ജറുസലേം മാറുമ്പോള്‍ ചില ജറുസലേം വിശേഷങ്ങള്‍

ജറുസലേം മാറുമ്പോള്‍ ചില ജറുസലേം വിശേഷങ്ങള്‍

ലോകജനതയുടെ പകുതിയിലധികം വരുന്ന യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും വിശുദ്ധ നഗരമാണ് ജെറുസലെം. ഇടതടവില്ലാത്ത തീര്‍ത്ഥാടക പ്രവാഹമാണ് ഇവിടെ കാണാനിടയായത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ധാരാളം പരാര്‍മശിക്കപ്പെട്ടിട്ടുള്ള ഒരു സ്ഥലമാണ് ജെറുസലെം. വിശുദ്ധ നഗരം, സുവര്‍ണ്ണ നഗരം, സമാധാനത്തിന്റെ നഗരം (നിരപരാധിയായ ഈശോയെ – സമാധാനത്തിന്റെ രാജാവായ ഈശോയെ ക്രൂശിച്ചതിനു ശേഷം സമാധാനം എന്താണെന്ന് ആ ജനത അറിഞ്ഞിട്ടില്ല). ദാവീദിന്റെ പട്ടണം, സിയോന്‍ എന്നിങ്ങനെ പല പേരുകളില്‍ ഇതറിയപ്പെടുന്നു.

5000 വര്‍ഷത്തോളം പഴക്കമുള്ള ഈ പട്ടണം വളരെയധികം പ്രാവശ്യം ആക്രമിക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും പൂര്‍ണമായി നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എ.ഡി 70 ല്‍ റോമാക്കാരും യഹൂദരും തമ്മിലുണ്ടായ യുദ്ധത്തില്‍ ജെറുസലെം പട്ടണം റോമാക്കാര്‍ നശിപ്പിച്ചു. യഹൂദരെ അടിമകളാക്കി പിടിച്ചു ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിച്ചു. ഈ കാലഘട്ടത്തിലാണ് കൊച്ചിയിലും കൊടുങ്ങല്ലൂരിലും യഹൂദര്‍ പ്രവാസികളായി വന്നുചേര്‍ന്നതെന്ന് കേരള സാഹിത്യ ചരിത്രത്തില്‍ പറയുന്നുണ്ട്.

1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായപ്പോള്‍ ഭൂരിഭാഗം യഹൂദരും കേരളും വിട്ടു. ഈശോ ജെറുസലെമിന്റെ പതനത്തെക്കുറിച്ചു പറഞ്ഞത് അക്ഷരംപ്രതി ഫലിച്ചു. ”ഈ ജനത്തിന്റെ മേല്‍ വലിയ ക്രോധം നിപതിക്കും. അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജെറുസലെമിനെ ചവിട്ടിമെതിക്കും.”

ദാവീദിന്റെ തലസ്ഥാനമായിരുന്നതുകൊണ്ടു യഹൂദര്‍ക്കും ഈശോയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അന്ത്യദിനങ്ങള്‍ക്കും വേദിയായതുകൊണ്ട് ക്രൈസ്തവര്‍ക്കും മുഹമ്മദ് നബിയുടെ ജീവിതാന്ത്യത്തില്‍ ജെറുസലെമില്‍ നിന്ന് ബുറാക്ക് എന്ന കുതിരപ്പുറത്തു കയറി സ്വര്‍ഗ്ഗത്തിലേക്കു പോയി എന്ന വിശ്വാസം കൊണ്ടു മുസ്ലിംങ്ങള്‍ക്കും പുണ്യസ്ഥലമാണ് ജെറുസലെം.

ജെറുസലെമിനെ പഴയ ജെറുസലെം എന്നും പുതിയ ജെറുസലെം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പഴയ ജെറുസലെം ഇടുങ്ങിയ വീഥികളും തിരക്കുള്ള കമ്പോളങ്ങളും കൊണ്ടു ജനനിബിഡമാണ്. യഹൂദരും ക്രിസ്ത്യാനികളും അറബികളും അല്‍മേനിയനും മറ്റു വിഭാഗങ്ങളും ഇവിടെയുണ്ട്. നാലു വിഭാഗങ്ങളായിട്ടാണ് പഴയ ജെറുസലെം അറിയപ്പെടുന്നത്. ഇതില്‍ വടക്കുപടിഞ്ഞാറു ഭാഗത്തു ക്രൈസ്തവര്‍ അധിവസിക്കുന്നു.

