കേരളത്തിലെ അനാഥാലയങ്ങളെ ബാലനീതി വകുപ്പിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ്?

കേരളത്തിലെ അനാഥാലയങ്ങളെ ബാലനീതി വകുപ്പിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ്?

കഴിഞ്ഞ ദിവസം വിവിധ പത്രമാധ്യമങ്ങളിൽ  വന്ന സാമൂഹ്യ നീതി വകുപ്പിന്റെ  ഒരു പരസ്യം  എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. അതിന്‍റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു “ഒരു നൂറ്റാണ്ടിലേറെയായി നിർധന കുടുംബങ്ങളില്‍ നിന്നുളള  ആയിരക്കണക്കിന് കുട്ടികളെ വളർത്തിവലുതാക്കിയ  അനാഥാലയങ്ങളെയും ബാലമന്ദിരങ്ങളെയും  ബാല നീതി വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു.”    ഇതിലെന്താണിത്ര അപാകത എന്ന് ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ സംശയിച്ചേക്കാം. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നവരെ സംബന്ധിച്ച് ഇതൊരു നിസ്സാരപ്രശ്നമല്ല.

മാതാപിതാക്കളുടെ സാമിപ്യം അന്യമായി പോയ അനേകം കുഞ്ഞുങ്ങളുടെ ആത്മനൊമ്പരങ്ങൾ അടുത്തറിയാൻ കഴിഞ്ഞ എന്നെ ഈ വാർത്ത ഏറെ വേദനിപ്പിച്ചു.അതിന്റെ വെളിച്ചത്തില്‍ ഞാൻ ചില അനുഭവങ്ങള്‍ വിവരിക്കട്ടെ.

അവിചാരിതമായിട്ടായിരുന്നു ഞാൻ  എറണാകുളം ജില്ലയിലെ ആ അനാഥമന്ദിരം സന്ദര്‍ശിക്കാന്‍ ഇടയായത്. (സാങ്കേതിക കാരണങ്ങളാല്‍ ആ സ്ഥാപനത്തിന്‍റെ പേര് നല്കുന്നില്ല)  കന്യാസ്ത്രീകള്‍ മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു അനാഥാലയം.  അവിടെയുള്ളകുറെ കുഞ്ഞുങ്ങളെ കണ്ടു ചോക്ലേറ്റും, പലഹാരങ്ങളും ഒക്കെ വാങ്ങിക്കൊടുത്തു സാമൂഹിക ഉത്തരവാദിത്തം പേരിന് ചെയ്‌തുതീർത്തു പൊടിതട്ടി പോകുന്ന ആൾക്കൂട്ട മനോഭാവത്തോടെ ആണ് ഞാനും അവിടേക്കു ചെന്നത്.  അനാഥരായ, മാതാപിതാക്കളുടെ കരുതലും വാത്സല്യവും അന്യമായിപോയ  ഈ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത് എന്നൊക്കെ ഓർത്തു നിൽക്കുമ്പോഴാണ് പെട്ടന്ന് ഒരു ചോദ്യം എന്റെ ചെവികളിൽ വന്നു പതിച്ചത്…

.”ചേട്ടാ ചേട്ടന്‍ എന്നെ ഒന്ന് എടുക്കാവോ?

നിഷ്കളങ്കത തെല്ലും കളങ്കിതമാകാത്ത ഒരു മാലാഖ കുഞ്ഞിന്റെ ഈ ചോദ്യം മറ്റൊന്ന് മറിച്ചു ചിന്തിക്കാൻ എന്നെ അനുവദിച്ചില്ല… ഏറെ അഭിമാനത്തോട് കൂടി ആ കുഞ്ഞിനെ കോരിയെടുത്തു, ഒരു ജ്യേഷ്ഠസഹോദരന്റെ സ്വതന്ത്ര്യത്തോടെ…. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്. ആ ദിവസം മുഴുവനും അവിടെ ഉണ്ടായിരുന്ന എല്ലാ കുഞ്ഞുങ്ങളോടും സംസാരിച്ചും, അവരുടെ കുഞ്ഞു സ്വപ്നങ്ങള്ക്ക് ചിറകുവെച്ചു നൽകിയും സമയം പോയത റിഞ്ഞില്ല. അങ്ങനെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ തന്ന ആ ഭവനത്തോടും അവിടുത്തെ കുഞ്ഞു മാലാഖമാരോടും തത്ക്കാലത്തേക്കു വിട പറഞ്ഞു. വീണ്ടും വരും എന്ന് വാക്കു നല്കിക്കൊണ്ടായിരുന്നു ആ പടിയിറക്കം. എന്തോ മറ്റനേകരെപോലെ വെറുതെ ഒരിക്കല്‍ മാത്രം വന്നുപോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അന്നു മുതല്‍ ഇന്നുവരെ ഞാന്‍ തുടര്‍ച്ചയായി അവിടം സന്ദര്‍ശിക്കുന്നു. അവിടെ നടക്കുന്ന സേവനങ്ങളെ അതുകൊണ്ടുതന്നെ മറ്റാരെക്കാളും നന്നായി എനിക്കറിയാം.

