ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നു…!

ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നു…!

കുരിശിന്‍റെ വഴിയെ പതിനാലാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

മണ്ണിന്റെ മണമുള്ള പുൽതൊട്ടിയിൽ തുടങ്ങിയ ദൈവപുത്രന്റെ യാത്ര പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ തീരുകയാണ്‌. തുടക്കം മുതൽ ഒടുക്കം വരെ മണ്ണിനോടും ഈ പ്രപഞ്ചത്തോടും ഒപ്പമായി തീർന്ന ദൈവപുത്രൻ. ദൈവപുത്രനായാലും മനുഷ്യനായാലും മണ്ണിലെ യാത്രയുടെ അവസാനം മണ്ണിൽതന്നെ. മരണമാകുന്ന വലിയ മൗനത്തിൽ ഭൂരിപക്ഷവും അവസാനിക്കുമ്പോൾ, ഇവിടെ ഈ ദൈവപുത്രന്‌, തന്റെ പിതാവിന്റെ പക്കലേക്ക്‌ മടങ്ങുന്നതിന്‌ മുൻപ്‌ ഇത്‌ വിശ്രമദിനങ്ങളാണ്‌. മരണത്തിലൂടെ നവമായൊരു ജീവനിലേക്ക്‌ അവൻ കടക്കുകയാണ്‌. ഞാനും ഒരുനാൾ മരണമെന്ന യാഥാർത്ഥ്യത്തിലൂടെ എന്റേയും യാത്രപൂർത്തിയാക്കും, എന്നാൽ ഈശോയെപ്പോലെ ഉത്ഥിതനാകാൻ, മരണത്തിനപ്പുറമുള്ള പിറവിയെ സ്വന്തമാക്കാൻ എനിക്കും സാധിക്കുമോ?

ഇന്നത്തെ എന്റെ ജീവിതമെങ്ങനെയോ, അതുപോലെതന്നെ മരണശേഷവും എന്ന്‌ ഈശോയുടെ ജീവിതം എന്നെ ഓർമ്മിപ്പിക്കുന്നു. അൽപനാളുകൾ മാത്രമുള്ള മണ്ണിലെ ഈ ജീവിതത്തിൽ സംതൃപ്തിയോടെ കഴിയുവാനും, മറ്റുള്ളവർക്ക്‌ സന്തോഷം പകർന്ന്‌ കൊടുക്കാനും അങ്ങനെ, ഈശോയെ, നീ സ്വന്തമാക്കിയ നിത്യത ഞാനും സ്വന്തമാക്കാനും എന്നെയും അനുഗ്രഹിക്കണമേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

സമാപന പ്രാർത്ഥന

സർവചരാചരങ്ങളുടേയും ഉടയവനായ ദൈവമേ, നിന്റെ പ്രിയപ്പെട്ട പുത്രനോടൊപ്പം കുരിശിന്റെ വഴിയിലൂടെ ഒരു യാത്ര നടത്തുവാൻ എനിക്ക്‌ കൃപതന്നതിനെയോർത്ത്‌ അങ്ങേയ്ക്ക്‌ ഞാൻ നന്ദി പറയുന്നു. നല്ല ദൈവമേ, ഇന്ന്‌ ഞാൻ നടത്തിയ ഈ യാത്ര, എന്റെ ആത്മീയ ജീവിതത്തിന്‌ ഏറെ ബലം തരുന്നതാണെന്ന്‌ ബോധ്യമായിരിക്കുന്നു. ഇന്ന്‌ ഞാൻ സ്വന്തമാക്കിയ നന്മകളും ബോധ്യങ്ങളും നഷ്ടമാകാതിരിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങേ പുത്രനിലൂടെ ലോകത്തിനൊരുക്കിയ രക്ഷനുകരുവാൻ എന്നേയും അനുഗ്രഹിച്ചുവല്ലോ. ഇടറിപ്പോയ ജീവിതനിമിഷങ്ങളെ തിരുത്തുവാനും അനുദിന ജീവിതകുരിശെടുത്ത്‌ യഥാർത്ഥ ശിഷ്യനായി നിന്റെ പ്രിയപുത്രനെ നിത്യവും അനുധാവനം ചെയ്യുവാനും എനിക്ക്‌ വീണ്ടും കൃപനൽകണമേ. എന്റെ വിശുദ്ധീകരണത്തിലൂടെ മാത്രമേ ഈ ലോകത്തിനും നവീകരണമുണ്ടാകൂ എന്ന്‌ എന്നെ നിരന്തരം ഓർമ്മിപ്പിക്കണമേ…! ഏറെ ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും ബോധ്യത്തോടെയും തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്ത ഈ ജീവിതയാത്രയിലൂടെ ലഭ്യമായ ഉൾവെളിച്ചം അണഞ്ഞുപോകാതിരിക്കാൻ നന്മയായ ദൈവമേ വീണ്ടും നിൻ കൃപയേകണമേ…!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ, സ്തുതിയും ആരാധനയും പുകഴ്ചയും എന്നുമുണ്ടായിരിക്കട്ടെ… ആമ്മേൻ

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

മനസ്താപ പ്രകരണം

എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിലും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാൽ പൂർണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും, സ്വർഗത്തെ നഷ്ടപ്പെടുത്തി നരകത്തിന്‌ അർഹനായി (അർഹയായി) തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും, മേലിൽ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കുവാനും ഞാൻ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. ആമേൻ.

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login