ഇ​​​ൻ​​​ഫാം പ്രക്ഷോഭത്തിലേക്ക്…

ഇ​​​ൻ​​​ഫാം പ്രക്ഷോഭത്തിലേക്ക്…

വാഴക്കുളം: കാർഷിക മേഖലയിലെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്‍റെ അടിയന്തരനടപടികൾ ആവശ്യപ്പെട്ട് ഇൻഫാം സംസ്ഥാനതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാർഷികോത്പന്ന വിപണനത്തിലൂടെ ദൈനംദിന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കർഷകർക്കു സാധിക്കാത്ത അവസ്ഥയാണു നിലവിലുള്ളതെന്ന് ഇൻഫാം സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

അനിയന്ത്രിതമായ വിലയിടിവ് വിളവെടുപ്പിൽനിന്നു പോലും കർഷകരെ പിന്തിരിപ്പിക്കുകയാണ്.‌ അടിസ്ഥാനവില പ്രഖ്യാപിച്ച് റബർ സംഭരണം നടത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റബർ ഉത്തേജക പാക്കേജിൽ വ്യാപാരിവില മാനദണ്ഡമാക്കണം.

കർഷകവിരുദ്ധമായ രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറിൽനിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.

കുടിയേറ്റ കർഷകർക്കു ഭൂമിയുടെ കൈവശാവകാശ രേഖകൾ നല്കുക, വന്യജീവികളുടെ ആക്രമണത്തിൽനിന്നു കർഷകരേയും കാർഷികമേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടതായ നിയമനിർമാണം നടത്തുക, കർഷകരുടെയും കുടുംബാംഗങ്ങളുടെയുംനേരേയുള്ള ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തിൽ ഇൻഫാം ഉന്നയിക്കുമെന്നു സംസ്ഥാന ഡയറക് ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കണ്‍വീനർ ജോസ് എടപ്പാട്ട് എന്നിവർ പറഞ്ഞു.

ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലായ്ക്കൽ, വൈസ് ചെയർമാൻ കെ. മൈതീൻഹാജി, ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്‍റണി കൊഴുവനാൽ, ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ്, ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ, പാലാ രൂപത ഡയറക് ടർ ഫാ. ജോസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login