ഇന്ന് ഞാൻ അവരുടെ സ്വന്തമാണ്, അവരുടെ ചേട്ടനാണ്, അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ എന്ത് ത്യാഗവും ഏറ്റെടുക്കുന്ന, തങ്ങൾക്കു ഏറെ സ്വാതന്ത്ര്യത്തോടെ എന്തും മടി കൂടാതെ ചോദിയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന സ്വന്തം ചേട്ടൻ.

ഇന്ന് അവരുടെ ഓരോരുത്തരുടെയും ജന്മദിനത്തിൽ ജന്മദിനാശംസകൾ പേറി എത്തുന്ന പല വർണ്ണങ്ങളിലുള്ള ബെർത്ഡേയ് കാർഡുകളും, സമ്മാനപൊതികളും അവരുടെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, അവരുടെ ജീവിതത്തിനു പുത്തനുണർവുമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. കേവലം ശമ്പളം വാങ്ങുന്ന ജോലിക്കു അപ്പുറം ഈ കുഞ്ഞുങ്ങളെ നല്ലവരായി വളർത്താൻ ശ്രമിക്കുന്ന നല്ല ശുശ്രുഷകരും ചേർന്നപ്പോൾ ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന സന്തോഷം കുറെ കൂടി മെച്ചപ്പെടുകയാണ് ചെയ്‌തതു.

അവർ പറക്കാൻ പഠിക്കുകയാണ്, സങ്കടങ്ങളുടെ, ഒറ്റപെടലുകളുടെ ഒറ്റ തുരുത്തുകളിൽ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്, തങ്ങളെപോലെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും ചിറകുകൊടുക്കണം എന്ന ലക്ഷ്യം മാത്രം മനസ്സിൽ ഉറപ്പിച്ചുകൊണ്ടു.

എന്നാൽ അനാഥരായ അനേകം കുഞ്ഞുങ്ങളെ കൈപിടിച്ച് ഉയർത്തിയ എല്ലാ നല്ല ഭവനങ്ങളും ഇന്ന്  അതിരൂക്ഷമായി ഒരു പ്രശ്നം നേരിട്ടുക്കൊണ്ടിരിക്കുകയാണ്. അതാണ് മുകളില്‍ സൂചിപ്പിച്ചത്..ഏതാണ്ട് 1200 ബാലമന്ദിരങ്ങളാണ് കേരളത്തിൽ ഉള്ളത്. കേന്ദ്ര സർക്കാരിന്റെ, ആർക്കും ഒരു ഉപകാരവും ഉണ്ടാകാൻ പോകാത്ത പുതിയ പരിഷ്കരണം കാരണം ഏകദേശം 200 ബാലമന്ദിരങ്ങളാണ് അടച്ചുപൂട്ടി കഴിഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മത സംഘടനകൾ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നടത്തികൊണ്ടിരിക്കുന്നവയാണ് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേണ്ടിയുള്ള ഈ ബാലമന്ദിരങ്ങൾ..

ജെ.ജെ ആക്ട് 2:13-14 പ്രകാരം നിയമപരമായി പ്രതിസന്ധിയിലുള്ള കുട്ടികളും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളുമാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്.. വീടും താമസസ്ഥലവുമില്ലാത്തവർ, ബാലവേല, ഭിക്ഷാടനം എന്നിവയിൽ ഏർപ്പെടേണ്ടി വന്നവർ, രക്ഷാകർത്താവോ, സംരക്ഷകനോ ഉപദ്രവിക്കുമെന്നോ, കൊല്ലുമെന്നോ ഉള്ള ഭീതി നേരിടുന്നവർ, ശാരീരിക- മാനസിക വെല്ലുവിളികൾ ഉള്ളവർ, ചികിൽസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ളവർ, ലൈംഗിക ദുരുപയോഗത്തിനിരയായവർ,ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവർ തുടങ്ങി ഗുരുതരമായ,ശാരീരിക,മാനസിക, വൈകാരിക പ്രശ്നങ്ങൾ നേരിടുന്നവരെയാണ്, ജെ.ജെ ആക്ടിന്റെ പരിധിയിൽ ഉള്‍പെടുത്തിയിരിക്കുന്നത്. ഒപ്പം ഇത്തരം കുട്ടികളെ പാർപ്പിക്കാനും, അവരെ സംരിക്ഷിക്കാനും പ്രത്യകം സംരക്ഷണം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾ വേണമെന്നും നിയമം അനുശാസിക്കുന്നു.

