ഈശോ കുരിശിൽ മരിക്കുന്നു…!

ഈശോ കുരിശിൽ മരിക്കുന്നു…!

 കുരിശിന്‍റെ വഴിയെ പന്ത്രണ്ടാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഒരു കൊടും കുറ്റവാളിക്ക്‌ കൊടുക്കുന്ന വിധമുള്ള കുരിശുമരണമാണ്‌ ഈശോയ്ക്‌ അവർ കൊടുത്തത്‌. എന്നിട്ടും നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട്‌ ഈശോ മിഴികൾ പൂട്ടി. അവന്റെ അസ്തിത്വത്തെ ഒരുവിധത്തിലുമുള്ള പീഡകൾകൊണ്ടും ആർക്കും ഒരിക്കലും തകർക്കാനാവില്ല എന്ന്‌ മരണനിമിഷത്തിലും ഈശോ കാണിച്ചുതരുന്നു. തന്നെ തന്റെ പിതാവ്‌ ഏൽപിച്ച ഉത്തരവാദിത്വം അണുവിട തെറ്റിക്കാതെ പൂർത്തിയാക്കിയാണ്‌ ഈശോ തിരികെ പോകുന്നത്‌.

അതിനാൽ, ഇനിയും പലതും ചെയ്തുതീർക്കാനുള്ളതിനാൽ സമയം നീട്ടിത്തരണമേ എന്ന്‌ ഈശോയ്ക്ക്‌ ആകുലപ്പെടേണ്ടി വന്നില്ല. സമയബോധത്തോടെ തുടങ്ങിയ യാത്ര ശുഭകരമായി പര്യവസാനിച്ചു. മരണമാണ്‌ മനുഷ്യർക്കെന്നും ഭീതിയുളവാക്കുന്ന കാര്യം. എല്ലാവരും ഒരുനാളിൽ മരിക്കുമെന്നറിയുമ്പോഴും മരണത്തെ ഉൾക്കൊള്ളാൻ ഇനിയും ഞാൻ പഠിക്കേണ്ടിയിരിക്കുന്നു, അതുപോലെതന്നെ ചെയ്യേണ്ട കർമ്മങ്ങൾ വിശുദ്ധിയോടെ പൂർത്തിയാക്കാനും. മരണം ഏത്‌ വിധത്തിലും ഏത്‌ സമയത്തും വന്നുചേർന്നാലും അത്‌ സ്വീകരിക്കാൻ സാധിക്കുന്നത്‌ നന്മയുള്ളവർക്കാണ്‌.

അവർക്ക്‌ ഈശോയെപ്പോലെ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന്‌ പ്രാർത്ഥിച്ച്‌ തിരികെപ്പോകാം. മരണഭയം അവരെ ഒരിക്കലും അസ്വസ്ഥരാക്കില്ല. നല്ല ഈശോയെ, മരിക്കുമ്പോഴാണ്‌ നിത്യതയിൽ ഞാനും ജനിക്കുന്നതെന്ന്‌ എന്നെ പഠിപ്പിക്കണേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login