ക്രൈസ്തവരുടെ പള്ളികളും പല സ്ഥാപനങ്ങളും ഇവിടെ ധാരാളമായി കാണാം. യഹൂദര്‍ തെക്കുകിഴക്കു ഭാഗത്തും അല്‍മേനിയര്‍ തെക്കുപടിഞ്ഞാറു ഭാഗത്തും മുസ്ലിംങ്ങള്‍ വടക്കുകിഴക്കു ഭാഗത്തും താമസിക്കുന്നു. പുണ്യസ്ഥലങ്ങള്‍ അധികവും പഴയ ജെറുസലെമിലാണുള്ളത്. പുതിയ ജെറുസലെം ആസൂത്രണം ചെയ്ത മനോഹരമായിട്ടുള്ള വലിയ പട്ടണമാണ്.

1948 ല്‍ ആയിരുന്നു ഇസ്രായേലിന്റെ രാഷ്ട്രീയ പിറവി. അന്ന് അതിന്റെ തലസ്ഥാനം ടെല്‍ അവീവായിരുന്നു. 1967 ല്‍ ആറു ദിവസത്തെ യുദ്ധത്തിനു ശേഷം ജെറുസലെം പട്ടണം പൂര്‍ണമായി ജോര്‍ദാന്‍ രാജ്യത്തില്‍ നിന്നു പിടിച്ചെടുത്ത ശേഷം ഇസ്രായേലിന്റെ തലസ്ഥാനം ജെറുസലെം ആയി.

ഈശോയുടെ കാലത്തെ ജറുസലെം

യഹൂദര്‍ക്ക് ഒരു ദൈവാലയമേ ഉണ്ടായിരുന്നുള്ളൂ. ആ ദൈവാലയത്തിലാണ് ബലിയര്‍പ്പണം നടത്തിയിരുന്നത്. സിനഗോഗുകളില്‍ വേദപുസ്തക വായന, പ്രസംഗം, പ്രാര്‍ത്ഥന എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബലിയര്‍പ്പണം ഇല്ല. ജറുസലെം ദൈവാലയം നശിപ്പിക്കപ്പെട്ടതിനു ശേഷം ദൈവാലയവും ബലിയര്‍പ്പണവും ഇല്ലാത്ത ഒരു വിശ്വാസ സമൂഹമായി ഇന്ന് അവര്‍ ജീവിക്കുന്നു.
അബ്രഹാം ഇസഹാക്കിനെ ബലികഴിക്കാന്‍ കൊണ്ടുപോയ മോറിയാ മലയിലായിരുന്നു ജറുസലെം ദൈവാലയം സ്ഥിതി ചെയ്തിരുന്നത്.

സോളമന്‍ രാജാവ് ബി.സി 960 ല്‍ ഏഴുവര്‍ഷം കൊണ്ടു പണിത സുന്ദരമായ ദൈവാലയം ബി.സി 597 ല്‍ ബാബിലോണിയക്കാര്‍ നശിപ്പിച്ചു. വീണ്ടും യഹൂദര്‍ ആ ദൈവാലയം പുതുക്കിപണിതുവെങ്കിലും സോളമന്റേതുപോലെ ഭംഗിയായിരുന്നില്ല. ഹെറോദേശിന്റെ കാലത്ത് ബി.സി 20 ല്‍ പണിയാന്‍ തുടങ്ങിയ ദൈവാലയം എ.ഡി 64 ല്‍ ആണ് പൂര്‍ത്തിയായത്. എ.ഡി 70 ല്‍ റോമാക്കാര്‍ ഈ ദൈവാലയം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ നശിപ്പിച്ചു. ദൈവാലയം നശിപ്പിക്കപ്പെടുന്നതിനു മുന്‍പു പെസഹ ആചരിക്കാന്‍ ലക്ഷക്കണക്കിനു യഹൂദര്‍ അവിടെ ഒത്തുകൂടുമായിരുന്നു.