എന്നാൽ ഈ വിഭാഗങ്ങളിൽ ഒന്നും പെടാത്തവരാണ് സംസ്ഥാനത്തെ 1200 സ്ഥാപനങ്ങളിലുമുള്ള അമ്പതിനായിരത്തോളം വരുന്ന കുട്ടികൾ. സാമ്പത്തിക ബുദ്ധിമുട്ടും, പഠിക്കാൻ സാഹചര്യങ്ങൾ അനുകൂലവുമല്ലാത്ത , പഠനത്തിന്ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന ഈ അനാഥാലയങ്ങളെയാണ് ജെ.ജെ ആക്ടിന്റെ വരുതിയിൽ തളച്ചിടാൻ ശ്രമിക്കുന്നത്.

ഒരു ബാല നീതി വകുപ്പിന്റെയും സഹായം കൂടാതെ വളരെ അന്തസ്സോടും, അഭിമാനത്തോടും കൂടെയാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. തെരുവിലേക്ക് എറിയപ്പെടേണ്ട കൊച്ചു ജീവിതങ്ങളെയാണ് പൊന്നുപോലെ നോക്കി വളർത്തി, അവരവരുടെ അഭിരുചിക്കു ചേർന്ന മേഖലകളിലേക്കു എന്ത് കഷ്ടപ്പാടും സഹിച്ചും  ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്.  അവരുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്ക്കുന്നത്. ഇത്തരത്തിൽ 20,25 ഉം വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങൾ ആണ് പുതിയ നിയമത്തിന്‍റെ പേരില്‍ അടച്ചുപൂട്ടല്‍‍ ഭീഷണി നേരിടുന്നത്. ഇതിന്‍റെ ഫലമായി സംഭവിക്കുന്നത് പാവപ്പെട്ട കുട്ടികളെ തെരുവുകളിലേക്ക് വലിച്ചെറിയല്‍ മാത്രമാണ്.  ഒരു അധികാരിവര്‌‍ഗ്ഗത്തിന്‍റെയും സാന്പത്തികസഹായം കൊണ്ടല്ല നന്മ നിറഞ്ഞ മനുഷ്യരുടെ കൈയച്ചുള്ള സഹായം കൊണ്ടാണ് ഇവയെല്ലാം നടന്നുപോകുന്നത്.

സ്വന്തം ജീവിതം മുഴുവനും ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി സമർപ്പിച്ചുകൊണ്ട്, ശുശ്രുഷചെയുന്ന ജന്മങ്ങളോടുള്ള വെല്ലുവിളി നേരിടാൻ അവർ ഒറ്റയ്ക്കല്ല എന്ന് അധികാര കസേരയുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന ശോഭയിൽ വിഹരിക്കുന്ന അധികാരവൃന്ദങ്ങൾ ഓർത്താൽ നന്ന്. പാവപെട്ട കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടും, കരുതലോടും നോക്കുന്ന സ്ഥാപനങ്ങളിലെ വ്യക്‌തികളെ  വലിയ കുറ്റകൃത്യം ചെയ്‌ത കൊടും തീവ്രവാദികള്‍ എന്ന മട്ടിലാണ് പലരും കാണുന്നത്. മുട്ടിനു മുട്ടിനു ഈ ഭവനങ്ങളിൽ ഇടിച്ചു കയറി ചെന്ന് ഒരു പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള ചില വ്യക്‌തികളുടെ അഭ്യാസ പ്രകടനങ്ങളും സാധാരണക്കാരായ ഞങ്ങൾ അറിയുന്നുണ്ട്.

സർക്കാരിന്റെ ചാടുവചനങ്ങൾ കേട്ട് ബാലമന്ദിരങ്ങളിൽ സന്ദർശനം നടത്തുന്ന അധികാരികളുടെ എല്ലാ മാസവും നടത്തുന്ന ചോദ്യ കസർത്തുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നല്ല രീതിയിൽ ബാലമന്ദിരങ്ങളെ നടത്തുന്ന വ്യക്‌തികൾ. മൃഗങ്ങൾക്കു മനുഷ്യ ജീവനേക്കാൾ ആദരവും, ബഹുമാനവും,നീതിയും കൽപ്പിച്ചു കൊടുക്കുന്ന കേന്ദ്ര സർക്കാർ തന്നെയാണ് ഇപ്പോൾ അനാഥമന്ദിരങ്ങളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കാൻ ശ്രമിക്കുന്നത് എന്ന വാർത്ത വളരെ സംശയത്തോടുകൂടി മാത്രമേ നോക്കി കാണാൻ സാധിക്കൂ.

