വിഡ്ഢികളായ ഹേറോദോസുമാര്‍

വിഡ്ഢികളായ ഹേറോദോസുമാര്‍

ഹേറോദേസുമാരും കംസന്മാരും എഴുതിപോയ ഒരു ചരിത്രത്തിലെ അന്യംനിന്നുപോയ കഥാപാത്രങ്ങളല്ല. ഹേറോദേസുമാരും കംസന്മാരും ആവര്‍ത്തിക്കപ്പെടുന്ന ചരിത്രത്തിലെ അവസാനിക്കാത്ത അധികാരികളാണ്.

അതിന്റെ ഏറ്റവും പുതിയ വക്താവാണ് ബാബു ബജ് രംഗി
ഓര്‍മ്മയില്ലേ, ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തെഹല്‍ക്ക വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ പുറത്തുവന്ന ക്രൂരതയുടെ പര്യായങ്ങള്‍. ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് പ്രതികാരം തീര്‍ത്ത, ക്രൂരതയുടെ പേര് ബാബു ബജ് രംഗി.

പുതിയ തുടക്കങ്ങളെ എന്നും സങ്കുചിതത്വ വലയങ്ങളില്‍ പെട്ടുപോയവര്‍ക്ക് ഭയമായിരുന്നു. അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത് നട്ട മരം, നാളെ തന്റെ വീടിനും പറമ്പിനും ഉപദ്രവം ചെയ്യുമെന്ന് കരുതി ചൂടുവെള്ളവും അതു പോരാഞ്ഞ് മെര്‍ക്കുറിയുമൊക്കെ ഒഴിച്ച് തൈയായിരിക്കുമ്പോഴേ ഉണക്കിക്കളയുന്ന നാട്ടുപുറത്തിന്റെ കുന്നായ്മകള്‍ ആര്‍ക്കാണ് പരിചയമില്ലാത്തത്? അതില്‍ നിന്ന് അധീശത്വമേധാവിത്വത്തിന്റെ കൊടുംക്രൂരതകള്‍ക്ക് അധികം ദൂരമൊന്നുമില്ല. തീവ്രതയേറുന്നുവെന്നേയുള്ളൂ.

ഒറ്റപ്പെട്ട സ്വാര്‍ത്ഥതയല്ല വ്യക്തമായ രാഷ്ട്രീയവും ആക്രമണോത്സുകതയും പ്രദര്‍ശിപ്പിക്കുന്നവയാണ് ഇത്തരം പ്രവൃത്തികളോരോന്നും.
വളരാന്‍ അനുവദിക്കാതിരിക്കുന്നതിനെക്കാള്‍ എളുപ്പം പിറക്കാന്‍ അനുവാദിക്കാതിരിക്കുകയാണെന്ന് ഇവര്‍ക്കറിയാം. അതാണ് ഓരോ ആധുനിക ഹേറോദേസുമാരും ചെയ്യുന്നത്. ചെയ്തുകൊണ്ടിരിക്കുന്നത്. എന്തിന് വേണ്ടി ആ കൊടുംക്രൂരതകള്‍ നിറവേറിയോ, ആരുടെ നേര്‍ക്ക് ക്രൂരതകള്‍ അഴിച്ചുവിട്ടോ അവര്‍ മാത്രം എവിടെയും രക്ഷപ്പെടും.

