ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു…!

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു…!

കുരിശിന്‍റെ വഴി ഒന്പതാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇതാ മൂന്നാം പ്രാവശ്യവും വീഴുന്ന ഈശോ. പിതാവ്‌ ഏൽപിച്ച ദൗത്യം പൂർണമാകണമെങ്കിൽ ഇനിയും മുന്നോട്ട്‌ പോയേ തീരൂ… ഒരു രാത്രിമുഴുവൻ നീണ്ടുനിന്ന പ്രഹരത്തിനും നൊമ്പരത്തിനും ശേഷം തുടങ്ങിയ ഈ യാത്രയിൽ വീണില്ലെങ്കിലേ അതിശയമുള്ളൂ.

എന്നിട്ടും അവിടുന്ന്‌ എഴുന്നേൽക്കുകയാണ്‌. എന്തെന്നാൽ ഈ യാത്ര നിർബന്ധമായും പൂർത്തിയാക്കണം എന്ന്‌ അവനറിയാം. ഈശോയെ, ഞാനും എന്റെ ലക്ഷ്യത്തിലേക്ക്‌ നടത്തുന്ന യാത്രകളിൽ ഒരു വട്ടവും രണ്ടുവട്ടവുമൊക്കെ വീണുകഴിയുമ്പോൾ ആ ലക്ഷ്യം തന്നെ വേണ്ടാ എന്ന്‌ തീരുമാനിക്കുന്നത്‌ സ്വാഭാവികമാണ്‌. കാരണം എന്റെ മനസ്സ്‌ മടുത്തു കഴിഞ്ഞു, മറ്റുള്ളവർ എന്നെ കഴിവില്ലാത്തവനായി മുദ്രകുത്തിക്കഴിഞ്ഞു എന്ന്‌ ഞാൻ അറിയുന്നു.

എന്നാലെന്റെ ഈശോയെ ശാരീരികമായി ഇത്രയേറെ തളർന്ന്‌ മൂന്ന്‌ പ്രാവശ്യം വീണിട്ടും എനിക്കുവേണ്ടി നീ തുടർന്ന യാത്രയേ ഓർത്ത്‌ നിനക്ക്‌ ഞാൻ നന്ദി പറയുന്നു. നീ എനിക്കായി ഒരുക്കിയ എന്റെ ജീവിത ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ എന്നെ അനുഗ്രഹിക്കണേ..!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login