ഇഎഫ്എല്‍ ആക്ടിന്റെ മറവില്‍ വനംവകുപ്പ് കയ്യേറിയ കര്‍ഷകഭൂമി വിട്ടുനല്‍കണം: ഇന്‍ഫാം

ഇഎഫ്എല്‍ ആക്ടിന്റെ മറവില്‍ വനംവകുപ്പ് കയ്യേറിയ കര്‍ഷകഭൂമി വിട്ടുനല്‍കണം: ഇന്‍ഫാം

കൊച്ചി: തോട്ടം മേഖലയെ ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍, ഇഎഫ്എല്‍ ആക്ടിന്റെ മറവില്‍ ചെറുകിട കര്‍ഷകരെ കുടിയിറക്കി വനംവകുപ്പ് കയ്യേറിയ കൃഷിഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

തോട്ടംമേഖലയിലെ തകര്‍ച്ചയെ അതിജീവിക്കാനും തോട്ടമുടമകളെയും അതിലുപരി തൊഴിലാളികളെയും സംരക്ഷിക്കുവാനും ഇഎഫ്എല്‍ പരിധിയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മാത്രമായിട്ടുള്ള പ്ലാന്റേഷന്‍ നികുതിയും കാര്‍ഷികാദായനികുതിയും ഒഴിവാക്കിയതും റബര്‍മരം മുറിച്ചുവില്‍ക്കുമ്പോഴുള്ള സീനിയറേജ് തുക ഉപേക്ഷിച്ചതും ആശ്വാസകരമാണ്.

ഇഎഫ്എല്‍ ആക്ടിന്റെ പേരില്‍ നിയമലംഘനത്തിലൂടെ നയാപൈസാ നഷ്ടപരിഹാരം നല്‍കാതെ വനംവകുപ്പ് കൈവശപ്പെടുത്തിയ ചെറുകിട കര്‍ഷകരുടെ കൃഷിഭൂമിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം.

വീടും കൃഷിസ്ഥലങ്ങളും സ്വയമേധയാ വിട്ടുകൊടുക്കണമെന്ന ഇഎഫ്എല്‍ നിയമത്തിലെ വ്യവസ്ഥ പാലിക്കാത്ത സര്‍ക്കാര്‍നടപടിയും പുനപരിശോധിക്കണം. കുമാരിവര്‍മ്മ കേസില്‍ കേരളത്തില്‍ സ്വകാര്യവനമില്ലെന്നും അതിനാല്‍ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള കേരള ഹൈക്കോടതി വിധിന്യായം പോലും അട്ടിമറിച്ചാണ് വനംവകുപ്പ് ഇഎഫ്എല്‍ ആക്ട് ദുര്‍വ്യാഖ്യാനം ചെയ്തത്.

തോട്ടമുടമകള്‍ക്കും തൊഴിലാളികള്‍ക്കും സംരക്ഷണമേര്‍പ്പെടുത്താന്‍ മുന്നോട്ടിറങ്ങിയ സര്‍ക്കാര്‍ ഈ ആക്ടിലൂടെ ഭൂമി നഷ്ടപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന ചെറുകിട കര്‍ഷകരെക്കൂടി സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണെന്നും അനുകൂല നിയമനടപടികള്‍ സ്വീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login