കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്നു: ഇന്‍ഫാം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്നു: ഇന്‍ഫാം

പാലാ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ കാലങ്ങളായി വഞ്ചിക്കുകയാണെന്നും കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ചയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ കര്‍ഷകസമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കണമെന്നും ഇന്‍ഫാം പാലാ രൂപതാസമിതി അഭ്യര്‍ത്ഥിച്ചു.

ഭൂനികുതിയുള്‍പ്പെടെ അധികനികുതിഭാരം കര്‍ഷകരുടെമേല്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ധൂര്‍ത്ത് നടത്തിയിട്ട് ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കണമെന്നു പറയുന്നത് വിരോധാഭാസമാണ്. ഗുണമേന്മ നിശ്ചയിക്കാത്തതുകൊണ്ട് റബര്‍ചണ്ടി ഇറക്കുമതിയില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി പറയുമ്പോള്‍ പ്രധാനമന്ത്രയുടെ ഓഫീസ് നേരിട്ട് ഗുണമേന്മ പരിശോധനയുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ റബര്‍ വേസ്റ്റും ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ടാക്‌സ് ഫോഴ്‌സ് തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ നാടകമാണെന്നും ഇന്‍ഫാം ചൂണ്ടിക്കാട്ടി.

പാലാ ശാലോം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന രൂപതാസമിതിയില്‍ രൂപതാഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, ഇന്‍ഫാം സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, ജില്ലാ സെക്രട്ടറി ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം എന്നിവര്‍ സംസാരിച്ചു.

ഏപ്രില്‍ 20ന് പാലായില്‍ നടക്കുന്ന ഇന്‍ഫാം പാലാരൂപതാ കണ്‍വന്‍ഷന്റെയും ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെയും കര്‍ഷകറാലിയുടെയും മുന്നൊരുക്കമായി ഏപ്രില്‍ 5 മുതല്‍ രൂപതയിലെ 17 ഫൊറോനകളിലും കര്‍ഷകവിളംബര കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനും രൂപതാസമിതി തീരുമാനിച്ചു.

You must be logged in to post a comment Login