പക്ഷേ ഈ ഹേറോദേസുമാര്‍ എത്ര വിഡ്ഢികളാണെന്ന് ചിന്തിച്ചുനോക്കൂ. കൃത്യമായ ലക്ഷ്യത്തോടും അനുപമമായ പ്രതിഭാവിലാസത്തോടും ദൈവത്തിന്റെ ഹൃദയത്തില്‍ പിറവിയെടുക്കുകയും വളരാന്‍ ഭൂമിയിലെ സ്‌നേഹങ്ങളിലേക്ക് ദൈവം പറഞ്ഞയ്ക്കുകയും ചെയ്യുന്ന അവിടുത്തെ പ്രത്യേകമായ ഈ സന്താന ങ്ങളെ ദൈവം സംരക്ഷിക്കാതെപോകുമോ? അങ്ങനെയെങ്കില്‍ ക്രിസ്തു ഭൂമിയില്‍ ജീവിക്കാതെ പോകുമായിരുന്നില്ലേ?
ദൈവത്തിന്റെ പദ്ധതികളോട് മനുഷ്യന്‍ ക്രിയാത്മകമായി പ്രത്യുത്തരിക്കുകയും സഹകരിക്കുകയും വേണം. എങ്കിലേ ചില ജന്മങ്ങളൊക്കെ പിറവിയിലേ അസ്തമിക്കാതിരിക്കൂ. അവയൊക്കെ ലോകത്തിന് അനുഗ്രഹമായിത്തീരുകയും ചെയ്യൂ.

ബദ്‌ലഹേംവിട്ടുള്ള തിരുക്കുടുംബത്തിന്റെ പലായനം ബോധപൂര്‍വ്വവും വിവേകപൂര്‍വ്വവുമായ തീരുമാനമായിരുന്നു. ദൈവത്തിന്റെ പുത്രനല്ലേ ദൈവം രക്ഷിച്ചോളും എന്ന ‘അന്ധ’വിശ്വാസമല്ല, ദൈവം ഇങ്ങനെയും പറയും, അപ്പോള്‍ അതനുസരിക്കണം എന്ന നിരുപാധികമായ കീഴടങ്ങലായിരുന്നു മകനെ രക്ഷിക്കാനായി തിരുക്കുടുംബം ഏറ്റെടുത്തത്.
നിന്റെ ഉദരത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ സംരക്ഷിക്കാന്‍, അവനെ നിലനിര്‍ത്താന്‍ ചില ഇടങ്ങള്‍ നീ വിട്ട് പോയേതീരൂ. അത് ദൈവം നിന്നില്‍ നിന്നും ആവശ്യപ്പെടുന്ന കടമയാണ്. ഏതെങ്കിലും വിധത്തില്‍ നീ നഷ്ടപ്പെടുത്തുന്ന നിന്റെ കുഞ്ഞ്. ജീവിതകാലം മുഴുവന്‍ ആ ജീവന്റെ നിലവിളി നിന്നെ പിന്തുടരുക തന്നെ ചെയ്യും. പിന്നെ നിനക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏതെല്ലാം വിധത്തില്‍ ആ വിലാപം നിന്നെ പിന്തുടരുമെന്നോ…?

‘ ഉണ്ണികള്‍ക്ക് പിറക്കാന്‍ ഇടമില്ലാത്ത ആസുരമായ ഒരു ലോകമായിരിക്കാം ഇത്. എന്നിട്ടും ‘ലോകാവസാനംവരേക്കും പിറക്കാതെപോകട്ടെ നീയെന്‍ മകനേ” എന്ന് പാടാന്‍ ഞാനൊരു ക്രൂരനല്ല. ദാമ്പത്യധര്‍മ്മം അനുഷ്ഠിക്കാന്‍ നിയോഗം ലഭിച്ച ഏതൊരാളുടെയും അദമ്യമായ ആഗ്രഹമാണ് ഒരു കുഞ്ഞ്.

എത്ര കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭത്തിലേ കുരുതിക്കഴിക്കപ്പെടുന്നുണ്ട്… സത്യമായും കണക്കുകള്‍ എനിക്കറിയില്ല. പിറക്കാതെ പോകുന്ന ഉണ്ണികള്‍ വേദനയുണര്‍ത്തുന്നുണ്ട്. അതൊരു ന്യൂനപക്ഷം. അങ്ങനെയേ ഞാന്‍ വിചാരിക്കുന്നള്ളൂ. ഉണ്ണികള്‍ ഇനിയും ജനിക്കുന്നല്ലോയെന്ന ശുഭാപ്തിവിശ്വാസിയാണ് ഞാന്‍.

