ഇന്ത്യയുടെ ഗ്രാമങ്ങള്‍ ശവപ്പറമ്പുകളാകാന്‍ അനുവദിക്കരുത്: ഇന്‍ഫാം

ഇന്ത്യയുടെ ഗ്രാമങ്ങള്‍ ശവപ്പറമ്പുകളാകാന്‍ അനുവദിക്കരുത്: ഇന്‍ഫാം

കൊച്ചി: വിലത്തകര്‍ച്ചയും കടബാധ്യതയുംമൂലം പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നവരെ കൊന്നൊടുക്കിയും കര്‍ഷക ആത്മഹത്യയിലൂടെയും ഇന്ത്യയുടെ ഗ്രാമങ്ങളെ ശവപ്പറമ്പുകളാകാന്‍ അനുവദിക്കരുതെന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് കൊടുംക്രൂരതയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

വന്‍ വ്യവസായികളുടെ കോടികള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ സംസ്ഥാനങ്ങള്‍ പണം കണ്ടെത്തണമെന്നുള്ള കേന്ദ്രധനമന്ത്രിയുടെ നിലപാട് കര്‍ഷകരെ രണ്ടാംതരം പൗരന്മാരായി കാണുന്നതാണ്. വിവിധ രാജ്യാന്തര കാര്‍ഷിക കരാറുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ കാര്‍ഷികമേഖലയെ തീറെഴുതിയിരിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ കാര്‍ഷിക നിക്ഷേപങ്ങളും കാര്‍ഷിക വിപണികളും രൂപപ്പെടുമ്പോള്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ നാമാവശേഷമാകും.

2009-ലെ ആസിയാന്‍ വ്യാപാരക്കരാറിനെത്തുടര്‍ന്ന് 2014 നവംബര്‍ 12ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ആസിയാന്‍ നിക്ഷേപക്കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ 2015 ജൂലൈ 1 മുതല്‍ ആരംഭിച്ചു. 2017 ജൂലൈ 18 മുതല്‍ 28 വരെ ഹൈദ്രാബാദില്‍വെച്ച് ചൈന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, സൗത്ത് കൊറിയ, പത്ത് ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍സിഇപി രാജ്യാന്തരക്കരാറിന്റെ 19-ാം റൗണ്ട് സമ്മേളനം ചേരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യ ആര്‍സിഇപി കരാറില്‍ ഒപ്പിടുമ്പോള്‍ ഇന്ത്യയുടെ കാര്‍ഷികമേഖല ഒന്നടങ്കം അംഗരാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കപ്പെടും. നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതി മാത്രമല്ല ഈ രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകളുടെ വന്‍ നിക്ഷേപങ്ങളും ഇന്ത്യയിലുണ്ടാകും. ഇപ്പോഴുള്ളതിലും അതിഭീകരമായ പ്രത്യാഘാതങ്ങളായിരിക്കും വരുംനാളുകളില്‍ ഇന്ത്യയിലെ ചെറുകിടകര്‍ഷകര്‍ നേരിടേണ്ടി വരുന്നത്.

പൊതുസമൂഹം കര്‍ഷകരോട് ചേര്‍ന്നുനില്‍ക്കേണ്ട സമയമാണിത്. രാജ്യത്തുടനീളം കര്‍ഷകപ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചിരിക്കുമ്പോള്‍ കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ച് സംഘടിച്ച് നീങ്ങണമെന്നും രാഷ്ട്രീയ പാര്‍ട്ടികളെന്നോ മുന്നണികളെന്നോ നോക്കാതെ ഇത്തരം കര്‍ഷകമുന്നേറ്റങ്ങളെ ഇന്‍ഫാം പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login