ഭൂമാഫിയകളുടെ സംരക്ഷകരായി കോടതികളില്‍ സര്‍ക്കാര്‍ അധഃപതിക്കരുത്: ഇന്‍ഫാം

ഭൂമാഫിയകളുടെ സംരക്ഷകരായി കോടതികളില്‍ സര്‍ക്കാര്‍ അധഃപതിക്കരുത്: ഇന്‍ഫാം

കൊച്ചി: പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഭൂമി കൈവശംവെച്ചിരിക്കുന്ന വന്‍കിട തോട്ടമുടമകള്‍ക്കെതിരെയുള്ള കേസ ജനുവരി 30 ഹൈക്കോടതി ഡിവിഷന്‍ബഞ്ചിനു മുമ്പാകെ അന്തിമവാദത്തിനു വരുമ്പോള്‍ കഴിഞ്ഞ നാളുകളിലേതുപോലെ തെളിവുകളും രേഖകളും ഹാജരാക്കാതെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍സംവിധാനങ്ങള്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷകരെ തെരുവിലിറക്കിവിട്ടിട്ട് വന്‍ഭൂമാഫിയകളുടെ സംരക്ഷകരായി റവന്യൂ-വനം വകുപ്പുകള്‍ അധഃപതിച്ചിരിക്കുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഇന്ത്യന്‍മണ്ണില്‍ 1908ലെ കമ്പനി നിയമങ്ങള്‍ക്കും ഭൂപരിഷ്‌കരണനിയമങ്ങള്‍ക്കും വിരുദ്ധമായി ബ്രിട്ടീഷ് കമ്പനിയുടെ നിയന്ത്രണത്തില്‍ കൈവശംവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയതല്ലാതെ നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെയും മാറിമാറി കേരളംഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കായിട്ടില്ല.

മലയാളം പ്ലാന്റേഷന്‍സ് (യു.കെ.) ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. ഇവരുടെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ ഭൂസംരക്ഷണനിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ഫെബ്രുവരി 28ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2013 ഏപ്രില്‍ 24ന് ഭൂമി ഏറ്റെടുക്കലിന് നിയമിതനായ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം 2014 ഡിസംബര്‍ 1ന് പഠനങ്ങളുടെയും രേഖകളുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുവാന്‍ ഉത്തരവിറക്കി.

ഈ ഉത്തരവിനെതിരെ വന്‍കിട തോട്ടമുടമകള്‍ ഫയല്‍ചെയ്ത ഹര്‍ജികളില്‍ ജസ്റ്റിസ് പി.വി.ആശ 2015 നവംബര്‍ 25ന് സര്‍ക്കാര്‍നടപടികളെ സാധൂകരിച്ച് ഡിവിഷന്‍ ബഞ്ചിന് റഫര്‍ചെയ്തു. ഈ കേസുകള്‍ ഇന്ന് (ജനുവരി 30) ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ അന്തിമവാദത്തിനും പരിഗണനയ്ക്കും വരുമ്പോള്‍ ബന്ധപ്പെട്ട രേഖകളും തെളിവുകളും സമര്‍പ്പിക്കാതെ അട്ടിമറിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ അഭിഭാഷകര്‍ സൃഷ്ടിക്കരുത്.

വന്‍കിട തോട്ടമുടമകളുടെ കൈവശത്തിലിരിക്കുന്ന സര്‍ക്കാര്‍ഭൂമിയിലെ മരങ്ങള്‍ വെട്ടരുതെന്ന ഉത്തരവ് കോടതിയിലെത്തിയപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹാജരാകാതിരുന്ന ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. തല്‍ഫലമായി മരംവെട്ടാനുള്ള വിധി തോട്ടമുടമകള്‍ക്ക് പിന്നാമ്പുറങ്ങളിലൂടെ സര്‍ക്കാര്‍തന്നെ സമ്പാദിച്ചുകൊടുത്തു. കോടതി വ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പരാജയപ്പെടുന്ന ദുരവസ്ഥ ഭരണരംഗത്തെ വന്‍ അഴിമതിയും നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയുമാണ് പുറത്തുകൊണ്ടുവരുന്നത്.

ജീവനോപാധിക്കായി കൃഷിചെയ്യുന്ന ചെറുകിട കര്‍ഷകന്റെ കൃഷിഭൂമി കൈയ്യേറ്റമെന്നാരോപിച്ച് കരമടയ്ക്കുന്നത് നിഷേധിക്കുകയും പട്ടയം റദ്ദ്‌ചെയ്ത് കൈവശപ്പെടുത്തുകയും ചെയ്യുന്ന വനം-റവന്യൂ വകുപ്പുകളും ഭരണനേതൃത്വങ്ങളും വന്‍കിടഭൂമാഫിയകളുടെയും വിദേശ തോട്ടമുടമകളുടെയും വീതംപറ്റി സംരക്ഷകരായി അധഃപതിച്ചിരിക്കുന്നത് അപമാനകരമാണെന്നും ഇക്കൂട്ടരുടെ നിയമവിരുദ്ധ ബന്ധങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login