നെല്‍കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ അരി ഇറക്കുമതിചെയ്യുന്നത് വിരോധാഭാസം: ഇന്‍ഫാം

നെല്‍കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ അരി ഇറക്കുമതിചെയ്യുന്നത് വിരോധാഭാസം: ഇന്‍ഫാം

ആലപ്പുഴ: സമയബന്ധിതമായി കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കാനോ, സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നല്‍കുവാനോ നിലവിലുള്ള നെല്‍കര്‍ഷകരെ സംരക്ഷിക്കുവാനോ സാധിക്കാതെ സ്വന്തം കര്‍ഷകരുടെ നെല്ല് പാടത്ത് നശിച്ചുവീഴുമ്പോള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുവാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങുന്ന സര്‍ക്കാര്‍ കോടികളുടെ ഉദ്യോഗസ്ഥ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ഇന്‍ഫാം ആലപ്പുഴ ജില്ലാസമിതി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ അരിമില്ലുടമകളുടെ ഏജന്റുമാരായി ഭക്ഷ്യകൃഷിവകുപ്പുകള്‍ മാറിയിരിക്കുന്നത് കര്‍ഷകസമൂഹത്തിന് അപമാനകരമാണ്. മെത്രാന്‍കായലില്‍ വിത്തെറിഞ്ഞ് നെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ ഇവന്റ് മാനേജ്‌മെന്റിനെക്കൊണ്ട് നടത്തുന്ന പ്രചരണം വിരോധാഭാസമാണ്. മെത്രാന്‍ കായലില്‍ വിത്തെറിയുവാന്‍ സംസ്ഥാന കൃഷി ജലസേചനവകുപ്പുകള്‍ക്ക് രണ്ടുവര്‍ഷങ്ങളായി ചെലവായിട്ടുള്ള കോടികളുടെ കണക്കുകള്‍ പരസ്യപ്പെടുത്തണം.

മെത്രാന്‍ കൃഷിയില്‍ നിന്ന് സാമ്പത്തികമായി എന്തുനേട്ടമുണ്ടായെന്ന് പൊതുസമൂഹത്തെ അറിയിക്കണം. ഉല്പാദനക്ഷമതയുള്ള വിത്ത് കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കുന്നതിലും കൃഷിവകുപ്പ് പരാജയപ്പെട്ടു. വിളഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വീതംപറ്റുന്നവരായി കൃഷിഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നു. നിലവിലുള്ള 1100 രൂപ കര്‍ഷകപെന്‍ഷന്‍ എല്ലാമാസവും നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍ 10,000 രൂപയാക്കണമെന്ന കാര്‍ഷികവികസന നയശുപാര്‍ശ നടപ്പിലാക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

ഇന്‍ഫാം കോര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ നേതാക്കളായ എന്‍.ജെ.ജേക്കബ് നെല്ലാംകുന്നേല്‍, രവീന്ദ്രന്‍ നായര്‍, ആന്റണി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഫാം ജില്ലാ കര്‍ഷക നേതൃസമ്മേളനം നവംബര്‍ 18ന് 4 മണിക്ക് ആലപ്പുഴയില്‍ ചേരുമെന്ന് കോര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ അറിയിച്ചു.

You must be logged in to post a comment Login