കേരളത്തിലെ ഭൂരിഭാഗം ബാലാമന്ദിരങ്ങളും മികച്ച രീതിയിൽ നടത്തികൊണ്ടിരിക്കുന്നത് ന്യുനപക്ഷങ്ങളാണ്.  കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രൈസ്തവസഹോദരി സഹോദരന്മാര്‍. അവരുടെ നിസ്വാര്‍ത്ഥമായ ഈ സേവനങ്ങള്‍ക്ക്  തടയിടത്തക്കവിധത്തിലുള്ള നിയമപരിഷ്ക്കരണങ്ങള്‍ മറ്റൊരുതരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം തന്നെയാണ്. കൃത്യമായ പഠനങ്ങൾ നടത്താതെ, എടുത്തു ചാടി ജെ.ജെ ആക്ട്-ൽ പറയുന്ന തരത്തിൽ ഒരു സ്ഥാപനം നല്ലതു പോലെ നടത്തികാട്ടാതെ ഒരു സുപ്രഭാതത്തിൽ കയറി അങ്ങ് എല്ലാം ശരിയാക്കി തരാം എന്ന് പറയുന്നത് തുഗ്ളക് പരിഷ്കരണത്തിന്റെ ഏറ്റവും ആധുനിക രൂപം ആണ് എന്ന് പറയാതെ തരമില്ല.

കുറ്റകൃത്യങ്ങൾ ചെയുന്ന കുട്ടികളെ പാർപ്പിക്കാൻ അവരുടെ ജീവിതം മെച്ചപെടുത്താൻ പറ്റുന്ന പരിശീലനം കൊടുക്കാൻ പോരുന്ന സ്ഥാപനങ്ങളാണ് വേണ്ടത്. അതിനു ഇത്തരത്തിൽ ഉള്ള കുട്ടികൾക്ക് വേണ്ടി പ്രത്യകം പരിശീലനം കൊടുക്കുന്ന ഒരു സംവിധാനം, കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ ഉണ്ടാക്കി എടുക്കട്ടെ. അതിനു ശേഷം മതി Dec-31ന് അകം എല്ലാ അനാഥമന്ദിരങ്ങളെയും ബാല നീതി വകുപ്പിന്റെ കരാളഹസ്‌തങ്ങളിൽ ചേർക്കണം എന്നുള്ള ഒരു തരം നാണംകെട്ട പിടിവാശി.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്‌ത കുട്ടികളോടുള്ള സ്നേഹ കുറവ് ഉള്ളതുകൊണ്ട്ഒന്നുമല്ല, ഈ നിയമത്തെ ഇത്ര രൂക്ഷമായി എതിർക്കുന്നത്, ഈ കുട്ടികൾ ജീവിതത്തിന്റെ പ്രത്യകസാഹചര്യങ്ങളിൽ തെറ്റിലേക്ക്‌ വലിച്ചെറിയപെട്ടവരാണ്, അതുകൊണ്ടു തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതു തെറ്റാണെന്നും അത് തീര്ത്തിയാൽ മാത്രമേ മുന്നോട്ടു ഉള്ള അവരുടെ ജീവിതം നന്മപ്രദമായി നയിക്കാൻ സാധിക്കു, അതുകൊണ്ടാണ്ട് ഇപ്പോൾ ബാലാമന്ദിരങ്ങളിലുള്ള കുട്ടികളയേയും ജെ.ജെ ആക്ടിന്റെ പരിധിയിൽ വരുന്ന കുട്ടികളെയും ഒരുമിച്ചു കൂട്ടികുഴക്കരുത് എന്ന് വാദിക്കുന്നത്.

ഇപ്പോൾ ബാലമന്ദിരത്തിൽ ഉള്ള കുട്ടികളുടെ ജീവിതത്തിനു തുരങ്കം വച്ച് അവരുടെ ഭാവി നശിപ്പിക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടു Dec-31 ന് കേരളത്തിലെ എല്ലാ അനാഥാലയങ്ങളെയും ബാല നീതി വകുപ്പിന്റെ ഇടുങ്ങിയ ചിന്താഗതികൾ കുത്തിനിറച്ച ഇരുണ്ട മുറിയിൽ തളച്ചിടാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഗോഡ്‌സൺ ജോസഫ് കണ്ണംപ്ലാക്കൽ

You must be logged in to post a comment Login