ജറുസലെം ദൈവാലയം നശിച്ചതിനു ശേഷം അവശേഷിച്ച പടിഞ്ഞാറു ഭാഗത്തുള്ള മതിലാണ് വിലാപമതില്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. ഇവിടെ യഹൂദര്‍ തങ്ങളുടെ തല ഭിത്തിയോടു ചേര്‍ത്തുമുട്ടിച്ചു പ്രാര്‍ത്ഥിക്കുന്നതു കാണാം. നഷ്ടപ്പെട്ടുപോയ തങ്ങളുടെ ദൈവാലയവും പിതൃനഗരവും തിരിച്ചുകിട്ടാനുള്ള പ്രാര്‍ത്ഥനയാണത്. ഇന്നും പെസഹ ആചരിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും അവര്‍ അവിടെ ഒത്തുകൂടുന്നുണ്ട്. യഹോവയുടെ സന്നിധിയില്‍ വരുന്നതുപോലെ ഭയഭക്തിയോടുകൂടി പ്രാര്‍ത്ഥിക്കുന്നു. ചെറിയ കുട്ടികള്‍പോലും അവിടെ വേദപുസ്തകം വായിക്കുന്നതു കാണാം. പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ്.
1948 മുതല്‍ 1967 വരെ ജറുസലെം ജോര്‍ദാന്‍ രാജാവിന്റെ അധീനതയിലായിരുന്നു. ആ കാലഘട്ടത്തില്‍ യഹൂദര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. 1967 ല്‍ ഇസ്രായേല്‍ സൈന്യം ജറുസലെം കീഴടക്കിയതോടുകൂടി അവര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചു.

ജറുസലെം ദൈവാലയത്തിന്റെ സ്ഥാനത്ത് ഇന്ന് ഒരു മുസ്ലിം പള്ളിയാണ് നില്‍ക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മുസ്ലിം ദൈവാലയം. അവിടെ ആര്‍ക്കും പ്രവേശനമില്ല. യഹൂദര്‍ അതിന്റെ പരിസരത്തു പോലും പോകാറില്ല.

ജറുസലെം ദൈവാലയം യഹൂദരുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമായിരുന്നു. ദൈവാലയത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍പോലും അവര്‍ ഒരുക്കമായിരുന്നു.
എ.ഡി 66 ല്‍ യഹൂദരും റോമാക്കാരും തമ്മിലുണ്ടായ യുദ്ധം നാലുവര്‍ഷം നീണ്ടുനിന്നു. ചരിത്രകാരനായ ബിഷപ് എവുസേബിയൂസിന്റെ തിരുസഭാ ചരിത്രത്തില്‍ വിശദമായി ആയുധത്തെക്കുറിച്ചു പറയുന്നുണ്ട്. ചെറിയൊരു പ്രദേശമായ ജറുസലെം ആണ് ആ കാലഘട്ടത്തിലെ ലോകത്തിന്റെ വന്‍ ശക്തിയായി വിലസിയിരുന്ന റോമാ സാമ്രാജ്യത്തെ വെല്ലുവിളിച്ചത്.

പീലാത്തോസിനു ശേഷം യഹൂദരെ ഭരിച്ചിരുന്ന ഗവര്‍ണര്‍ ഫ്‌ളോറന്‍സ് ജറുസലെം ദൈവാലയ ഭണ്ഡാരത്തില്‍ നിന്നും 17 സ്വര്‍ണ നാണയങ്ങള്‍ നികുതിയായി ആവശ്യപ്പെട്ടു. യഹൂദര്‍ക്ക് അതു സമ്മതമല്ലായിരുന്നു. അതാണ് യുദ്ധത്തിനു കാരണം.

പീലാത്തോസിന്റെ ഭരണകാലത്തു ജറുസലെമിന്റെ തെക്കു ഭാഗത്തു താമസിച്ചിരുന്ന സാധുക്കളായ ജനങ്ങള്‍ക്കു വെള്ളമെത്തിക്കാന്‍ ഒരു ജലവിതരണ പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. ദൈവാലയ ഖജനാവില്‍ നിന്നു ആ പദ്ധതിക്കുവേണ്ടി പണം പീലാത്തോസ് ആവശ്യപ്പെട്ടു. സാധുക്കളെ പിഴിഞ്ഞെടുക്കുന്ന പണമാണ് ഖജനാവില്‍ ഉള്ളതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുരോഹിതര്‍ എതിര്‍ത്തെങ്കിലും പീലാത്തോസ് അതു കൂട്ടാക്കിയില്ല. അദ്ദേഹം വിചാരിച്ച പദ്ധതി നടപ്പില്‍ വരുത്തി. ആ ഒരു ഭയം ഇവരുടെ മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ പ്രാവശ്യം യുദ്ധത്തിന് ഒരുങ്ങിയത്. പെട്ടെന്നുള്ള ആക്രമണമായിരുന്നു. റോമാക്കാര്‍ ഒരുങ്ങിയിരുന്നില്ല.

