ഈശോയെ കുരിശിൽ തറയ്ക്കുന്നു…!

ഈശോയെ കുരിശിൽ തറയ്ക്കുന്നു…!

കുരിശിന്‍റെ വഴിയെ പതിനൊന്നാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന പരിഹാസ വാക്കുകളും പ്രഹരവും കഴിഞ്ഞ്‌, അപമാനിതനാക്കി തോളിൽ കുരിശും ചുമത്തി പൊള്ളുന്ന വെയിലത്ത്കൂടി നടത്തിച്ച്‌ മൂന്ന്‌ പ്രാവശ്യം കുഴഞ്ഞുവീണ്‌ ഈശോയിതാ കാൽവരിയിൽ, തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തിചേർന്നിരിക്കുന്നു. വേദനയാൽ പിടയുന്ന ഈശോയെ അവർ കുരിശിൽ കിടത്തുന്നു. അവന്റെ കൈകളിലും കാലുകളിലും നിർദാക്ഷിണ്യം അവർ ആണി തറയ്ക്കുകയാണ്‌. ഭാവനയിൽപോലും ഈ രംഗം കാണാൻ എനിക്ക്‌ പറ്റുന്നില്ല, അത്രമാത്രം ഹൃദയഭേദകമാണീ നിമിഷങ്ങൾ. അപ്പോഴും ഈശോ ശാന്തത കൈവിട്ടിട്ടില്ല, അവന്റെ അധരങ്ങൾ തന്നെ വേദനിപ്പിക്കുന്നവർക്ക്‌ വേണ്ടിയുള്ള ക്ഷമയുടെ പ്രാർത്ഥനാമന്ത്രങ്ങളാണ്‌ ഉരുവിടുന്നത്‌. ഞാനും എന്റെ ഈശോയും തമ്മിലുള്ള അകലം ഞാനിവിടെ കണ്ടെത്തുന്നു; ചെറിയ ഒരു വേദനപോലും എനിക്ക്‌ വലിയ കുരിശാണ്‌, മറ്റുള്ളവരുടെ നിസ്സാരമായ കളിയാക്കലുകളും തമാശകളും തുടങ്ങി അനേക കാര്യങ്ങൾ എനിക്ക്‌ വലിയ മുറിവുകളാണ്‌. ഇനി എപ്പോഴാണ്‌ ഞാൻ ഈശോയേയും ഈശോയുടെ കുരിശിനേയും ബോധപൂർവം ധ്യാനിച്ച്‌ തുടങ്ങുക…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login