ലാസ്റ്റ് സപ്പറിനെ അപഹാസ്യമായി ചിത്രീകരിച്ച് ഐസിയു വിന്‍റെ ട്രോള്‍

ലാസ്റ്റ് സപ്പറിനെ അപഹാസ്യമായി ചിത്രീകരിച്ച് ഐസിയു വിന്‍റെ ട്രോള്‍

ട്രോളുകള്‍ നല്ലതുതന്നെ. ആരെയും വ്യക്തിപരമായി നിന്ദിക്കാതെയും വ്രണപ്പെടുത്താതെയുമുള്ള ട്രോളുകള്‍ പ്രത്യേകിച്ചും. ഒന്ന് ചിരിക്കാനും മറ്റ് ചിലപ്പോള്‍ ഒന്ന് ചിന്തിപ്പിക്കാനും അത്തരം ട്രോളുകള്‍ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത് കൃത്യമായ അനുപാതത്തിലും സമകാലികമായും പടച്ചുവിടുന്നവരുടെ പ്രതിഭയോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

പക്ഷേ ഈ ട്രോള്‍ വെറുതെ വിടാനുള്ളതല്ല. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് എന്തും ആകാമെന്ന് കരുതരുത്. പ്രതികരിക്കാനോ വര്‍ഗ്ഗീയതയ്‌ക്കോ ഇറങ്ങിപ്പുറപ്പെടില്ലെന്ന് കരുതി ക്രൈസ്തവരോട് എന്തുമാകാമെന്നും വിചാരിക്കരുത്. ഇന്റര്‍നാഷനല്‍ ചളു യൂണിറ്റിന്റെ വകയായി ഏറ്റവും പുതിയതായി ഇറക്കിയിരിക്കുന്ന ട്രോള്‍ ക്രിസ്ത്യാനികളെ മാത്രമല്ല മനസ്സില്‍ നന്മയുള്ള ഏതൊരാളെപോലും പ്രകോപിതനാക്കാന്‍ പര്യാപ്തമാണ്.

യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തെ ഏറ്റവും വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളാണിത്. ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്നതിന്റെ കാരണം പിടി കിട്ടി എന്ന മട്ടിലാണ് ട്രോള്‍ അവതരണം. കത്തോലിക്കര്‍ പരിപാവനവും ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ല് എന്ന് വിശ്വസിക്കുന്നതുമായ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെ ഏറ്റവും നിന്ദ്യവും അപഹാസ്യവുമായിട്ടാണ് ഇവിടെ ട്രോളിയിരിക്കുന്നത്.

കലാപരമായ കൃതികളിലോ സൃഷ്ടികളിലോ ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന ഉദാരനയം സ്വീകരിച്ചുകൊണ്ട് സമചിത്തതയോടെ വേണമെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ നടപ്പുവഴികളില്‍ നിന്ന് മാറിനിന്നുകൊണ്ട് സമീപിക്കുമ്പോള്‍ പോലും ഇത് അതിലും അപ്പുറം ബഹുദൂരം കടന്നുപോയി എന്ന് പറയാന്‍ തെല്ലും മടിക്കുന്നില്ല. ഇതൊരിക്കലും ക്ഷന്ത്യവ്യമായ തെറ്റല്ല. മൂത്രപ്പുരകളിലും പബ്ലിക്ക് ടോയ്‌ലറ്റുകളിലും വികലമനസ്‌ക്കരായ ചിലര്‍ വരച്ചുവയ്ക്കുന്ന ജുഗുപ്ത്സാവഹമായ ചിത്രങ്ങളെക്കാള്‍ താഴെക്കിടയിലായിപോയി ഈ ട്രോള്‍.

international chalu union നെ എത്രയും പെട്ടെന്ന് international care unitല്‍ കയറ്റണം. ഇല്ലെങ്കില്‍ അത് മനുഷ്യവംശത്തിന് തന്നെ അപകടം ചെയ്യും.

You must be logged in to post a comment Login