എന്നാല്‍ ഇപ്പോഴും കുട്ടികളെ പിറക്കാന്‍ നമ്മള്‍ സമ്മതിക്കുന്നുണ്ടല്ലോയെന്നാണ് എന്റെ സമാധാനം. എവിടെനിന്നൊക്കെയോ ചില കുഞ്ഞിക്കരച്ചിലുകള്‍ കേള്‍ക്കുന്നതിലാണ് എനിക്ക് ഉള്‍പുളകം.

തൊട്ടിലുകള്‍… കുഞ്ഞുടുപ്പുകള്‍… പാല്‍ക്കുപ്പികള്‍.. ഉണ്ണികള്‍ക്ക് മാത്രമുള്ള പ്രത്യേക മണങ്ങള്‍… നമ്മള്‍ തീര്‍ച്ചയായും ദൈവത്തിന് നന്ദി പറയേണ്ടിയിരിക്കുന്നു. എന്തിനെന്നല്ലേ കുഞ്ഞുങ്ങളെ പിറക്കാന്‍ അനുവദിക്കുന്ന ഒരു മനസ്സ് ദൈവം നമുക്ക് തന്നതിന്..
കുഞ്ഞുങ്ങളെ പിറക്കാന്‍ അനുവദിക്കുന്ന മനസ്സിന്റെ സംഗീതം നമ്മുടെ സ്വന്തമല്ല അത് ദൈവം പ്രത്യേകമായി നമുക്ക് തന്നതാണെന്നറിയണം.

‘ഉണ്ണിക്കണ്ണന്‍ മനസ്സില്‍ മേവുമ്പോള്‍ ഉണ്ണികളെന്തിന് വേറെ” എന്ന് പാടാന്‍ സര്‍വ്വസംഗപരിത്യാഗിയുമല്ല . മനസ്സിന്റെ ചുവരില്‍ ഒരുണ്ണിച്ചിത്രം ഞാന്‍ വരച്ചിടുന്നു. എനിക്കറിയാം അവനും ഞാനും വളരുമ്പോള്‍ ഞങ്ങള്‍ക്കിടയിലുള്ള സ്‌നേഹത്തിന് ചിലപ്പോള്‍ ക്ലാവ് പിടിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന്… എന്നിട്ടും ഞാന്‍ പാടുന്നു, ഉണ്ണിക്കൈ വളര്…

ഉദരത്തില്‍ പിറവിയെടുത്ത എല്ലാ ഉണ്ണികളും ഭൂമിയുടെ ഗന്ധം അറിയട്ടെ അവന്റെ കുഞ്ഞുപ്പാദങ്ങള്‍ ഭൂമിയെ കുളിരണിയിക്കട്ടെ.. എല്ലാ ഉണ്ണികള്‍ക്കും മുമ്പില്‍ ഞാന്‍ ആദരവോടെ കൈകള്‍ കൂപ്പുന്നു. ഉണ്ണീ നീ പുണ്യം, അയോഗ്യരായ ഞങ്ങള്‍ക്കിടയില്‍ നീ പിറക്കുന്നതിന് നന്ദി. നീ ഞങ്ങളുടെ ആര്‍ദ്രതയുണര്‍ത്തുന്നത് ഞാനറിയുന്നു. ഭൂമിയെ വീണ്ടും സ്‌നേഹിക്കാന്‍ തോന്നിക്കുന്ന എന്തോ നിന്നിലുണ്ട്. നിനക്കുവേണ്ടി ഇനിയും എന്റെ ആശയുടെ ചില്ലയില്‍ സ്‌നേഹത്തിന്റെ ഒരു തൊട്ടില്‍ ഞാന്‍ കെട്ടും. നിനക്ക് ചാഞ്ചാടിയുറങ്ങാന്‍ ഒരു താരാട്ട ഞാന്‍ പാടും.. ഞാനെന്നും അത് പാടിക്കൊണ്ടേയിരിക്കും…

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login