അതുകൊണ്ട് ഇവര്‍ ജയിച്ചു. ഉടനെ ഒരു ലക്ഷം റോമന്‍ ഭടന്മാരാണ് സൈന്യാധിപനായ ടൈറ്റസിന്റെ നേതൃത്വത്തില്‍ ജറുസലെം വളഞ്ഞത്. കീഴടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തെങ്കിലും അവര്‍ അതു തള്ളിക്കളഞ്ഞു. റോമാക്കാര്‍ പട്ടണം വളഞ്ഞു. യഹൂദര്‍ പട്ടിണിയിലായി. കൊലയും കവര്‍ച്ചയും നടമാടി. പട്ടിണിമരണം സര്‍വ്വസാധാരണമായി. നരഭോജനം പോലും നടന്നുവെന്നാണ് പറയുന്നത്.

നാലുകൊല്ലം യുദ്ധം നീണ്ടുനിന്നു. ശവശരീരങ്ങള്‍ കുന്നുകൂടി. ദൈവാലയ മതിലുകള്‍ തകര്‍ക്കാന്‍ റോമന്‍ ഭടന്മാര്‍ക്കു സാധിക്കാതെ വന്നപ്പോള്‍ മരം കൊണ്ടുള്ള വാതിലുകള്‍ക്കു തീ കൊളുത്തി. ഒരു പഴുതു തുറന്നു കിട്ടി. ഒരു റോമന്‍ ഭടന്‍ കത്തുന്ന ഒരു പന്തം പരിശുദ്ധമായ സ്ഥലത്തിന്റെ സമീപത്തുള്ള മുറിയിലേക്ക് എറിഞ്ഞു. അവിടെ ശേഖരിച്ചിരുന്ന ഉണക്ക വിറകിനും ഭരണികളില്‍ സൂക്ഷിച്ചിരുന്ന എണ്ണയ്ക്കും തീ പിടിച്ചു. സത്യത്തില്‍ ടൈറ്റസിന് ദൈവാലയം നശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ഈശോയുടെ വാക്കു ഫലിച്ചു. എ.ഡി 70 ല്‍ മറ്റൊരു പെസഹാനാളില്‍ ജറുസലെം ദൈവാലയം തകര്‍ക്കപ്പെട്ടു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഇവര്‍ അടിമകളായി ചിതറിക്കപ്പെട്ടു.

സുവിശേഷങ്ങളില്‍ ജറുസലെമിന്റെ പതനത്തെക്കുറിച്ചു ഈശോ പ്രവചിച്ചതു മാത്രമേ കാണുന്നുള്ളൂ. ജറുസലെമിന്റെ അധഃപതനത്തെക്കുറിച്ച് ഒന്നും എഴുതിക്കാണുന്നില്ല.
ഈശോയുടെ കാലത്തെ പലസ്തീന റോമന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്നെങ്കിലും ജറുസലെം പ്രധാന പുരോഹിതനായ കയ്യഫാസിന്റെയും അദ്ദേഹത്തിന്റെ അമ്മായിഅപ്പനായ അന്നാസിന്റെയും ഭരണത്തിന്‍ കീഴിലായിരുന്നു. കൂടാതെ റോമാക്കാരുടെയും ക്രൂരനായ ഹെറോദേശിന്റെയും കീഴില്‍ പാവപ്പെട്ടവര്‍ വളരെ ക്ലേശിച്ചിരുന്നു. അധികാരവും പണവും പ്രതാപവും ഒത്തുചേര്‍ന്ന പദവിയായിരുന്നു പ്രധാന പുരോഹിതന്റെ പദവി. ഗലീലിയായിലെ ഭരണം ഹെറോദേശിന്റെ കീഴിലായിരുന്നു. പാവപ്പെട്ട മുക്കുവരുടെ ഗ്രാമം. അയാളുടെ അസന്മാര്‍ഗ ജീവിതവും സ്‌നാപകന്റെ മരണവും ജനങ്ങളില്‍ വെറുപ്പുണ്ടാക്കി. ജനങ്ങള്‍ പട്ടിണി കിടന്നു വലയുമ്പോഴും അയാള്‍ സുഖലോലുപനായി പുതിയ പുതിയ കൊട്ടാരങ്ങളില്‍ ആഡംബര ജീവിതം നയിച്ചിരുന്നു.

