എംപി ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവർ ആശംസകൾ നേരും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ ജോണ്‍ നെല്ലിക്കുന്നേൽ എന്നിവർ മറുപടി പ്രസംഗം നടത്തും.
മെത്രാഭിഷേക കമ്മിറ്റി ജനറൽ കണ്‍വീനർ മോണ്‍. ജോസ് പ്ലാച്ചിക്കൽ സ്വാഗതവും പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.വി. ലൂക്കാ കൃതജ്ഞതയും പറയും.
You must be logged in to post a comment Login