ഈശോയുടെ മൃതദേഹം മറിയത്തിന്റെ മടിയിൽ കിടത്തുന്നു…!

ഈശോയുടെ മൃതദേഹം മറിയത്തിന്റെ മടിയിൽ കിടത്തുന്നു…!

കുരിശിന്‍റെ വഴിയെ പതിമൂന്നാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയുടെ മൃതദേഹം കുരിശിൽനിന്നിറക്കി കിടത്തുന്നത്‌ അമ്മയായ മറിയത്തിന്റെ മടിത്തട്ടിലാണ്‌. എത്ര കരുത്തുള്ള അമ്മയും ഇടറിപ്പോകുന്ന നിമിഷമാണിത.​‍്‌ എന്നാൽ മറിയമെന്ന ഈ അമ്മ, തനിക്കെല്ലാമായിരുന്ന തന്റെ ഓമന മകന്റെ മൃതശരീരവും മടിയിൽ വഹിച്ച്‌ ശാന്തതയോടെ ഇരിക്കുന്നത്‌ ഞാനിവിടെ കാണുന്നു. ഗബ്രിയേൽ ദൂതനിലൂടെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്ന്‌ ദൈവത്തിന്‌ വാക്കുകൊടുത്ത മറിയം, ആ നിമിഷം മുതൽ ഏതുതരം ജീവിതാനുഭവങ്ങളേയും ഉൾക്കൊള്ളാൻ കഴിവുള്ളവളായി രൂപാന്തരപ്പെട്ടിരുന്നു.

ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലായെന്നും, അതുപോലെ സംഭവിക്കുന്നവയിൽ ഓരോന്നിലും ദൈവത്തിന്റെ ഇടപെടലുണ്ടെന്നും മറിയം അറിഞ്ഞിരുന്നു. അതിനാൽ ഈ അമ്മയ്ക്‌, ഈ നിമിഷത്തിലും, ദൈവത്തോടോ, മറ്റ്‌ മനുഷ്യരോടോ പരാതിയില്ല. പ്രിയപ്പെട്ടവരുടെ വേർപാടിലും, വന്നുചേരുന്ന സഹനാനുഭവങ്ങളിലും എത്രയോപ്രാവശ്യമാണ്‌ ഞാൻ ഇടറിപ്പോയിട്ടുള്ളത്‌…! ദൈവസന്നിധിയിൽ ഞാൻ ഉയർത്തിയിട്ടുള്ള പരാതികൾ എത്രമാത്രമാണ്‌…! ഈശോയെ, നിന്റെ വിശുദ്ധയായ അമ്മയെപ്പോലെ എല്ലാം ദൈവഹിതമായി സ്വീകരിക്കാൻ, നന്മ നഷ്ടമാകാതെ മണ്ണിലെ ജീവിതം പൂർത്തിയാക്കാൻ അനുഗ്രഹം നല്കണമേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login