വിഗ്രഹാരാധന യഹൂദര്‍ക്കു നിഷിദ്ധമായിരുന്നു. പന്നിമാംസം വെറുപ്പായിരുന്നു. ഇതു രണ്ടും റോമാക്കാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് അവര്‍ റോമാക്കാരെയും വെറുത്തിരുന്നു.
ഒരു പാവപ്പെട്ട കുഞ്ഞിനെ ദൈവാലയത്തില്‍ കാഴ്ചവെക്കുമ്പോള്‍ രണ്ടു ചങ്ങാലികളെ സമര്‍പ്പിക്കുന്നതില്‍ ഒന്ന് പ്രധാന പുരോഹിതനുള്ളതായിരുന്നു. കൂടാതെ കാഴ്ചയായി വരുന്ന മറ്റു ബലിമൃഗങ്ങളെയും. ദൈവാലയം കച്ചവടസ്ഥലമായിരുന്നതിനാല്‍ നല്ലൊരു തുക കച്ചവടക്കാരില്‍ നിന്നും ലഭിച്ചിരുന്നു. എല്ലാറ്റിനും കള്ളക്കണക്കുകളും സൂക്ഷിച്ചിരുന്നു. കൂടാതെ ധനികരില്‍ നിന്നും നല്ലൊരു തുക സംഭാവനയായി ദൈവാലയത്തിനു കിട്ടിയിരുന്നു. സാധാരണ പുരോഹിതര്‍ക്കും ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ സ്വാതന്ത്ര്യം കൊടുത്തിരുന്നു.

ഈശോ പരസ്യമായി തന്റെ എല്ലാ പ്രസംഗങ്ങളില്‍ കൂടിയും പ്രവൃത്തികളില്‍ കൂടിയും ഇവരെ വിമര്‍ശിച്ചിരുന്നത് ഇവര്‍ക്കു രസിച്ചിരുന്നില്ല. പല വിപ്ലവകാരികളും അക്കാലത്ത് പലസ്തീനായില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം മിശിഹാ വഴി മോചനം ലഭിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. ആ കാലഘട്ടത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള മേലങ്കി, ക്വോവാദിസ്സ, രാജവീഥി, ബന്‍ഹര്‍, ബറാബാസ് മുതലായ നോവലുകളില്‍ അന്നത്തെ യുവാക്കള്‍ മിശിഹായുടെ വരവിനെ കാത്തിരുന്നവരായിരുന്നു എന്നു കാണാം. മിശിഹായുടെ ദാരുണമായ കുരിശുമരണം അവരെ നിരാശരാക്കി.

ഓരോ യഹൂദന്റെയും ജീവിതത്തിലെ അതിപ്രധാനമായ ജറുസലെം ദൈവാലയത്തെ ഈശോ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈശോയുടെ പരിച്ഛേദനവും ദരിദ്രമായ കാഴ്ചവെപ്പും ജറുസലെം ദൈവാലയത്തില്‍ നടന്നതു നമ്മള്‍ ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ദൈവാലയത്തില്‍ പോകുന്നതും പണ്ഡിതന്മാരുടെ നടുവില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും നമ്മള്‍ വായിക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഈശോയുടെ ജറുസലെമിലേക്കുള്ള രാജകീയ പ്രവേശം, ദൈവാലയ ശുദ്ധീകരണം, ഈശോയുടെ അധികാരം എന്നിവയെല്ലാം സുവിശേഷങ്ങളില്‍ കാണുന്നു. അവസാനം ഈശോയുടെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി കീറപ്പെട്ടതും നമ്മള്‍ കാണുന്നു.

 

You must be logged in to post a comment Login